Connect with us

Kerala

കാളികാവിലെ കടുവയുടെ ആക്രമണം: മരണത്തിനിടയാക്കിയത് കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവും അമിത രക്തസ്രാവവും; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കാളികാവിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം തുടരുകയാണ്.

Published

|

Last Updated

മലപ്പുറം| മലപ്പുറം കാളികാവില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അബ്ദുല്‍ ഗഫൂറിന്റെ മരണകാരണം കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവും അമിത രക്തസ്രാവവുമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിന്റെ പിറകിലും കശേരുക്കളിലും കടുവയുടെ കോമ്പല്ല് കൊണ്ടു ആഴത്തില്‍ കടിയേറ്റിട്ടുണ്ട്. ശരീരമാകെ പല്ലിന്റെയും നഖത്തിന്റെയും പാടുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, കാളികാവിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം തുടരുകയാണ്. കടുവയെ കണ്ടെത്തുന്നതുവരെ ദൗത്യം തുടരുമെന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഉമ ത്യാഗ സുന്ദരം പറഞ്ഞു. പ്രദേശത്തു സ്ഥാപിച്ച കാമറകളില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. വ്യാഴാഴ്ച ആക്രമണമുണ്ടായ പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഇടങ്ങള്‍ കേന്ദ്രീകരിച്ചു കൊണ്ടാണ് ആദ്യ തിരച്ചില്‍. രണ്ടു കുംകികളെയാണ് തിരച്ചിലിനായി ഉപയോഗിക്കുന്നത്. ഇതില്‍ ഒരു ആനയെ ഇന്നലെ കാളികാവില്‍ എത്തിച്ചിരുന്നു. ദൗത്യത്തിന് തെര്‍മല്‍ ഡ്രോണുകളും ഉപയോഗിക്കുമെന്നും ഉമ ത്യാഗസുന്ദരം പറഞ്ഞു.

20 പേര്‍ അടങ്ങുന്ന മൂന്നംഗ സംഘമാണ് ഇന്ന് കാളികാവില്‍ തിരച്ചില്‍ നടത്തുന്നത്. പ്രദേശത്ത് സ്ഥാപിച്ച അമ്പതോളം കാമറകളിലെ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് വരികയാണ്. കടുവയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. അരുണ്‍ സക്കറിയ പറഞ്ഞു. കടുവയെ പിടികൂടുന്നതിനായി രണ്ടുകൂടുകള്‍ ഇന്ന് സ്ഥാപിക്കും. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചാല്‍ ആനകളുമായി ദൗത്യസംഘം കാടുകയറും.

ടാപ്പിംഗ് തൊഴിലാളി ഗഫൂര്‍ ആണ് ഇന്നലെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗഫൂറിനെ കടുവ പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്ന് മറ്റൊരു ടാപ്പിംഗ് തൊഴിലാളിയാണ് പറഞ്ഞത്. ഇന്നലെ പുലര്‍ച്ചെ കാളികാവ് അടക്കാക്കുണ്ടിലാണ് സംഭവം. ജോലി ചെയ്യുന്നതിനിടെ ഗഫൂറിനെ കടുവ ആക്രമിക്കുകയായിരുന്നു.

 

 

Latest