International
വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; രണ്ട് നാഷണൽ ഗാർഡ് അംഗങ്ങൾ കൊല്ലപ്പെട്ടു
വൈറ്റ് ഹൗസിൽ നിന്ന് ഏകദേശം രണ്ട് ബ്ലോക്കുകൾ വടക്ക് പടിഞ്ഞാറ് മാറി 17, എച്ച് സ്ട്രീറ്റുകളുടെ കോണിലാണ് വെടിവെപ്പുണ്ടായത്
വാഷിംഗ്ടൺ | വൈറ്റ് ഹൗസിന് സമീപം ഉണ്ടായ വെടിവെപ്പിൽ രണ്ട് നാഷണൽ ഗാർഡ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. വെസ്റ്റ് വിർജീനിയ ഗവർണർ പാട്രിക് മോറിസി ഇക്കാര്യം സ്ഥിരീകരിച്ചു.
വൈറ്റ് ഹൗസിൽ നിന്ന് ഏകദേശം രണ്ട് ബ്ലോക്കുകൾ വടക്ക് പടിഞ്ഞാറ് മാറി 17, എച്ച് സ്ട്രീറ്റുകളുടെ കോണിലാണ് വെടിവെപ്പുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കും വെടിയേറ്റിട്ടുണ്ടെന്നും എന്നാൽ പരിക്ക് ഗുരുതരമല്ലെന്നുമാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. കൊല്ലപ്പെട്ട നാഷണൽ ഗാർഡ് ഉദ്യോഗസ്ഥരിൽ ഒരാൾക്ക് തലയ്ക്കാണ് വെടിയേറ്റത്.
സംഭവം നടന്ന ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പ്രദേശം പോലീസ് സീൽ ചെയ്യുകയും യു എസ് സീക്രട്ട് സർവീസ്, ബ്യൂറോ ഓഫ് ആൽക്കഹോൾ ടുബാക്കോ ഫയർ ആംസ് ആൻഡ് എക്സ്പ്ലോസീവ്സ് (എ ടി എഫ്) ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. അന്വേഷണവുമായി ബന്ധപ്പെട്ട് ഫെഡറൽ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് ഗവർണർ പാട്രിക് മോറിസി എക്സിലൂടെ അറിയിച്ചു.
ഫ്ലോറിഡയിൽ താങ്ക്സ് ഗിവിംഗ് ആഘോഷത്തിലായിരുന്ന യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംഭവത്തിൽ ശക്തമായി പ്രതികരിച്ചു. നാഷണൽ ഗാർഡ് അംഗങ്ങളെ വെടിവെച്ച “മൃഗം” അതിന് വലിയ വില നൽകേണ്ടി വരുമെന്ന് ട്രംപ് സോഷ്യൽ മീഡിയയായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. താനും പ്രസിഡന്റിന്റെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാവരും സൈനികർക്കൊപ്പം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സെനറ്റ് ന്യൂനപക്ഷ നേതാവ് ചക്ക് ഷൂമറും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി.
കുറ്റകൃത്യങ്ങൾ തടയുന്നതിനായി ട്രംപ് ഭരണകൂടം ആഗസ്റ്റ് മുതൽ ഡി സി പോലീസിനൊപ്പം നാഷണൽ ഗാർഡിനെയും നഗരത്തിൽ വിന്യസിച്ചിരുന്നു. സമീപപ്രദേശങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ പട്രോളിംഗ് നടത്താനും ഹൈവേ ചെക്ക്പോസ്റ്റുകളിൽ പരിശോധന നടത്താനും ഇവരെ നിയോഗിച്ചിട്ടുണ്ട്.




