From the print
ശിക്ഷാ കാലാവധിക്ക് ശേഷവും തടവിലുള്ളവരെ വിട്ടയക്കണം
ശിക്ഷാ കാലാവധി കഴിഞ്ഞവര്‍ മറ്റേതെങ്കിലും കേസുകളില്‍ ജയിലില്‍ക്കഴിയേണ്ട സാഹചര്യമില്ലെങ്കില്‍ ഉടന്‍ വിട്ടയക്കണം.

ന്യൂഡല്‍ഹി | ശിക്ഷാ കാലാവധി പൂര്‍ത്തിയായതിന് ശേഷവും ജയിലില്‍ കഴിയുന്നവരുണ്ടെങ്കില്‍ വിട്ടയക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദേശം. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനു ശേഷവും തടവുകാര്‍ ജയിലില്‍ കഴിയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശിക്ഷാ കാലാവധി കഴിഞ്ഞവര്‍ മറ്റേതെങ്കിലും കേസുകളില്‍ ജയിലില്‍ക്കഴിയേണ്ട സാഹചര്യമില്ലെങ്കില്‍ ഉടന്‍ വിട്ടയക്കണം. സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാര്‍ക്കാണ് ബഞ്ച് നിര്‍ദേശം നല്‍കിയത്. ഉത്തരവ് നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സംസ്ഥാനങ്ങളിലെ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റികള്‍ക്ക് കൈമാറുന്നതിനായി നാഷനല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ മെമ്പര്‍ സെക്രട്ടറിക്ക് അയക്കാനും ബഞ്ച് നിര്‍ദേശിച്ചു.
2002ലെ നിതീഷ് കട്ടാര കൊലപാതകക്കേസില്‍ സുഖ്ദേവ് യാദവിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടുകൊണ്ടാണ് ബഞ്ച് നിര്‍ദേശം നല്‍കിയത്. ഈ വര്‍ഷം മാര്‍ച്ചില്‍ യാദവ് 20 വര്‍ഷത്തെ തടവ് ശിക്ഷ ഇളവ് കൂടാതെ പൂര്‍ത്തിയാക്കിയതായി കോടതി ചൂണ്ടിക്കാട്ടി.