Kerala
ധാതുസമ്പത്തിന്‍മേല്‍ അധികാരം സ്ഥാപിക്കാന്‍ കേന്ദ്ര ശ്രമം; കേരളത്തിനായി പ്രഖ്യാപിച്ച ധാതു ഇടനാഴി പരിശോധിക്കണമെന്ന് മന്ത്രി പി രാജീവ്
സംസ്ഥാനത്തിന്റെ വിലപ്പെട്ട ധാതുസമ്പത്തിന്മേല്‍ അധികാരം സ്ഥാപിക്കാനാണോ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന കാര്യത്തില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് മന്ത്രി
തിരുവനന്തപുരം | കേന്ദ്ര ബജറ്റില്‍ കേരളത്തിനായി ആകെ പ്രഖ്യാപിച്ച ധാതു ഇടനാഴിയില്‍ സംശയം പ്രകടിപ്പിച്ച് വ്യവസായ മന്ത്രി പി രാജീവ്. സംസ്ഥാനത്തിന്റെ വിലപ്പെട്ട ധാതുസമ്പത്തിന്മേല്‍ അധികാരം സ്ഥാപിക്കാനാണോ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന കാര്യത്തില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. നിര്‍മ്മാണ മേഖലയില്‍ ഏറെ ആവശ്യക്കാരുള്ള നമ്മുടെ അപൂര്‍വ്വ ധാതുക്കളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.ധാതുക്കളുടെ വില്‍പനയില്‍ കേന്ദ്രത്തിന് നേരിട്ട് അധികാരം നല്‍കുന്ന തരത്തിലുള്ള നിയമഭേദഗതികള്‍ ഇതിന്റെ ഭാഗമാണോ എന്ന് പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ജനുവരി 29-ലെ കേരള ബജറ്റില്‍ വിഴിഞ്ഞം മുതല്‍ ചവറ വരെ ഒരു ധാതു ഇടനാഴി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ഇതിന് പിന്നാലെ കേന്ദ്രം സമാനമായ പദ്ധതി കൊണ്ടുവരുന്നത് ദുരൂഹമാണെന്നും മന്ത്രി പറഞ്ഞു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ്, അതിവേഗ റെയില്‍ ഇടനാഴി എന്നിവയിലൊന്നും കേരളത്തെ പരിഗണിച്ചില്ല. പുതുതായി പ്രഖ്യാപിച്ച ഏഴ് ഹൈസ്പീഡ് റെയില്‍ ഇടനാഴികളിലും കേരളമില്ല.
എയിംസിന്റെ കാര്യത്തില്‍ കേന്ദ്രം പറഞ്ഞ എല്ലാ നിബന്ധനകളും കേരളം അനുസരിച്ചിട്ടും സംസ്ഥാനത്തിന് ഒന്നും ലഭിച്ചില്ല. എയിംസിനായി കോഴിക്കോട് കിനാലൂരില്‍ വ്യവസായ വകുപ്പിന്റെ ഭൂമി വിട്ടുനല്‍കുകയും എല്ലാ നടപടികളും പൂര്‍ത്തിയാക്കുകയും ചെയ്തിട്ടും ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്നും മന്ത്രി പി രാജീവ് പറഞ്ഞു





