Business
ജൂണിൽ മൊത്തം ജിഎസ്ടി പിരിവ് 6.2 ശതമാനം വർധിച്ചു
ജൂണിൽ മൊത്തം കേന്ദ്ര ജിഎസ്ടി വരുമാനം 34,558 കോടി രൂപയും, സംസ്ഥാന ജിഎസ്ടി വരുമാനം 43,268 കോടി രൂപയും, ഇന്റഗ്രേറ്റഡ് ജിഎസ്ടി ഏകദേശം 93,280 കോടി രൂപയുമാണ്.

ന്യൂഡൽഹി | ജൂണിൽ മൊത്തം ജിഎസ്ടി പിരിവ് 6.2 ശതമാനം വർധിച്ച് 1.84 ലക്ഷം കോടി രൂപയായി ഉയർന്നതായി കേന്ദ്ര സർക്കാർ. കഴിഞ്ഞ വർഷം ഇതേ മാസത്തെ മൊത്തം ജിഎസ്ടി പിരിവ് 1,73,813 കോടി രൂപയായിരുന്നു.
കഴിഞ്ഞ മാസം ചരക്ക് സേവന നികുതി (ജിഎസ്ടി) പിരിവ് 2.01 ലക്ഷം കോടി രൂപയായിരുന്നു. ഈ വർഷം ഏപ്രിലിൽ ജിഎസ്ടി പിരിവ് റെക്കോർഡ് നിലവാരമായ 2.37 ലക്ഷം കോടി രൂപയിലെത്തിയിരുന്നു.
ജൂണിൽ, ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള മൊത്തം വരുമാനം 4.6 ശതമാനം വർധിച്ച് ഏകദേശം 1.38 ലക്ഷം കോടി രൂപയായി. ഇറക്കുമതിയിൽ നിന്നുള്ള ജിഎസ്ടി വരുമാനം 11.4 ശതമാനം വർധിച്ച് 45,690 കോടി രൂപയായി.
ജൂണിൽ മൊത്തം കേന്ദ്ര ജിഎസ്ടി വരുമാനം 34,558 കോടി രൂപയും, സംസ്ഥാന ജിഎസ്ടി വരുമാനം 43,268 കോടി രൂപയും, ഇന്റഗ്രേറ്റഡ് ജിഎസ്ടി ഏകദേശം 93,280 കോടി രൂപയുമാണ്. സെസ്സിൽ നിന്നുള്ള വരുമാനം 13,491 കോടി രൂപയായിരുന്നു.
അതേസമയം, ഈ മാസം മൊത്തം റീഫണ്ടുകൾ 28.4 ശതമാനം വർധിച്ച് 25,491 കോടി രൂപയായി. അറ്റ ജിഎസ്ടി പിരിവ് ഏകദേശം 1.59 ലക്ഷം കോടി രൂപയായിരുന്നു, ഇത് മുൻവർഷത്തെ അപേക്ഷിച്ച് 3.3 ശതമാനം വർധന രേഖപ്പെടുത്തി.