Connect with us

local body election 2025

തൃശൂര്‍: കോര്‍പറേഷന്‍ പിടിക്കാന്‍ ത്രികോണ പോരാട്ടം

കോണ്‍ഗ്രസ്സ് വിമതനായിരുന്ന എം കെ വര്‍ഗീസിന്റെ പിന്തുണയോടെയാണ് ഇടതുപക്ഷം 2020ല്‍ തൃശൂര്‍ കോർപറേഷന്‍ ഭരണം പിടിച്ചത്.

Published

|

Last Updated

തൃശൂര്‍ | കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ കോര്‍റേപഷന്‍ കൗണ്‍സിലില്‍ ഇടതുപക്ഷം നേതൃത്വം നല്‍കിയ ഭരണത്തിന് കാര്യമായ നിലയില്‍ ഭരണപരമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശനം ഇതിനോടകം ജില്ലയില്‍ ശക്തമാണ്. കോണ്‍ഗ്രസ്സ് വിമതനായിരുന്ന എം കെ വര്‍ഗീസിന്റെ പിന്തുണയോടെയാണ് ഇടതുപക്ഷം 2020ല്‍ തൃശൂര്‍ കോർപറേഷന്‍ ഭരണം പിടിച്ചത്.

മേയര്‍ സ്ഥാനത്തിരുന്ന ഇദ്ദേഹം കോര്‍പറേഷനിലെ സി പി ഐ, സി പി എം കൗണ്‍സിലര്‍മാരുമായി നിരന്തരം തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടതും ഭരണത്തിന്റെ കെട്ടുറപ്പിനെ പോലും ബാധിച്ച വിഷയമായിരുന്നു. വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് തൃശൂരിലെ അടിസ്ഥാന സൗകര്യ വികസനം, മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തമായ ദിശാബോധം ഉണ്ടായിരുന്നില്ലെന്ന വിമര്‍ശവും പൊതുസമൂഹത്തില്‍ ശക്തമാണ്. ഇത് ഇടതുപക്ഷത്തിനെതിരായ ജനവികാരം വര്‍ധിപ്പിക്കുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. ഇതിന് പുറമെ മേയറുടെ ബി ജെ പി പ്രേമത്തിനും വില നല്‍കേണ്ടി വരിക ഇടതുപക്ഷമാണ്. ഇങ്ങനെ ഒരു മേയറെ പിന്തുണച്ചതിന് ദുഃഖിക്കേണ്ട സാഹചര്യം ഇപ്പോള്‍ തന്നെ സി പി എം, സി പി ഐ പ്രവര്‍ത്തകര്‍ക്കുമുണ്ട്.

തൃശൂരിലെ രാഷ്ട്രീയ ഭൂപടം പൂര്‍ണമായും മാറ്റിമറിച്ചത് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാർഥി സുരേഷ് ഗോപി നേടിയ അപ്രതീക്ഷിത വിജയമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ പ്രകടനം ആവര്‍ത്തിച്ചാല്‍, അത് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വലിയ ഊര്‍ജം നല്‍കും. ഈ ആത്മവിശ്വാസം എളുപ്പത്തില്‍ വോട്ടാക്കി മാറ്റാന്‍ കഴിയുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ. 2015ലും 2020ലും ആറ് സീറ്റുകള്‍ വീതം നേടി ബി ജെ പി കോര്‍പറേഷനിലെ മൂന്നാം നിര്‍ണായക ശക്തിയായി നിലയുറപ്പിച്ചിരുന്നു. തിരുവനന്തപുരം കോര്‍പറേഷന്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഭരണം പിടിക്കാന്‍ കഴിയും എന്ന് ബി ജെ പി അവകാശപ്പെടുന്ന കോര്‍പറേഷനും തൃശൂരാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുനഃസംഘടിപ്പിച്ച വാര്‍ഡുകളും ഇടതുപക്ഷം ഉള്‍പ്പെടെയുള്ള എല്ലാ മുന്നണികള്‍ക്കും വെല്ലുവിളിയായാണ് മാറിയിരിക്കുന്നത്.

പല സിറ്റിംഗ് കൗണ്‍സിലര്‍മാരുടെയും വാര്‍ഡുകള്‍ മാറിയതോടെ അവര്‍ക്ക് തങ്ങളുടെ സ്വാധീനം പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടിവരും. മാത്രമല്ല, കോര്‍പറേഷന്‍ ഭരണം പിടിക്കാന്‍, ഇനി 56 വാര്‍ഡുകളില്‍ 29 സീറ്റുകള്‍ വേണം. കഴിഞ്ഞ തവണ 24 സീറ്റ് നേടിയ ഇടതുപക്ഷത്തിന് അഞ്ച് സീറ്റുകള്‍ അധികമായി നേടുക എന്നത് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ദുഷ്‌കരമാകും. അത്തരത്തില്‍ ജില്ലയില്‍ ഇടതുപക്ഷം ദുര്‍ബലമാകുമ്പോള്‍ ഭരണവിരുദ്ധ വോട്ടുകള്‍ മുഴുവനായും തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ യു ഡി എഫിന് കഴിഞ്ഞാല്‍ അത് ഇടതിന് വലിയ തിരിച്ചടിയാകും. സ്ഥാനാർഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ തര്‍ക്കങ്ങളും രാജിഭീഷണികളും എല്ലാം ഉണ്ടെങ്കിലും വിജയ സാധ്യത ഇപ്പോഴത്തെ സാഹചര്യത്തില്‍ യു ഡി എഫിന് തന്നെയാണുള്ളത്. ഇടതുപക്ഷത്തോട് എതിര്‍പ്പുള്ള വോട്ടുകള്‍ യു ഡി എഫിനും ബി ജെ പിക്കും ഇടയില്‍ വലിയ രൂപത്തില്‍ വിഭജിക്കപ്പെട്ടാല്‍ മാത്രമാണ് ഇടതുപക്ഷത്തിന് സാധ്യതയുള്ളത്.

Latest