articles
ഇത് ചരിത്രത്തിന്റെ കാവ്യനീതി
ഒരു അനീതിയോടും പകരം വീട്ടാതെ കാലം കടന്നുപോയിട്ടില്ല. ബ്രിട്ടന്‍ മാത്രമല്ല, ഫലസ്തീനിനെ സയണിസ്റ്റുകള്‍ക്ക് ഒറ്റിക്കൊടുക്കുന്നതിന് നേതൃത്വം വഹിച്ച ഫ്രാന്‍സ് അടക്കമുള്ള പടിഞ്ഞാറന്‍ ശക്തികള്‍ ഇസ്‌റാഈല്‍ പക്ഷത്ത് നിന്ന് മാറിച്ചിന്തിച്ചിരിക്കുന്നു. ഫലസ്തീന്‍ എന്നൊരു രാജ്യമേ ഇല്ല എന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ആണയിട്ട് പറയുന്ന ഈ കാലസന്ധിയില്‍ വലിയൊരു രാഷ്ട്രീയ സംഭവവികാസമാണ് ഈ അംഗീകാരം.

കഴിഞ്ഞ ഞായറാഴ്ച സെപ്തംബര്‍ 21ന് ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ ലണ്ടനിലെ എംബസിക്ക് മുന്നില്‍ ഫലസ്തീന്‍ പതാക ഉയര്‍ന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ ഉള്‍പ്പെടെ മുതിര്‍ന്ന ഭരണ, രാഷ്ട്രീയ നേതാക്കളെല്ലാം ചരിത്രനിമിഷത്തിന് സാക്ഷിയാകാന്‍ അവിടെ സന്നിഹിതരായിരുന്നു. സ്റ്റാമര്‍ ലോകത്തോട് പറഞ്ഞതിങ്ങനെ: “മിഡില്‍ ഈസ്റ്റില്‍ കൂടിക്കൂടി വരുന്ന ഭീതിജനകമായ ചുറ്റുപാടില്‍ സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും സാധ്യത നിലനിര്‍ത്തുകയാണ് ഫലസ്തീനിനെ ഔദ്യോഗികമായി അംഗീകരിക്കുന്നതിലൂടെ ഞങ്ങള്‍ ചെയ്യുന്നത്’.
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി കൂപ്പര്‍ക്ക് പറയാനുള്ളത് ഇതുവരെ ആ രാജ്യത്ത് നിന്ന് നമ്മള്‍ കേള്‍ക്കാത്ത വാക്കുകളാണ്: “നമ്മുടെ ഉറ്റ സഖ്യകക്ഷികളുമായി ചേര്‍ന്ന് ഫലസ്തീനിനെ അംഗീകരിക്കാനുള്ള ഇന്നത്തെ ചരിത്രപരമായ തീരുമാനം ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള നമ്മുടെ അചഞ്ചലമായ പ്രതിബദ്ധതയുടെയും സ്വയംനിര്‍ണയാവകാശത്തിനുള്ള ഫലസ്തീനികളുടെ ഒരിക്കലും നഷ്ടപ്പെടാത്ത അവകാശത്തിന്റെയും പ്രതിഫലനമാണ്.’ ബ്രിട്ടീഷ് പാര്‍ലിമെന്റിലെ ആദ്യ ഫലസ്തീന്‍ വംശജയായ അംഗം ലൈല മോറാന്‍ ആ നിമിഷത്തില്‍, ചരിത്രത്തിന്റെ ഇന്നലെകളിലേക്ക് ലോകത്തിന്റെ ശ്രദ്ധ തിരിച്ചുവിട്ടുകൊണ്ട് പറഞ്ഞു: “പതിറ്റാണ്ടുകള്‍ നീണ്ട അനീതി തിരുത്തപ്പെട്ടിരിക്കുന്നു’. ഇതുവരെ ഫലസ്തീനിനെ അംഗീകരിക്കാനോ ഫലസ്തീനികളെ മനുഷ്യരായി കാണാനോ കൂട്ടാക്കാതെ ഇസ്‌റാഈല്‍ എന്ന തെമ്മാടിരാഷ്ട്രത്തെ വിശുദ്ധമണ്ണില്‍ കുടിയിരുത്തുകയും സയണിസ്റ്റ് ഭരണകൂടത്തിന്റെ അറ്റമില്ലാത്ത ക്രൂരതകള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്ത കോളനിവാഴ്ചക്കാരുടെ പിന്‍ഗാമികളുടെ വൈകിയുദിച്ച വിവേകത്തെ വേണ്ടവിധം അടയാളപ്പെടുത്തിയത് ലൈല തന്നെ. സംശയമില്ല. തങ്ങളുടെ മുന്‍ഗാമികള്‍ ചെയ്തുകൂട്ടിയ കൊടിയ അനീതിയും വഞ്ചനയും തിരുത്തുന്നതാണ് സ്റ്റാമര്‍ ഭരണകൂടത്തിന്റെ ഫലസ്തീന്‍ വിഷയത്തിലുള്ള നയപരമായ ദിശാമാറ്റം. ഫലസ്തീന്‍ മണ്ണില്‍ കുരുതികൊടുക്കപ്പെട്ട പതിനായിരക്കണക്കിന് കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും മറ്റു സിവിലിയന്മാരുടെയും രക്തസാക്ഷ്യം കണ്ട് ഞെട്ടി വിറച്ച ലോകത്തിന്റെ മനസ്സാക്ഷിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ത്രാണിയില്ലാത്തത് കൊണ്ടാണ് ഫലസ്തീനികളോട് ലോകചരിത്രത്തിലെ ഏറ്റവും ക്രൂരമായ കൊലച്ചതി ചെയ്ത ബ്രിട്ടനും ഫ്രാന്‍സും എല്ലാത്തിനുമൊടുവില്‍ തെറ്റ് തിരുത്താന്‍ ചില ശ്രമങ്ങള്‍ നടത്തുന്നതെന്ന് ആദ്യമായി മനസ്സിലാക്കുക.
ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനും ഫലസ്തീനികളുടെ അലംഘനീയമായ അവകാശങ്ങളെ കുറിച്ച് ഗീര്‍വാണം മുഴക്കാനും ആവേശം കാട്ടുന്ന ബ്രിട്ടീഷ് ഭരണകൂടം ആദ്യമായി ചെയ്യേണ്ടത് ഫലസ്തീനികളോട് ചെയ്ത ക്രൂരതക്ക് ലോകത്തോട് മാപ്പ് പറയുകയാണ്. 1917 നവംബര്‍ രണ്ടിന് അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ആര്‍തര്‍ ജെയിംസ് ബാള്‍ഫര്‍ പുറപ്പെടുവിച്ച നീണ്ടൊരു വാചകമാണ് കഴിഞ്ഞ 108 വര്‍ഷമായി പശ്ചിമേഷ്യയുടെ ശാന്തി തകര്‍ത്തതും ലോകത്തിന്റെ സ്വാസ്ഥ്യം കെടുത്തിയതും. “ബാള്‍ഫര്‍ പ്രഖ്യാപനം’ (ബാള്‍ഫര്‍ ഡിക്ലറേഷന്‍) എന്ന് പിന്നീട് അറിയപ്പെട്ട ബ്രിട്ടന്റെ തീരുമാനമാണ് ഫലസ്തീനികളുടെ മേല്‍ ജൂതസമൂഹത്തെ അടിച്ചേല്‍പ്പിച്ചതും വംശഹത്യയുടെ പരമ്പരകളിലേക്ക് നയിച്ചതും ഏറ്റവുമൊടുവില്‍ ഗസ്സയെ ശവപ്പറമ്പാക്കി മാറ്റിയതും. എന്തായിരുന്നു ആ പ്രഖ്യാപനം?
“ഫലസ്തീനില്‍ ജൂത ജനതക്ക് ദേശീയ ഭവനം സ്ഥാപിക്കുന്നതിനും ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് അവരുടെ മെച്ചപ്പെട്ട പരിശ്രമങ്ങള്‍ സാധ്യമാക്കുന്നതിനും രാജകുലത്തിന്റെ സര്‍ക്കാര്‍ അനുകൂലമായ തീരുമാനമെടുത്തിരിക്കുന്നു. അവിടെ ജീവിക്കുന്ന ജൂത ഇതര വിഭാഗങ്ങളുടെ സിവിലും മതപരവുമായ അവകാശങ്ങള്‍ ഹനിക്കുന്ന തരത്തിലോ മറ്റു രാജ്യങ്ങളില്‍ ജീവിക്കുന്ന ജൂതര്‍ അനുഭവിക്കുന്ന അവകാശങ്ങള്‍ക്കും രാഷ്ട്രീയ പദവികള്‍ക്കും പ്രതികൂലമാകുന്ന തരത്തിലോ അതാകരുതെന്ന് അസന്ദിഗ്ധമായി വെളിപ്പെടുത്തുന്നു’.
അങ്ങേയറ്റത്തെ കണക്കുകൂട്ടലോടെ, തീര്‍ത്തും സങ്കുചിതമായും പക്ഷപാതപരമായും നടത്തിയ ഒരു ഗൂഢാലോചനയുടെ സൃഷ്ടിയാണ് ഈ രേഖയെന്ന് കാലം തെളിയിച്ചു. പ്രഖ്യാപനത്തില്‍ ഒരിടത്തും ഫലസ്തീനികളുടെ രാഷ്ട്രീയ പദവി പരാമര്‍ശിക്കുന്നില്ല. 1917ല്‍ കേവലം ആറ് ശതമാനം വരുന്ന ജൂത സമൂഹത്തെ കുറിച്ചാണ് “ജൂയിഷ് പീപ്പിള്‍’ എന്ന രാഷ്ട്രീയ സംജ്ഞ പ്രയോഗിച്ചിരിക്കുന്നത്. പ്രഖ്യാപനത്തിലെ 67 വാക്കുകളില്‍ “അറബികള്‍’ എന്നോ “ഫലസ്തീനികള്‍’ എന്നോ ഒരിടത്തും പരാമര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു.
സയണിസത്തിന്റെ ഉപജ്ഞാതാവ് തിയോഡര്‍ ഹെര്‍സലിന്റെ സ്വപ്നത്തിലുള്ള പരമാധികാരവും പൂര്‍ണ സ്വാതന്ത്ര്യവും ഇമിഗ്രേഷന്‍ അധികാരവുമുള്ള രാഷ്ട്രമാണ് അനുവദിച്ചുകൊടുത്തത്. സയണിസ്റ്റ് പ്രസ്ഥാനത്തെ ഭീതിയോടെ കണ്ട ഫലസ്തീനികളുടെ ഉത്കണ്ഠ പതിന്മടങ്ങ് ഇരട്ടിപ്പിക്കുന്നതായി ആ പ്രഖ്യാപനം. അതുവരെ 90 ശതമാനത്തിലേറെ വരുന്ന മുസ്‌ലിംകളും പരമ്പരാഗത വിശ്വാസാചാരങ്ങളുമായി ജൂതരും ജീവിച്ചുപോരുന്ന ഒരു മണ്ണില്‍ ഒരു മഹാവിപത്താണ് തങ്ങള്‍ കൊണ്ടിട്ടിരിക്കുന്നതെന്ന് ബ്രിട്ടീഷുകാര്‍ക്ക് അറിയാമായിരുന്നു.
അമേരിക്കയിലോ ഉഗാണ്ട പോലുള്ള ആഫ്രിക്കന്‍ രാജ്യത്തോ യഹൂദര്‍ക്ക് സ്വന്തമായൊരു ഇടം എന്നതായിരുന്നു തിയോഡര്‍ ഹെര്‍സലിന്റെ സ്വപ്‌നത്തിലുണ്ടായിരുന്നത്. എന്നാല്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓട്ടോമന്‍ തുര്‍ക്കിയുടെ (ഉസ്മാനിയ്യ തുര്‍ക്കി) പരിതാവസ്ഥയും തങ്ങളുടെ സുശക്തമായ സൈനിക സാന്നിധ്യവുമാണ് ഫലസ്തീനിലേക്ക് സയണിസ്റ്റ് പദ്ധതി പരീക്ഷിക്കാന്‍ ബ്രിട്ടീഷ് കോളനിവാഴ്ചക്ക് ധൈര്യം പകര്‍ന്നത്.
സൈക്സ് – പികോ രഹസ്യ കരാര്‍
സയണിസ്റ്റ് സ്ഥാപകന് സാധിക്കാത്തത് അദ്ദേഹത്തിന്റെ ശിഷ്യന്‍ വീസ്മാന് (ചെയിം വീസ്മാന്‍) സാധിച്ചത് ലിയോയ്ഡ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള യുദ്ധകാല സര്‍ക്കാറുമായുള്ള അടുപ്പമാണ്. ബ്രിട്ടീഷ് രാഷ്ട്രീയ പ്രമുഖരെല്ലാം അപ്പോഴേക്കും സയണിസ്റ്റ് അനുഭാവികളോ അനുയായികളോ ആയി മാറിയിരുന്നു. ബൈബിളിന്റെ നാട്ടിലേക്ക് ഹിബ്രുകളെ തിരിച്ചെത്തിക്കാനുള്ള ഭ്രാന്തമായ ആവേശവും ഓട്ടോമന്‍ തുര്‍ക്കിയുടെ ഖബറടക്കം വേഗത്തിലാക്കാനുള്ള മതാന്ധതയും ഇസ്‌റാഈലിന്റെ പിറവിക്കായുള്ള പശ്ചാത്തലമൊരുക്കി. 1915-16 കാലഘട്ടത്തില്‍ മക്കയിലെ ശരീഫ് ഹുസൈന്റെ നേതൃത്വത്തിലുള്ള അറബ് കലാപവും അവര്‍ക്ക് ബ്രിട്ടന്‍ നല്‍കിയ അകമഴിഞ്ഞ സഹായവും ഏത് അനീതിയും പുറത്തെടുക്കാന്‍ കോളനിവാഴ്ചക്കാര്‍ക്ക് ധൈര്യം പകര്‍ന്നു. ഒന്നാം ലോകയുദ്ധത്തിന് തുടക്കമിടാന്‍ നിമിത്തമായത് ആസ്ട്രിയന്‍ രാജകുമാരന്റെ വധമാണെങ്കില്‍ യുദ്ധം അവസാനിച്ചപ്പോള്‍ എല്ലാം നഷ്ടപ്പെട്ടത് തുര്‍ക്കി ഖിലാഫത്തിനായിരുന്നു.
യുദ്ധത്തിന്റെ മുഖ്യലക്ഷ്യം ഖിലാഫത്തിന്റെ വിപാടനമാണെന്ന് ഏത് ചരിത്രവിദ്യാര്‍ഥിക്കും മനസ്സിലാകാവുന്ന, അമ്പരപ്പിക്കുന്ന സംഭവ വികാസങ്ങളാണ് അതിനിടയില്‍ കെട്ടഴിഞ്ഞുവീണത്. അതിന്റെ നടുക്കുന്ന ചിത്രങ്ങളാണ് സ്‌കോട്ട് ആന്‍ഡേഴ്സണ്‍ “ലോറന്‍സ് ഇന്‍ അറേബ്യ’ എന്ന വിഖ്യാത രചനയില്‍ മനോഹരമായി കോറിയിട്ടത്. യുദ്ധവും ചതിയും വഞ്ചനയും പ്രതികാരവുമൊക്കെയായിരുന്നു മുഖ്യ ഇതിവൃത്തം. ഒന്നാം ലോകയുദ്ധത്തിന്റെ പരിസമാപ്തിയില്‍ അന്നത്തെ വന്‍ശക്തികള്‍ കൈകോര്‍ത്തത് ദുര്‍ബല രാജ്യങ്ങളെ വിഹിതം വെച്ചെടുക്കുന്ന വിഷയത്തിലാണ്. അണിയറയില്‍ കുറെ ഗൂഢാലോചനകള്‍ നടന്നു. ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് 1916ല്‍ ഒരു രഹസ്യ കരാറുണ്ടാക്കി; സൈക്സ്- പികോ കരാര്‍ എന്ന പേരില്‍. ഈ കരാര്‍ അനുസരിച്ച് സിറിയ, ഫലസ്തീന്‍ തുടങ്ങിയ പശ്ചിമേഷ്യന്‍ മേഖല ബ്രിട്ടനും ഇറാഖ് ഫ്രാന്‍സും ഭാഗംവെച്ചെടുത്തു. ഇങ്ങനെ ആരോരുമറിയാതെ ഒരു കരാര്‍ ചുട്ടെടുത്തിട്ടുണ്ടെന്നും ബന്ധപ്പെട്ട രാജ്യങ്ങളെ ഇരുട്ടില്‍നിറുത്തിയാണ് ഈ കൊലച്ചതി ചെയ്തിരിക്കുന്നതെന്നുമുള്ള വാര്‍ത്ത പുറത്തുവിട്ടത് റഷ്യന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ലെനിന്‍ ആണ്. ഈ കരാര്‍ മുന്നില്‍വെച്ചാണ് ബാള്‍ഫര്‍, സയണിസ്റ്റുകള്‍ക്ക് ഫലസ്തീന്‍ ദാനം ചെയ്യുന്നത്. 1917 ആയപ്പോഴേക്കും ബ്രിട്ടീഷ് പട്ടാളം ജറൂസലമിന്റെ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞിരുന്നു. പത്രങ്ങള്‍ അച്ചടിച്ചു വിതരണം ചെയ്യാന്‍ അനുവദിക്കാത്തത് കൊണ്ട് ബാള്‍ഫര്‍ പ്രഖ്യാപനത്തെ കുറിച്ച് ഫലസ്തീനികള്‍ ഒന്നുമറിഞ്ഞില്ല. ഈജിപ്ഷ്യന്‍ പത്രങ്ങളില്‍ നിന്നും മറ്റും മെല്ലെ അറിയാന്‍ തുടങ്ങിയപ്പോള്‍ അവര്‍ ഞെട്ടിത്തരിച്ചു.
പ്രവാസികളായ 31 യുവാക്കള്‍ ബ്രിട്ടീഷ് ഭരണകൂടത്തെ ശക്തമായ പ്രതിഷേധം അറിയിച്ചു. “ഈ രാജ്യം ഞങ്ങളുടെ രാജ്യമാണ്’ എന്നാണ് ആ കത്തില്‍ ഓര്‍മിപ്പിച്ചത്. ഫലസ്തീന്‍ ഞങ്ങളുടെ ദേശീയ രാഷ്ട്രമായി മാറി എന്ന സയണിസ്റ്റുകളുടെ ആക്രോശം അവരെ രോഷാകുലരാക്കി. അപ്പോഴേക്കും ഫലസ്തീന്‍ ബ്രിട്ടീഷ് മാന്‍ഡേറ്റിന് കീഴില്‍ വന്നുകഴിഞ്ഞിരുന്നു. അതായത് ഫലസ്തീന്‍ ഏത് ദിശയിലൂടെ ഇനി നീങ്ങണമെന്ന് തീരുമാനിക്കുന്നത് ലണ്ടനില്‍ വെച്ചായിരിക്കും. 1948ല്‍ ഫലസ്തീന്‍ വിഭജിക്കപ്പെടുന്നത് വരെ ബ്രിട്ടീഷ് നിയന്ത്രണം തുടര്‍ന്നു. പക്ഷേ അവര്‍ ജറൂസലം വിട്ട് പോയപ്പോഴും 90 ശതമാനത്തിനു മുകളിലുള്ള ഫലസ്തീനികളെ മറന്നു. ഫലസ്തീന്‍ വിഭജനത്തെ എതിര്‍ത്ത പ്രധാന രാജ്യങ്ങളിലൊന്ന് ഒരു വര്‍ഷം മുമ്പ് സ്വാതന്ത്ര്യം നേടിയ ഇന്ത്യയായിരുന്നു. അതായത് ബാള്‍ഫര്‍ പ്രഖ്യാപനം 108 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഫലസ്തീന്‍ വിഭജിക്കപ്പെട്ടതിന്റെ 77 വര്‍ഷം കഴിഞ്ഞ് ഇംഗ്ലണ്ട് ഫലസ്തീനിനെ അംഗീകരിക്കുന്നുവെന്നത് ഒരു നിര്‍ണായക വഴിത്തിരിവ് തന്നെയാണ്.
81 ശതമാനം രാജ്യങ്ങളുടെ അംഗീകാരം
ഒരു അനീതിയോടും പകരം വീട്ടാതെ കാലം കടന്നുപോയിട്ടില്ല. ബ്രിട്ടന്‍ മാത്രമല്ല, ഫലസ്തീനിനെ സയണിസ്റ്റുകള്‍ക്ക് ഒറ്റിക്കൊടുക്കുന്നതിന് നേതൃത്വം വഹിച്ച ഫ്രാന്‍സ് അടക്കമുള്ള പടിഞ്ഞാറന്‍ ശക്തികള്‍ ഇസ്‌റാഈല്‍ പക്ഷത്ത് നിന്ന് മാറിച്ചിന്തിച്ചിരിക്കുന്നു. ഫലസ്തീന്‍ എന്നൊരു രാജ്യമേ ഇല്ല എന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ആണയിട്ട് പറയുന്ന ഈ കാലസന്ധിയില്‍ വലിയൊരു രാഷ്ട്രീയ സംഭവവികാസമാണ് ഈ അംഗീകാരം. ഗസ്സയില്‍ യുദ്ധവും കൂട്ടക്കൊലയും മരണവും അവസാനിപ്പിക്കാന്‍ സമയമായെന്നും ഫലസ്തീന്‍ ജനതയോട് നീതി കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ യു എന്നിന്റെ പ്രത്യേക സമ്മേളനത്തില്‍ നടത്തിയ പ്രഖ്യാപനം ലോകം സാകൂതമാണ് ശ്രവിച്ചത്. യു എന്നില്‍ ഫലസ്തീനിന് പൂര്‍ണ അംഗത്വ പദവി നല്‍കണമെന്ന സ്പാനിഷ് പ്രധാനമന്ത്രിയുടെ നിര്‍ദേശം സന്തോഷത്തോടെയാണ് എതിരേറ്റത്. 193 യു എന്‍ അംഗരാജ്യങ്ങളില്‍ 157 രാജ്യങ്ങളുടെ അംഗീകാരം നേടിക്കഴിഞ്ഞു. യു കെ, ഫ്രാന്‍സ്, ആസ്ത്രേലിയ, കാനഡ, ബെല്‍ജിയം, പോര്‍ച്ചുഗല്‍, മെക്സിക്കോ തുടങ്ങി 25 രാജ്യങ്ങള്‍ സമീപകാലത്തായി ഫലസ്തീനിനെ അംഗീകരിച്ചതോടെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഫലസ്തീനിന്റെ നില മെച്ചപ്പെടും. എന്നുമാത്രമല്ല, ഇസ്‌റാഈലിന്റെ അധിനിവേശത്തിനും ആക്രമണത്തിനും എതിരെ കൂടുതല്‍ ഉച്ചത്തില്‍ ശബ്ദിക്കാനും സാധിക്കും. അംഗീകരിച്ച രാഷ്ട്രങ്ങളില്‍ പൂര്‍ണ സ്റ്റാറ്റസോടെ ഫലസ്തീന്‍ നയതന്ത്രാലയം തുറക്കാനാകും.
വാണിജ്യ കരാറുകളിലേര്‍പ്പെടാം. അന്താരാഷ്ട്ര വേദികളില്‍ രാജ്യത്തിന് പ്രാതിനിധ്യമുണ്ടാകും. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കാന്‍ സാധിക്കും. എന്നാല്‍ ഭൂരിഭാഗം ലോകരാജ്യങ്ങളും അംഗീകാരം നല്‍കിയത് കൊണ്ട് മാത്രം ഗസ്സയിലെ യുദ്ധം അവസാനിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല. കഴിഞ്ഞ 77 വര്‍ഷമായി തുടരുന്ന സയണിസ്റ്റ് അധിനിവേശത്തിന് അന്ത്യമുണ്ടാകാനും പോകുന്നില്ല. എന്നിരുന്നാലും, എക്കാലവും ലോകാഭിപ്രായത്തെ മാനിക്കാതെ തെമ്മാടിയായി വാഴാമെന്ന ഇസ്‌റാഈലിന്റെ മോഹം നടക്കാനും പോകുന്നില്ല. ഈ വഴിത്തിരിവില്‍ ചരിത്രവും വര്‍ത്തമാനവും ലോകജനതക്ക് കുറെ പാഠങ്ങള്‍ കൈമാറുന്നുണ്ട്. സാമ്രാജ്യത്വ, കോളനി ശക്തികളുടെ കരാളഹസ്തങ്ങളില്‍പ്പെട്ട് സഹിക്കാന്‍ വിധിക്കപ്പെട്ടവര്‍ക്ക് മോചനത്തിന്റെ ഒരു നാള്‍ പുലരുമെന്ന് പ്രതീക്ഷിക്കാന്‍ ഇത് വക നല്‍കുന്നു.