International
ഹൂതി ആക്രമണത്തില്‍ നടുങ്ങി ഇസ്‌റാഈല്‍
തെക്കന്‍ നഗരമായ എയ്ലത്തിലാണ് ഹൂതി ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്

ടെല്‍ അവീവ് | ഹൂതി ആക്രമണത്തില്‍ നടുങ്ങി ഇസ്‌റാഈല്‍. തെക്കന്‍ നഗരമായ എയ്ലത്തിലാണ് ഹൂതി ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. നിരവധി ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഓപ്പറേഷന്‍ നടത്തിയതെന്നും ലക്ഷ്യം വിജയിച്ചെന്നും ഹൂതി വക്താവ് യഹ്യ സാരി അല്‍ജസീറയോട് പറഞ്ഞു.
ഉം അല്‍-റാഷ്റാഷ്, ബിര്‍ അല്‍-സബ എന്നീ സ്ഥലങ്ങളിലെ നിരവധി ഇസ്‌റാഈല്‍ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായല്ല എയ്ലറ്റില്‍ ആക്രമണമുണ്ടാകുന്നതെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞയാഴ്ചയും ഈ പ്രദേശത്തെ ഹൂതികള്‍ ആക്രമിച്ചിട്ടുണ്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഓപ്പറേഷന്‍ നടത്തിയതെന്നും ലക്ഷ്യം വിജയിച്ചെന്നും ഹൂതി വക്താവ് യഹ്യ സാരി അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറയോട് പറഞ്ഞു.
ഇസ്‌റാഈല്‍ നഗരങ്ങള്‍ക്ക് നേരെയുള്ള ഏത് ആക്രമണവും ഹൂതി ഭരണകൂടത്തിന് വേദനാജനകമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. വ്യോമാക്രമണ ഭീഷണിയോട് പ്രതികരിക്കാനുള്ള വഴികള്‍ ആലോചിക്കാന്‍ സൈന്യത്തോട് നെതന്യാഹു ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്‍, ലെബനന്‍, ഗസ എന്നിവിടങ്ങളില്‍ നിന്ന് ഹൂതി തീവ്രവാദികള്‍ പാഠം ഉള്‍ക്കൊണ്ടില്ലെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി ഇസ്‌റാഈല്‍ കാട്സ് പറഞ്ഞു. ഇസ്‌റാഈലിനെ ദ്രോഹിക്കുന്നവര്‍ക്ക് ഏഴിരട്ടി ദ്രോഹം നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്‌റാഈല്‍ ഗാസയില്‍ ആക്രമണം ശക്തമാക്കിയത് മുതല്‍ തന്നെ ഹൂതികള്‍ ഇസ്‌റാഈലിനെതിരെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇസ്‌റാഈലുമായി ബന്ധപ്പെട്ടുള്ള കപ്പലുകള്‍ ചെങ്കടലില്‍ ലക്ഷ്യം വെക്കുന്നതും ഹൂതികള്‍ തുടര്‍ന്നിരുന്നു. ഗാസയില്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചില്ലെങ്കില്‍ ആക്രമണം തുടരുമെന്നാണ് ഹൂതികള്‍ പറയുന്നത്. ഇതിനിടയിലും ഗസയില്‍ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ് ഇസ്‌റാഈല്‍. ഇന്നലെ ഏഴ് സ്ത്രീകളും രണ്ട് കുട്ടികളുമുള്‍പ്പെടെ 85 പേരാണ് കൊല്ലപ്പെട്ടത്.