Kerala
ചിത്രം പകര്‍ത്തിയതിന് പോലീസ് ഉദ്യോഗസ്ഥനെതിരെ ഭീഷണി; ടിപ്പര്‍ ഡ്രൈവര്‍ അറസ്റ്റില്‍
തിരുവല്ല നെടുംപുറം അമിച്ചകരി വളക്കോട്ട് വീട്ടില്‍ കെ ടി രാജേഷ് (48) ആണ് പിടിയിലായത്.

തിരുവല്ല | യൂണിഫോം ഇടാതെയും സിഗ്നല്‍ തെറ്റിച്ചും ടിപ്പര്‍ ഓടിച്ചതിന്റെ ചിത്രം പകര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരേ ഭീഷണിയും അസഭ്യവര്‍ഷവും നടത്തിയ ഡ്രൈവര്‍ അറസ്റ്റില്‍. തിരുവല്ല നെടുംപുറം അമിച്ചകരി വളക്കോട്ട് വീട്ടില്‍ കെ ടി രാജേഷ് (48) ആണ് പിടിയിലായത്.
അസഭ്യം വിളിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനും പ്രതിക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തിരുന്നു. ട്രാഫിക് എസ് ഐയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവല്ല പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് സന്തോഷ് ആണ് കേസെടുത്തത്.
മുത്തൂര്‍ ജങ്ഷനില്‍ ഗതാഗത നിയന്ത്രണ ഡ്യൂട്ടി ചെയ്ത ട്രാഫിക് യൂണിറ്റിലെ എസ് സി പി ഒ. ബി ശ്രീജിത്തിനെയാണ് പ്രതി ഭീഷണിപ്പെടുത്തിയിത്. ഡ്രൈവര്‍, പോലീസ് ഉദ്യോഗസ്ഥനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് വീഡിയോയില്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.