Articles
അന്നും ഇന്നും അവര്‍ വംശഹത്യക്കാര്‍ക്കൊപ്പമാണ്
വാത്മീകി മുതല്‍ കുമാരനാശാന്‍ അടക്കം ലോകത്തെ ഏറ്റവും പുതിയ സാഹിത്യ സൃഷ്ടികള്‍ വരെ, കേവലം വായിക്കുക മാത്രമല്ല അവയെല്ലാം അവഗാഹത്തോടെ പഠിക്കുകയും പല തലമുറകളിലെ ആയിരക്കണക്കിന് കുട്ടികളെ പഠിപ്പിക്കുകയും അവയില്‍ പലതും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുകയും ചെയ്ത ലീലാവതി ടീച്ചര്‍ക്ക് ഒരിക്കലും ഗസ്സയിലെ കുട്ടികളെ മറന്നു കൊണ്ട് തിരുവോണത്തിന് ഉണ്ണാന്‍ കഴിയില്ല. അങ്ങനെ ടീച്ചര്‍ പറഞ്ഞത് ഒരു മഹാ അപരാധമെന്നത്രെ ഈ കടന്നലുകള്‍ കരുതുന്നത്.

“വ്യാപാരമേ ഹനനമാം വനവേടനുണ്ടോ/വ്യാപന്നമായ് കഴുകനെന്നു, കപോതമെന്നും’. കുമാരനാശാന്റെ വീണപൂവിലെ വരികള്‍. വേട്ട തന്നെ തന്റെ തൊഴിലാക്കിയവന് താന്‍ കൊല്ലുന്നത് കഴുകനെയാണോ പ്രാവിനെയാണോ എന്ന വ്യത്യാസമൊന്നുമില്ല. ആദികവി എന്നറിയപ്പെടുന്ന വാത്മീകി തന്റെ ആദ്യവരികള്‍ തന്നെ (മാ നിഷാദാ), ഒരുപക്ഷേ, ലോകത്തിലെ ആദ്യസാഹിത്യം തന്നെ ഇത്തരം വേട്ടകള്‍ക്കെതിരായതാണ്. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്‌റാഈല്‍ എന്ന തെമ്മാടിരാഷ്ട്രം നടത്തുന്നത് കൂട്ടക്കുരുതികള്‍ ആണെന്നതിന് ഒരു പുതിയ വിവരങ്ങളും ആവശ്യമില്ല. ഈ സാഹചര്യത്തില്‍ പതിനായിരക്കണക്കിന് കുട്ടികളെയും സ്ത്രീകളെയും കൊന്നൊടുക്കുന്നത് കാണുമ്പോള്‍ 98 വയസ്സുകാരിയായ മലയാളത്തിന്റെ ഏറ്റവും ധിഷണാശാലിയായ, ഇന്നും ജ്ഞാനത്തെ മൂര്‍ച്ചകൂട്ടിക്കൊണ്ട് മാനവരാശിക്ക് വേണ്ടി ശബ്ദിച്ചുകൊണ്ടിരിക്കുന്ന പ്രൊഫ. എം ലീലാവതി എന്ന സാഹിത്യകാരി അതിനോട് പ്രതികരിക്കുന്നത് ഒരു മഹാപാപമാണെന്ന രീതിയില്‍ അവര്‍ക്കെതിരെ അത്യന്തം ആക്ഷേപകരമായ രീതിയില്‍ സംഘി കടന്നലുകള്‍ നടത്തുന്ന ആക്രമണം കേരളത്തിന് തന്നെ അങ്ങേയറ്റം അപമാനകരമാണ്. മലയാള സാഹിത്യത്തില്‍ ഏറ്റവും ഉന്നതമായ വിതാനത്തില്‍ ഇന്നും പരിലസിക്കുന്ന മാതൃതുല്യയായ അവര്‍ക്കെതിരെ ഇത്തരം ആക്രമണം നടത്തുന്നവരുടെ വിശ്വാസ പ്രമാണങ്ങള്‍ എന്താണ്?
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ചുകൊണ്ട് ഇസ്‌റാഈല്‍ ഗസ്സയില്‍ 2023 ഒക്ടോബര്‍ ഏഴിന് ആരംഭിച്ച വംശഹത്യ ഇന്നും തുടരുകയാണ്. കഴിഞ്ഞ 700ലധികം ദിവസങ്ങളായി നടന്നുവരുന്ന കൂട്ടക്കൊലയില്‍ ഏതാണ്ട് 65,000ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. അവരില്‍ തന്നെയും ഏതാണ്ട് 20,000ത്തോളം കുഞ്ഞുങ്ങളും 10,000ത്തിലധികം സ്ത്രീകളും ഉള്‍പ്പെടുമെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ വെളിപ്പെടുത്തുന്നു. ഗസ്സയിലെ 85 ശതമാനത്തോളം പേരും ഇതിനകം പലായനം ചെയ്തുവെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാനവികതയുടെ എല്ലാ അതിരുകളും ഭേദിച്ചുകൊണ്ട് ഗസ്സയെ “കുട്ടികളുടെ ശ്മശാനമാക്കി’ മാറ്റിയിരിക്കുകയാണ് നെതന്യാഹുവിന്റെ ഭ്രാന്തന്‍ ഭരണകൂടം. ആശുപത്രികള്‍, കുടിവെള്ള വിതരണം, ആംബുലന്‍സ് തുടങ്ങി എല്ലാ അടിസ്ഥാന സേവനങ്ങള്‍ക്കു നേരെയും കടുത്ത ആക്രമണം തുടരുകയാണ്. ചരിത്രത്തില്‍ നാളിതുവരെ കാണാത്ത രീതിയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നേര്‍ക്കുള്ള ആക്രമണം ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സിവിലിയന്മാരെ ലക്ഷ്യമിട്ടുകൊണ്ട് നടത്തുന്ന യുദ്ധത്തിലെ നാശനഷ്ടങ്ങള്‍ രണ്ടാം ലോകയുദ്ധത്തില്‍ ജര്‍മനി അനുഭവിച്ചതിനേക്കാള്‍ വലുതാണെന്ന് യുദ്ധകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഷെല്‍ട്ടര്‍ കേന്ദ്രങ്ങള്‍ ആക്രമിക്കുക, പോയിന്റ് ബ്ലാങ്കില്‍ പുരുഷന്മാരെ വെടിവെച്ചുകൊല്ലുക, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ അക്രമം നടത്തുക, അവരെ അറസ്റ്റ് ചെയ്യുക, ബലാത്സംഗ ഭീഷണി മുഴക്കുക… ഇസ്‌റാഈല്‍ സൈന്യം ഗസ്സയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതകള്‍ വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ സാധിക്കാത്തവിധം കഠോരമാണെന്ന് മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് (അതിര്‍ത്തികള്‍ക്കപ്പുറമുള്ള ഡോക്ടര്‍മാര്‍) എന്ന ഫ്രഞ്ച് സംഘടന അഭിപ്രായപ്പെടുന്നു. ഐക്യരാഷ്ട്രസഭ തന്നെ എത്ര പ്രാവശ്യം ഈ കൂട്ടക്കുരുതിക്കെതിരെ ശബ്ദമുയര്‍ത്തി? ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും ഇപ്പോള്‍ ഫലസ്തീനിനെ അംഗീകരിക്കാന്‍ തയ്യാറായിരിക്കുന്നു, ട്രംപിന്റെ അമേരിക്കയും മെസ്സിയുടെ അര്‍ജന്റീനയും പോലുള്ള ചിലരൊഴിച്ച്. മോദിയുടെ ഇന്ത്യ പിന്താങ്ങിയാലും സംഘികള്‍ക്ക് ഹിംസയെ പിന്തുണക്കാതിരിക്കാനാകില്ല.
ഗസ്സയിലും ഫലസ്തീനില്‍ പൊതുവിലും ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യയെ കണ്ടില്ലെന്ന് നടിക്കാനോ മൗനം പാലിക്കാനോ ആര്‍ക്കും സാധിക്കുകയില്ല. പ്രത്യേകിച്ചും വാത്മീകി മുതല്‍ കുമാരനാശാന്‍ അടക്കം ലോകത്തെ ഏറ്റവും പുതിയ സാഹിത്യ സൃഷ്ടികള്‍ വരെ, കേവലം വായിക്കുക മാത്രമല്ല അവയെല്ലാം അവഗാഹത്തോടെ പഠിക്കുകയും പല തലമുറകളിലെ ആയിരക്കണക്കിന് കുട്ടികളെ പഠിപ്പിക്കുകയും അവയില്‍ പലതും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുകയും വ്യാഖ്യാനിക്കുകയും ചെയ്തുകൊണ്ട് അനേകം പുസ്തകങ്ങള്‍ എഴുതുകയും ചെയ്ത ലീലാവതി ടീച്ചര്‍ക്ക് ഒരിക്കലും ഈ കുട്ടികളെ മറന്നു കൊണ്ട് തിരുവോണത്തിന് ഉണ്ണാന്‍ കഴിയില്ല. അങ്ങനെ ഉണ്ണാന്‍ കഴിയില്ലെന്ന് ലീലാവതി ടീച്ചര്‍ പറഞ്ഞത് ഒരു മഹാ അപരാധമെന്നത്രെ ഈ കടന്നലുകള്‍ കരുതുന്നത്.
ഇവര്‍ എങ്ങനെയാണ് ഇസ്‌റാഈല്‍ ഭക്തരായി മാറിയത്? ചരിത്രം അത്ര പഴയതൊന്നുമല്ല. ഹിറ്റ്‌ലറും മുസ്സോളിനിയും ഇവരുടെ പഴയ നേതാക്കള്‍ക്ക് മഹാന്മാരായിരുന്നു എന്നതൊരു രഹസ്യമല്ല. വംശശുദ്ധിയുടെ പേരില്‍ 60 ലക്ഷത്തിലധികം യഹൂദരെ കൊന്നൊടുക്കിയ, അതിലുമധികം പേരെ അതിക്രൂര പീഡനങ്ങള്‍ക്കിരയാക്കിയ ഭരണകൂടമായിരുന്നല്ലോ ഫാസിസ്റ്റുകളുടെത്. എന്നാല്‍ ഇപ്പോള്‍ ആ കാലത്തെ ഇരകളായിരുന്ന യഹൂദരുടെ പേരില്‍ നടക്കുന്ന മനുഷ്യക്കുരുതിയെ പിന്തുണക്കുന്നു. അതായത് എല്ലാ കാലത്തും ഇവര്‍ വംശഹത്യക്കാര്‍ക്കൊപ്പമാണ്, വേട്ടക്കാര്‍ക്കൊപ്പമാണ് എന്നതാണ് സത്യം. ഇവര്‍ ഹിംസയുടെ വക്താക്കളാണ്.
ഗസ്സയിലെയും ഗുജറാത്തിലെയും അവാച്യമായ ക്രൂരതകളെ കുറിച്ച് പറഞ്ഞാല്‍ ഇവരൊക്കെ എന്തിനാണ് ഹാലിളകുന്നത്? അവിടെയെല്ലാം നടന്ന/നടക്കുന്ന ക്രൂരതകള്‍ അയഥാര്‍ഥമാണോ? ഇവരൊക്കെ കരുതുന്നത് എന്താണ്? എല്ലാ ഹിന്ദു നാമധാരികളും എല്ലാ ഹിന്ദു വിശ്വാസികളും സ്വബോധം നഷ്ടപ്പെട്ട സംഘികളുടെ ഉടമസ്ഥതയിലുള്ളവര്‍ ആണെന്നാണോ?
പക്ഷേ, തങ്ങളുടെ ലക്ഷ്യം വംശഹത്യയെന്നോ ഹിംസയെന്നോ നേരിട്ട് പറയാതെ ഹിന്ദുരാഷ്ട്രവാദം അഥവാ ഹിന്ദുവിന്റെ സംരക്ഷണം എന്നൊക്കെയാണല്ലോ ഇവര്‍ തങ്ങളുടെ ധര്‍മമായി സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്. ഭക്തിയും വിശ്വാസവും പുരാണങ്ങളുമെല്ലാം ഇവര്‍ അതിനു വേണ്ട ആയുധങ്ങളായി ഉപയോഗിക്കുന്നു. ബോധമുദിച്ച നാള്‍ മുതല്‍ കടുത്ത ഈശ്വര വിശ്വാസിയാണ് ലീലാവതി ടീച്ചര്‍ എന്നറിയാന്‍ ഒരു ബുദ്ധിമുട്ടുമില്ല, അവരുടെ ആത്മകഥ വായിച്ചാല്‍ മതി. (അതൊക്കെ വായിക്കാന്‍ സംഘികള്‍ക്കെവിടെ നേരം അല്ലെ?) ടീച്ചര്‍ക്ക് ഭക്തി എന്നത് ആത്മസാക്ഷാത്കരമാണ്. അത് പരസ്‌നേഹത്തിനുള്ള വഴികാട്ടിയാണ്. അത് മനുഷ്യത്വത്തിന്റെ മുദ്രയാണ്. ഇവരെപ്പോലെ കേവലം അടവും തന്ത്രവുമല്ല, ആത്മീയ വിശ്വാസമാണ്.
ഗുരുവായൂര്‍ ദേവസ്വം തന്നെ അവരുടെ ചില പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രശസ്തമായതാണ് “ഭാരതസ്ത്രീ’. പുരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും മഹാകാവ്യങ്ങളിലെയും സ്ത്രീകഥാപാത്രങ്ങളെ എത്ര ഉജ്വലവും ഗഹനവുമായിട്ടാണ് ആ പുസ്തകത്തില്‍ വിലയിരുത്തുന്നത്? ആ പുസ്തകങ്ങളെ പറ്റിയുള്ള ജ്ഞാനം മാത്രമല്ല അസാമാന്യമായ മാനവികതയും അതില്‍ കാണാം. ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പാണ് ഈ ലേഖകന്റെ അയല്‍ക്കാരി കൂടിയായ ടീച്ചറുടെ വീട്ടില്‍ ചെല്ലുമ്പോള്‍ പൂമുഖം നിറയെ വിവിധ പുസ്തകങ്ങള്‍ നിരത്തിവെച്ചു കൊണ്ട് ടീച്ചര്‍ എന്തോ എഴുതുകയാണ്. വാത്മീകിയുടെ രാമായണം പദാനുപദം മലയാളത്തിലേക്ക് തര്‍ജമ ചെയ്യുകയായിരുന്നു 90 വയസ്സുള്ള അവര്‍. പരിഭാഷക്കൊപ്പം സംസ്‌കൃത ലിപിയിലും മലയാളലിപിയിലും സംസ്‌കൃതശ്ലോകം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആ പരിഭാഷ ഒരു പക്ഷേ ഇന്ത്യയില്‍ തന്നെ ഉണ്ടായിട്ടുള്ള ഏറ്റവും മഹത്തായ രാമായണ പരിഭാഷയാണെന്നു പറയം. പക്ഷേ രാമനെ വോട്ടിനും അധികാരത്തിനും വേണ്ടി ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഇക്കൂട്ടര്‍ക്ക് എന്ത് വാത്മീകി, എന്ത് രാമന്‍? ഇതെല്ലാം മനുഷ്യര്‍ വായിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി ഇവരെ സൃഷ്ടിച്ച രാമന്‍ ആരെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടും.
അന്താരാഷ്ട്രീയ കാര്യങ്ങളില്‍ ഇവരുടെ പിടിപാട് അത്രക്കേ ഉള്ളൂ. നാല് മാസം മുമ്പ് വരെ ട്രംപിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ വിമര്‍ശിക്കുന്നവരെ ഇവര്‍ തെറിവിളിക്കുമായിരുന്നു. ഇപ്പോള്‍ ഇവരുടെ കൂടെ ചേര്‍ന്ന് ട്രംപിനെ അസഭ്യം വിളിച്ചില്ലെങ്കില്‍ കടന്നലുകള്‍ നമ്മെ ആക്രമിക്കുമെന്ന നിലയായി. നാളെ ട്രംപ് വീണ്ടും മോദിയുടെ “മൈ ഫ്രണ്ട്’ ആയാല്‍ ഇവര്‍ പ്ലേറ്റ് മാറ്റും. അത്രക്കേയുള്ളൂ ഇവരുടെ രാഷ്ട്രീയം. മഹാകവി വൈലോപ്പിള്ളി പറഞ്ഞതുപോലെ “ഇത്തിരിവട്ടം മാത്രം കാണ്മവര്‍.’