Uae
മന്ത്രി റീം അൽ ഹാശിമിക്ക് ബിൽ ഗേറ്റ്‌സ് ഫൗണ്ടേഷൻ ആദരം
കുട്ടികളുടെ അതിജീവനത്തിനായുള്ള പ്രവർത്തനങ്ങൾക്കാണ് "ചാമ്പ്യൻ' പദവി

ദുബൈ|കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് യു എ ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാശിമിയെ ബിൽ ഗേറ്റ്‌സ് ആദരിച്ചു. യു എൻ ജനറൽ അസംബ്ലിയോടനുബന്ധിച്ച് ന്യൂയോർക്കിൽ ബിൽ ഗേറ്റ്‌സ് ഫൗണ്ടേഷൻ ആതിഥേയത്വം വഹിച്ച ഗോൾകീപ്പേഴ്സ് പരിപാടിയിലാണ് “ചാമ്പ്യൻ ഫോർ ചിൽഡ്രൻസ് സർവൈവൽ’ എന്ന പദവി നൽകിയാണ് അവരെ ആദരിച്ചത്. വികസ്വര രാജ്യങ്ങളിൽ വിദ്യാഭ്യാസ ലഭ്യത വർധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന ദുബൈ കെയേഴ്‌സിന്റെ ചെയർവുമൺ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്കാണ് റീം അൽ ഹാശിമി ഈ അംഗീകാരത്തിനായി അർഹരായത്.
മുൻ ഫുട്‌ബോൾ താരം ഡേവിഡ് ബെക്കാം, എഴുത്തുകാരൻ ജോൺ ഗ്രീൻ തുടങ്ങിയ പ്രമുഖരെയും ചടങ്ങിൽ ആദരിച്ചു. ഗ്ലോബൽ ഗോൾകീപ്പർ അവാർഡ് സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനാണ് ലഭിച്ചത്. കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിനുള്ള കൂട്ടായ പ്രതിബദ്ധതയിലാണ് ഈ വർഷത്തെ പരിപാടി ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ബിൽ ഗേറ്റ്‌സ് പറഞ്ഞു. എയ്ഡ്‌സ്, ക്ഷയം, മലേറിയ എന്നിവയെ ചെറുക്കുന്നതിനുള്ള ആഗോള ഫണ്ടിലേക്ക് 912 മില്യൺ ഡോളർ നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.