Connect with us

Union Budget 2026

നികുതിദായകർക്ക് ആശ്വാസം; പുതിയ ആദായ നികുതി നിയമം ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിലും വിദേശയാത്രകൾക്കുള്ള നികുതിയിലും വിദേശ ആസ്തികൾ വെളിപ്പെടുത്തുന്നതിലും വലിയ മാറ്റങ്ങൾ

Published

|

Last Updated

ന്യൂഡൽഹി |  സാധാരണക്കാരായ നികുതിദായകർക്ക് വലിയ ആശ്വാസവും ഇളവുകളും നൽകുന്ന സമഗ്രമായ നികുതി പരിഷ്കാരങ്ങൾ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിലും വിദേശയാത്രകൾക്കുള്ള നികുതിയിലും വിദേശ ആസ്തികൾ വെളിപ്പെടുത്തുന്നതിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. 2026 ഏപ്രിൽ ഒന്ന് മുതൽ രാജ്യത്ത് പുതിയ ആദായനികുതി നിയമം നിലവിൽ വരുമെന്നും ഇതിലൂടെ നികുതി ഘടന കൂടുതൽ ലളിതവും ആധുനികവുമാകുമെന്നും മന്ത്രി വ്യക്തമാക്കി.

സാധാരണക്കാർക്ക് വലിയ ഗുണകരമാകുന്ന ഒന്നാണ് വിദേശ ടൂർ പാക്കേജുകൾക്കുള്ള ടി സി എസ് നിരക്കിലെ കുറവ്. മുൻപ് അഞ്ച് ശതമാനം, 20 ശതമാനം എന്നിങ്ങനെയായിരുന്ന നിരക്ക് ഇപ്പോൾ എല്ലാ പരിധികളും ഒഴിവാക്കി രണ്ട് ശതമാനമായി നിശ്ചയിച്ചു. വിദേശത്തുള്ള പഠന ആവശ്യങ്ങൾക്കും ചികിത്സാ ആവശ്യങ്ങൾക്കുമായി പണം അയക്കുമ്പോൾ നൽകേണ്ട ടി സി എസ് അഞ്ച് ശതമാനത്തിൽ നിന്ന് രണ്ട് ശതമാനമായും കുറച്ചിട്ടുണ്ട്. ഇത് പ്രവാസി കുടുംബങ്ങളുടെയും വിദേശത്ത് പഠിക്കുന്ന കുട്ടികളുടെയും സാമ്പത്തിക ഭാരം ലഘൂകരിക്കും.

റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഐ ടി ആർ 1 , ഐ ടി ആർ 2 എന്നിവ സമർപ്പിക്കേണ്ടവർക്ക് ജൂലൈ 31 വരെ സമയം തുടരും. എന്നാൽ ഓഡിറ്റിംഗ് ആവശ്യമില്ലാത്ത ബിസിനസ് സ്ഥാപനങ്ങൾക്കും ട്രസ്റ്റുകൾക്കും ഓഗസ്റ്റ് 31 വരെ റിട്ടേൺ ഫയൽ ചെയ്യാം. കൂടാതെ, പിഴവുകൾ തിരുത്തി റിട്ടേൺ സമർപ്പിക്കാനുള്ള സമയം എല്ലാ വർഷവും മാർച്ച് 31 വരെ നീട്ടി. ചെറിയ ഫീസ് നൽകി ഈ സേവനം പ്രയോജനപ്പെടുത്താം. നികുതി നിർണയ നടപടികൾ ആരംഭിച്ചതിന് ശേഷവും 10 ശതമാനം അധിക നികുതി നൽകി റിട്ടേൺ പുതുക്കി സമർപ്പിക്കാനും ഇനി മുതൽ സാധിക്കും.

മോട്ടോർ വാഹന അപകട ക്ലെയിം ട്രിബ്യൂണൽ അനുവദിക്കുന്ന നഷ്ടപരിഹാര തുകയുടെ പലിശയെ പൂർണ്ണമായും ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയത് മറ്റൊരു പ്രധാന തീരുമാനമാണ്. ഇതിന്മേൽ ഇനി മുതൽ ടി ഡി എസ് ഈടാക്കില്ല. ചെറുകിട നിക്ഷേപകർക്ക് ആശ്വാസമായി 15 ജി , 15 എച്ച് ഫോമുകൾ സി ഡി എസ് എൽ, എൻ എസ് ഡി എൽ എന്നിവ വഴി നേരിട്ട് കമ്പനികൾക്ക് നൽകാൻ സംവിധാനമൊരുക്കും. ഇത് അനാവശ്യമായി ടി ഡി എസ് പിടിക്കുന്നത് ഒഴിവാക്കും.

വിദേശത്തുള്ള ആസ്തികൾ വെളിപ്പെടുത്തുന്നതിനായി ആറ് മാസത്തെ പ്രത്യേക ജാലകം അനുവദിക്കും. ഒരു കോടി രൂപ വരെയുള്ള വെളിപ്പെടുത്താത്ത ആസ്തികൾക്ക് 60 ശതമാനം നികുതിയും പിഴയും നൽകി നിയമവിധേയമാക്കാം. അഞ്ച് കോടി രൂപ വരെയുള്ള വെളിപ്പെടുത്തിയ വരുമാനത്തിൽ നിന്നുള്ള ആസ്തികൾക്ക് ഒരു ലക്ഷം രൂപ ഫീസ് നൽകി ക്രമപ്പെടുത്താം. നികുതി തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി അപ്പീൽ നൽകുന്നവർ കെട്ടിവെക്കേണ്ട തുക 20 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചു. നിസാരമായ നികുതി കുറ്റകൃത്യങ്ങളെ ക്രിമിനൽ നടപടികളിൽ നിന്ന് ഒഴിവാക്കി പിഴ മാത്രം ഈടാക്കാനും ബജറ്റിൽ നിർദ്ദേശമുണ്ട്.

Latest