Kerala
എന്‍ എസ് എസ് നിലപാടിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ല: വി ഡി സതീശന്‍
എന്‍ എസ് എസുമായോ എസ് എന്‍ ഡി പിയുമായോ കോണ്‍ഗ്രസ്സിന് ഒരു തര്‍ക്കവുമില്ല

തിരുവനന്തപുരം | സര്‍ക്കാര്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമവുമായി എന്‍ എസ് എസ് സ്വീകരിച്ച ഇടത് അനുകൂല നിലപാടിന് തിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമദൂര സിദ്ധാന്തമാണ് അവരുടേതെന്ന് എന്‍ എസ് എസ് വ്യക്തമാക്കിയിട്ടുണ്ട്. എന്‍ എസ് എസുമായോ എസ് എന്‍ ഡി പിയുമായോ കോണ്‍ഗ്രസ്സിന് ഒരു തര്‍ക്കവുമില്ല.
ശബരിമല വിഷയത്തില്‍ യുഡിഎഫും കോണ്‍ഗ്രസും സ്വീകരിച്ചത് രാഷ്ട്രീയ നിലപാടാണ്. ആ നിലപാടില്‍ മാറ്റമില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ കപട ഭക്തിയുമായി എത്തിയത്. അയ്യപ്പ സംഗമത്തില്‍ അയ്യപ്പന്റെ ഒരു ഫോട്ടോ പോലും ഇല്ലായിരുന്നു. ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് നല്ല ബോധ്യം വിശ്വാസികള്‍ക്കുണ്ട്. അയ്യപ്പ സംഗമത്തില്‍ പല സമുദായ സംഘടനകളും അവരുടെ തീരുമാനങ്ങളെടുത്തു. അത് അവരുടെ സ്വാതന്ത്രമാണ്. ഇതില്‍ തങ്ങള്‍ക്ക് ഒരു വിരോധവുമില്ല. തെരഞ്ഞെടുപ്പുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പ സംഗമത്തില്‍ പോയിരുന്നെങ്കില്‍ പിണറായിയെക്കാള്‍ വലിയ പരിഹാസ്യമായി മാറിയേനെ. അയ്യപ്പ സംഗമത്തില്‍ ഞങ്ങളുടെ തീരുമാനം 100 ശതമാനം ശരി ആയിരുന്നു. ശബരിമലയില്‍ ആചാരലംഘനം നടന്നപ്പോള്‍ ഞങ്ങളേ ഉണ്ടായിരുന്നൊള്ളൂ. എന്ത് വിലകൊടുത്തും ആചാരങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങളായിരുന്നു കൂടെ നിന്നത്. പൊലീസിന്റെ പിന്‍ബലത്തോടെ രണ്ട് സ്ത്രീകളെ ഇരുട്ടിന്റെ മറവില്‍ സര്‍ക്കാര്‍ ശബരിമലയിലെത്തിച്ചു. ലോകം കീഴ്‌മേല്‍ മറിഞ്ഞാലും നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് പറഞ്ഞയാളാണ് പിണറായി വിജയന്‍.
ആചാരലംഘനം നടത്തുന്നത് നവോഥാനമാണെന്ന് പറഞ്ഞു നടന്നു. ഇതെല്ലാം കേരളം കണ്ടതാണ്. അന്നത്തെ നിലപാടില്‍ നിന്ന് എന്തുമാറ്റമാണ് ഇപ്പോള്‍ സര്‍ക്കാറിനുണ്ടായത് എന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. മാറ്റമുണ്ടെങ്കില്‍ സുപ്രിംകോടതിയിലെ സത്യവാങ് മൂലം പിന്‍വലിക്കണം. വിശ്വാസികള്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും സതീശന്‍ പറഞ്ഞു.