Connect with us

Pathanamthitta

കേന്ദ്ര ഏജന്‍സികളെ പരവതാനി വിരിച്ച് സ്വീകരിച്ചവര്‍ ഇപ്പോള്‍ നിലവിളിക്കുന്നു: കാനം രാജേന്ദ്രന്‍

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറിക്കാന്‍ ഇ ഡിയെക്കൊണ്ടും എന്‍ഐഎയെക്കൊണ്ടും ബിജെപി സര്‍ക്കാര്‍ ആവുന്ന പരിശ്രമമെല്ലാം നടത്തി.

Published

|

Last Updated

അടൂര്‍ |  കേരളത്തിലെ എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ കെട്ടിച്ചമച്ച കേസ്സുകളുടെ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളെ സ്വീകരിച്ചാനയിക്കാന്‍ പരവതാനി വിരിച്ച കോണ്‍ഗ്രസ്, രാഹുലിനും സോണിയക്കും എതിരെ അന്വേഷണം വന്നപ്പോള്‍ നിലവിളിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഐ അടൂര്‍ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജന്‍സികളായ ഇ ഡി, എന്‍ഐഎ എന്നീ ഭരണഘടന സ്ഥാപനങ്ങളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ അമര്‍ച്ച ചെയ്യാനുള്ള നീക്കം ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നനാള്‍ മുതല്‍ തുടങ്ങിയതാണ്.

മുമ്പ് കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചപ്പോഴും ഇതായിരുന്നു സ്ഥിതി. ഇത് അനീതിയാണെന്ന് ഇടതുപക്ഷ കക്ഷികള്‍ നിരന്തരമായി പറയുന്നതാണ്.  കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറിക്കാന്‍ ഇ ഡിയെക്കൊണ്ടും എന്‍ഐഎയെക്കൊണ്ടും ബിജെപി സര്‍ക്കാര്‍ ആവുന്ന പരിശ്രമമെല്ലാം നടത്തി. അന്ന് കോണ്‍ഗ്രസ്സും യുഡിഎഫും കേന്ദ്ര ഏജന്‍സികള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു. ഇതിനെയെല്ലാം അതിജീവിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയത്.

മതാടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തില്‍ വന്ന ബിജെപി ഗവണ്‍മെന്റിനെതിരെ ചെറുവിരല്‍ അനക്കാത്ത കോണ്‍ഗ്രസ്സ് ആണ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കലാപ ശ്രമം അഴിച്ചുവിട്ടിരിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിന്നാലെ ഹിന്ദുക്കളെയൊന്നാകെ കൊണ്ടുപോകാനുള്ള ശ്രമം ബിജെപി നടത്തുന്നു. ഇതിനായി പൗരാവകാശം നിഷേധിച്ച് ന്യൂനപക്ഷങ്ങളെ ശത്രുപക്ഷത്താക്കി. ബിജെപിയെ നേരിടാന്‍ മറ്റൊരു ആര്‍എസ്എസിനെ സൃഷ്ടിക്കുകയല്ല വേണ്ടത്. മതനിരപേക്ഷ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാകണം ബിജെപിയെയും സംഘപരിവാറിനെയും നേരിടേണ്ടതെന്നും കാനം പറഞ്ഞു.

 

Latest