Uae
കൽബയിൽ പുതിയ മൂന്ന് വികസന പദ്ധതികൾക്ക് തുടക്കം
പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ഫ്രീ സോൺ, കൽബ കോസ്റ്റ് ടൗൺഷിപ്പ്, കൽബ സെന്റർ ഫോർ ഇക്കോളജിക്കൽ റിസർച്ച് എന്നിവയാണ് പുതിയ പദ്ധതികൾ.

ഷാർജ| കൽബയിലെ വികസനത്തിന് ഊന്നൽ നൽകി പുതിയ മൂന്ന് പദ്ധതികൾക്ക് തുടക്കം. പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ഫ്രീ സോൺ, കൽബ കോസ്റ്റ് ടൗൺഷിപ്പ്, കൽബ സെന്റർ ഫോർ ഇക്കോളജിക്കൽ റിസർച്ച് എന്നിവയാണ് പുതിയ പദ്ധതികൾ. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് പദ്ധതികൾ നടപ്പാക്കുന്നത്.
പൊതുജനങ്ങൾക്ക് ഉന്നത നിലവാരത്തിലുള്ള വിനോദ, ടൂറിസം സേവനങ്ങൾ നൽകുക, പുതിയ നിക്ഷേപം കൊണ്ടുവരിക, കൽബയെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ സ്ഥലമാക്കി മാറ്റുക എന്നിവയാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിൽ ഇൻഡസ്ട്രിയൽ പ്രൊജക്ടുകളാണ് നടപ്പാക്കുക. കൂടാതെ, സാമ്പത്തിക, വിനോദ മേഖലകൾക്കും ഊന്നൽ നൽകും.
കൂടാതെ, എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് വേണ്ടി താമസിക്കാനുള്ള സൗകര്യങ്ങളും വിനോദ, കായിക സൗകര്യങ്ങളും ഒരുക്കും.
പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ഫ്രീ സോണിന്റെ നിർമാണം പുരോഗമിക്കുകയാണെന്നും താമസിയാതെ ഇത് പൂർത്തിയാകുമെന്നും അധികൃതർ പറഞ്ഞു. പദ്ധതിയനുസരിച്ച് പുതിയ വീടുകൾ, താമസ സൗകര്യങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, വിനോദ കേന്ദ്രങ്ങൾ, കായിക കേന്ദ്രങ്ങൾ എന്നിവ നിർമിക്കും. ഇത് വികസനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും താമസക്കാർക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്നും അധികൃതർ പറഞ്ഞു.