Connect with us

International

ബലൂചിസ്താനിലെ ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി

കൊല്ലപ്പെട്ടവരില്‍ 70 പേര്‍ ഭീകരരും 10 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരുമാണെന്ന് പാക് അധികൃതര്‍ സ്ഥിരീകരിച്ചു.

Published

|

Last Updated

ഇസ്‌ലാമാബാദ് | പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഭീകരര്‍ നടത്തിയ ആക്രമണ പരമ്പരിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി. ഇവരില്‍ 70 പേര്‍ ഭീകരരും 10 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരുമാണെന്ന് പാക് അധികൃതര്‍ സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് പ്രവിശ്യയിലെ വിവിധ നഗരങ്ങളെ ലക്ഷ്യമിട്ട് ഭീകരര്‍ ആക്രമണം ആരംഭിച്ചത്. പ്രവിശ്യയിലെ ക്വറ്റ, ഗ്വാദര്‍, മക്രാന്‍, ഹബ്, ചമന്‍, നസീറാബാദ്, നുഷ്‌കി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന ആക്രമണം ഇന്നലെ വൈകി വരെ നീണ്ടു.

പോലീസ് പോസ്റ്റുകള്‍ക്കും ഫ്രോണ്ടിയര്‍ കോര്‍പ്‌സ് നിലയങ്ങള്‍ക്കും നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. സുരക്ഷാ സേനയും പോലീസും സംയുക്തമായി നടത്തിയ പ്രത്യാക്രമണത്തിലാണ് അക്രമിക്കളെ കൊലപ്പെടുത്തിയത്. നിരോധിക്കപ്പെട്ട ഭീകര സംഘടനയായ ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബി എല്‍ എ) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ‘ഓപ്പറേഷന്‍ ഹെറോഫ്’ എന്ന പേരില്‍ തങ്ങള്‍ നടത്തുന്ന പോരാട്ടത്തിന്റെ രണ്ടാം ഘട്ടമാണിതെന്ന് ബി എല്‍ എ വക്താവ് ജീയന്ദ് ബലോച്ച് പറഞ്ഞു.

ഭീകരര്‍ നസീറാബാദില്‍ റെയില്‍വേ ട്രാക്കില്‍ സ്ഥാപിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ സുരക്ഷാ സേന കണ്ടെത്തി നിര്‍വീര്യമാക്കി. ഗ്വാദറില്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെ ഭീകരര്‍ വധിച്ചതായും റിപോര്‍ട്ടുണ്ട്. നുഷ്‌കിയിലെ ഭീകര വിരുദ്ധ വിഭാഗത്തിന്റെ ആസ്ഥാനം പിടിച്ചെടുത്തതായും ഫ്രോണ്ടിയര്‍ കോര്‍പ്‌സ് കേന്ദ്രങ്ങള്‍ ആക്രമിച്ചതായും ഭീകരര്‍ അവകാശപ്പെട്ടു. എന്നാല്‍, പാക് അധികൃതര്‍ ഈ അവകാശവാദങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

 

Latest