Articles
തെമ്മാടിരാഷ്ട്രം ഒറ്റപ്പെടും
ജൂതരാഷ്ട്രത്തെ വംശഹത്യ നടത്താന്‍ പ്രാപ്തമാക്കുന്നതില്‍ ചില രാജ്യങ്ങള്‍ മുന്‍നിരയിലുണ്ടായിരുന്നു. ഒപ്പം ഇസ്‌റാഈലിന്റെ സുരക്ഷയുടെ പേരില്‍, ഫലസ്തീന്‍ ദേശീയ പ്രസ്ഥാനത്തെ തകര്‍ക്കാനും ഫലസ്തീനികളെ കൊലപ്പെടുത്താനും ഇസ്‌റാഈല്‍ സേനയുമായി അവര്‍ സഹകരിക്കുകയുണ്ടായി. ഇസ്‌റാഈലിനെ ചോരക്കൊതിയുള്ള ഒരു രാജ്യമായി വളര്‍ത്തിയെടുക്കുന്നതില്‍ ഈ രാജ്യങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. ഇപ്പോഴവര്‍ മാറിച്ചിന്തിക്കുന്നുവെങ്കില്‍ അതിനെ സ്വാഗതം ചെയ്യേണ്ടതാണ്

ലബനാനിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കമാല്‍ ജംബ്ലാറ്റിന്റെ പ്രസിദ്ധമായ ഒരു വാക്യമുണ്ട്. ലോകത്ത് നമ്മള്‍ ഇനി ഒറ്റക്കായിരിക്കുകയില്ല. നമുക്ക് വേണ്ടത് നിശ്ചയദാര്‍ഢ്യമാണ്. കൊളോണിയല്‍ ശക്തികള്‍ക്കെതിരെ പൊരുതാന്‍ തീരുമാനിച്ചവരോടുള്ള കമാല്‍ ജംബ്ലാറ്റിന്റെ വാക്കുകളായിരുന്നു ഇത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ലക്ഷങ്ങളെ ആട്ടിയോടിച്ച് ഗസ്സയെ റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് വില്‍പ്പന നടത്താനൊരുങ്ങുമ്പോള്‍, വൈകിയാണെങ്കിലും ഫലസ്തീനികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് ലോകരാഷ്ട്രങ്ങള്‍ക്ക് ബോധ്യമാകുകയാണ്. ഗസ്സയിലുള്ളവര്‍ക്ക് സുരക്ഷിതമായ ഒരിടവുമില്ലെന്ന് നമുക്കറിയാം. പട്ടിണിയോടും ബോംബുകളോടും മല്ലിടുന്ന ദുര്‍ബലരായ ആ മനുഷ്യര്‍ ഗസ്സയില്‍ നിന്ന് സ്വയം ഒഴിഞ്ഞുപോകാന്‍ ഒരുക്കമല്ല. ലബനീസ് നേതാവിന്റെ വാക്യം യാഥാര്‍ഥ്യമാകുന്നത് ഇവിടെയാണ്.
ഫലസ്തീനികള്‍ക്കെതിരെ ഇസ്‌റാഈല്‍ നടത്തുന്ന ഭീകരാക്രമണം പൈശാചികമാണെന്ന വസ്തുത ആ നാട്ടുകാര്‍ക്കും ബോധ്യപ്പെട്ടുവരികയാണ്. ഇസ്‌റാഈല്‍ ഫിലിം അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ഈ വര്‍ഷത്തെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡിനായി തിരഞ്ഞെടുത്തിരിക്കുന്നത് ഇസ്‌റാഈല്‍ സൈനികരുടെ ക്രൂരതയുടെ കഥ പറയുന്ന സിനിമയെയാണ്. ഷായ് കാര്‍മെലി- പൊള്ളാക്ക് രചനയും സംവിധാനവും നിര്‍വഹിച്ച “ദി സീ’ എന്ന ഹീബ്രു സിനിമക്കാണ് അവാര്‍ഡ് നല്‍കിയിരിക്കുന്നത്.
വെസ്റ്റ് ബാങ്കില്‍ നിന്നുള്ള 12 വയസ്സുള്ള ഫലസ്തീന്‍ ബാലന്‍ കടല്‍ കാണാനുള്ള ആഗ്രഹത്തോടെ വീട്ടില്‍ നിന്നിറങ്ങി ഒടുവില്‍ ഇസ്‌റാഈലില്‍ എത്തിപ്പെട്ട ബാലനെ അവിടുത്തെ സൈനികര്‍ ക്രൂരമായി പീഡിപ്പിക്കുന്നതാണ് 90 മിനുട്ട് ദൈര്‍ഘ്യമുള്ള സിനിമയുടെ പ്രമേയം. “ദി സീ’ക്ക് അവാര്‍ഡ് നല്‍കിയതില്‍ നെതന്യാഹു സര്‍ക്കാര്‍ അമര്‍ഷത്തിലാണ്. ഇസ്‌റാഈല്‍ സാംസ്‌കാരിക മന്ത്രി മിക്കി സോഹന്‍ അവാര്‍ഡ്ദാന ചടങ്ങിനുള്ള ധനസഹായം സര്‍ക്കാര്‍ നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമ ഇസ്‌റാഈല്‍ സൈനികര്‍ക്കെതിരെ കാര്‍ക്കിച്ചുതുപ്പുന്നതിന് സമമാണെന്ന് ഇസ്‌റാഈല്‍ മന്ത്രി സാമൂഹിക മാധ്യമങ്ങളില്‍ കുറിക്കുകയുണ്ടായി. ഓഫിര്‍ എന്ന പേരിലറിയപ്പെടുന്ന ഇസ്‌റാഈലിലെ പരമോന്നത സിനിമാ അവാര്‍ഡ് നേടിയ പ്രസ്തുത സിനിമ ഓസ്‌കാര്‍ അവാര്‍ഡിന് സമര്‍പ്പിക്കാനുള്ള തീരുമാനത്തിലാണ് ഇസ്‌റാഈലിലെ സിനിമാവൃത്തങ്ങള്‍.
ഗസ്സയിലെ ജനങ്ങളുടെ പലായനവും വംശഹത്യയും പട്ടിണി മരണങ്ങളും തുടരുമ്പോള്‍, മുമ്പെങ്ങും ഇല്ലാത്ത വിധം ഇസ്‌റാഈലിനെ ഒറ്റപ്പെടുത്തണമെന്ന വികാരം വര്‍ധിച്ചുവരികയാണ്. ഒരുകാലത്ത് വര്‍ണ വിവേചനത്തിന്റെ പേരില്‍ ദക്ഷിണാഫ്രിക്കയെ അകറ്റിനിര്‍ത്തിയത് പോലെ, നെതന്യാഹു സര്‍ക്കാറിന് ലോകരാഷ്ട്രങ്ങള്‍ വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യത്തിനും കനം കൂടിവരികയാണ്. ജൂത രാഷ്ട്രത്തെ പല രീതിയിലും സഹായിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ ഇസ്‌റാഈലിനെതിരെ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ടുവരുമ്പോള്‍, ദോഹയില്‍ ചേര്‍ന്ന അറബ്- ഇസ്‌ലാമിക് ഉച്ചകോടിയിലേത് ദുര്‍ബലമായ തീരുമാനങ്ങളായിരുന്നു.
ഫലസ്തീനികളോടുള്ള ഐക്യദാര്‍ഢ്യവും ഇസ്‌റാഈലിനെതിരെയുള്ള രോഷവും ലോകമെങ്ങും പടരുന്നതിനിടയില്‍, ഇന്ന് ചേരുന്ന ഐക്യരാഷ്ട്ര പൊതുസഭായോഗത്തില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ആസ്‌ത്രേലിയ, പോര്‍ച്ചുഗല്‍, ബെല്‍ജിയം, മാള്‍ട്ട, ന്യൂസിലാന്‍ഡ് തുടങ്ങി പത്തോളം രാജ്യങ്ങള്‍ കൂടി ഫലസ്തീനിനുള്ള രാഷ്ട്രപദവി അംഗീകരിക്കുന്ന തീരുമാനം അറിയിക്കും. മാസങ്ങള്‍ക്ക് മുമ്പ് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്നറിയിച്ചിരുന്നു. തുടര്‍ന്ന് മറ്റു രാഷ്ട്രങ്ങളും ഫ്രാന്‍സിനെ പിന്തുടരുകയായിരുന്നു. ഫലസ്തീനിനെ അംഗീകരിക്കാനുള്ള തീരുമാനത്തോടൊപ്പം ഹമാസിനെ നിരോധിക്കണം എന്ന ആവശ്യവും ബ്രിട്ടന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത് അമേരിക്കയെ പ്രീതിപ്പെടുത്താനാണെന്ന് ആക്ഷേപമുണ്ട്. സെപ്തംബര്‍ 12ന് ചേര്‍ന്ന ഐക്യരാഷ്ട്രസഭാ യോഗത്തിലെ വോട്ടെടുപ്പില്‍ 142 രാജ്യങ്ങള്‍ ഫലസ്തീന്‍ എന്ന സ്വതന്ത്ര രാജ്യത്തിന് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. വാഷിംഗ്ടണെ ആശ്രയിക്കുന്ന മാര്‍ഷല്‍ ഐലന്‍ഡും ഫലസ്തീനെ പിന്തുണച്ചു.
എതിര്‍ത്ത് വോട്ട് ചെയ്തത് അമേരിക്കയും ഇസ്‌റാഈലും ഉള്‍പ്പെടെ പത്ത് രാജ്യങ്ങള്‍ മാത്രമാണ്. സുരക്ഷാ കൗണ്‍സിലിലെ അഞ്ച് സ്ഥിരാംഗങ്ങളില്‍ നാലെണ്ണം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന രാജ്യങ്ങളാണ്. ഫലസ്തീനിനെ അംഗീകരിക്കാത്ത രാജ്യം അമേരിക്ക മാത്രമാണ്. ഗസ്സയെ റിയല്‍ എസ്റ്റേറ്റുകാരുടെ താവളമാക്കാന്‍ അമേരിക്കയും ഇസ്‌റാഈലും കിണഞ്ഞ് ശ്രമിക്കുമ്പോള്‍, കൂടുതല്‍ രാജ്യങ്ങള്‍ ഫലസ്തീനിന്റെ അസ്ഥിത്വം അംഗീകരിക്കാന്‍ മുന്നോട്ടുവരുന്നത് പ്രധാനമാണ്. പ്രത്യേകിച്ച് മധ്യപൂര്‍വ ദേശത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും ഏറ്റവും കൂടുതല്‍ പരിചയമുള്ള ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുടെ അംഗീകാരം വിലപ്പെട്ടതാണ്. ഇസ്‌റാഈലിനെ ആയുധമണിയിക്കുന്നതില്‍ മുമ്പിലുണ്ടായിരുന്ന രാജ്യങ്ങളാണ് ബ്രിട്ടനും ഫ്രാന്‍സും. 1948 മുതല്‍ ഫലസ്തീനികള്‍ സ്വയംനിര്‍ണയത്തിനുള്ള അവകാശത്തിനായി പോരാടുകയാണ്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പലതും ഇസ്‌റാഈലിനെ സാമ്പത്തികമായും സൈനികമായും സഹായിച്ചുവരികയായിരുന്നു. ജൂതരാഷ്ട്രത്തെ വംശഹത്യ നടത്താന്‍ പ്രാപ്തമാക്കുന്നതില്‍ ഈ രാജ്യങ്ങള്‍ മുന്‍നിരയിലുണ്ടായിരുന്നു. ഒപ്പം ഇസ്‌റാഈലിന്റെ സുരക്ഷയുടെ പേരില്‍, ഫലസ്തീന്‍ ദേശീയ പ്രസ്ഥാനത്തെ തകര്‍ക്കാനും ഫലസ്തീനികളെ കൊലപ്പെടുത്താനും ഇസ്‌റാഈല്‍ സേനയുമായി അവര്‍ സഹകരിക്കുകയുണ്ടായി. ഇസ്‌റാഈലിനെ ചോരക്കൊതിയുള്ള ഒരു രാജ്യമായി വളര്‍ത്തിയെടുക്കുന്നതില്‍ ഈ രാജ്യങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. ഇപ്പോഴവര്‍ മാറിച്ചിന്തിക്കുന്നുവെങ്കില്‍ അതിനെ സ്വാഗതം ചെയ്യേണ്ടതാണ്.
ഇസ്‌റാഈലിലേക്ക് ആയുധങ്ങളുമായി പോകുന്ന വിമാനങ്ങള്‍ക്കും കപ്പലുകള്‍ക്കും സ്‌പെയിന്‍ തങ്ങളുടെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇസ്‌റാഈലുമായുള്ള ആയുധ കരാറും സ്‌പെയിന്‍ റദ്ദാക്കുകയുണ്ടായി. തെല്‍ അവീവില്‍നിന്ന് നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കണമെന്ന് ആവശ്യവും അവിടെ നിന്ന് ഉയരുകയാണ്. ഇസ്‌റാഈലിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം യൂറോപ്യന്‍ രാജ്യങ്ങളില്‍ ശക്തിപ്പെടുകയാണ്. ഇന്നലെ ആസ്‌ത്രേലിയയില്‍ ഫലസ്തീനിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പതിനായിരങ്ങള്‍ പങ്കെടുത്ത റാലി നടക്കുകയുണ്ടായി. റാലിയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടത് ഇസ്‌റാഈലിന് നിരോധനം ഏര്‍പ്പെടുത്തണമെന്നായിരുന്നു. ബെല്‍ജിയം നിരവധി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. വെസ്റ്റ് ബാങ്കിലെ അനധികൃത ജൂത കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്നുള്ള ഇറക്കുമതി നിരോധിക്കുക, ഇസ്‌റാഈല്‍ കമ്പനികളുമായുള്ള കരാര്‍ പുനഃപരിശോധിക്കുക, ഇസ്‌റാഈല്‍ അധിനിവേശ കേന്ദ്രങ്ങളില്‍ താമസിക്കുന്ന ബെല്‍ജിയന്‍ പൗരന്മാര്‍ക്ക് കോണ്‍സുലറ്റില്‍ പ്രവേശനം താത്കാലികമായി നിര്‍ത്തിവെക്കാനും തീരുമാനിച്ചു. ഇതോടൊപ്പം കടുത്ത വംശീയവാദികളായ ഇസ്‌റാഈല്‍ മന്ത്രിമാരായ ഇറ്റാമര്‍ ബെന്‍-ഗ്വിര്‍, ബെസലേല്‍ സ്‌മോട്രിച്ച് എന്നിവരെ അനഭിമതരായി ബെല്‍ജിയം പ്രഖ്യാപിച്ചു. ഇസ്‌റാഈലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ യൂറോപ്യന്‍ യൂനിയന്‍, ഈ മന്ത്രിമാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനും ഇസ്‌റാഈലുമായുള്ള വ്യാപാര കരാര്‍ ഭാഗികമായി നിര്‍ത്തിവെക്കാനും ആലോചിക്കുന്നുണ്ട്. സെപ്തംബര്‍ പത്തിന് നടന്ന സ്റ്റേറ്റ് ഓഫ് ദി യൂനിയന്‍ പ്രസംഗത്തില്‍ യൂറോപ്യന്‍ യൂനിയന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍, അതേക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി.
സാംസ്‌കാരിക പരിപാടികളില്‍ നിന്നും കായിക മത്സരങ്ങളില്‍ നിന്നും ഇസ്‌റാഈലിനെ മാറ്റിനിര്‍ത്തണമെന്ന് യൂറോപ്യന്‍ ജനത ചിന്തിച്ചുതുടങ്ങിയിരിക്കുകയാണ്. യൂറോവിഷന്‍ ഗാന മത്സരത്തില്‍ നിന്ന് ഇസ്‌റാഈലിനെ തടയാന്‍ നോര്‍വെയും നെതര്‍ലാന്‍ഡ്‌സും തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന നെതര്‍ലാന്‍ഡ് പാര്‍ലിമെന്റില്‍ ഫോര്‍ ദി ആനിമല്‍സ് പാര്‍ട്ടിയുടെ നേതാവ് പാര്‍ലിമെന്റില്‍ പങ്കെടുത്തത് ഫലസ്തീന്‍ പതാകയുടെ നിറമുള്ള വസ്ത്രം ധരിച്ചാണ്. സയണിസ്റ്റ് രാജ്യവുമായി സഹകരിക്കുന്ന ചലച്ചിത്ര നിര്‍മാണ കമ്പനികളെ ബഹിഷ്‌കരിക്കുമെന്ന് ഹോളിവുഡ് താരം ജാവിയര്‍ ബാര്‍ഡം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. എമ്മി അവാര്‍ഡ് നേടിയ ജൂത നടി ഹന്നാ വൈന്‍ബര്‍ഡര്‍ അവാര്‍ഡ് ദാനച്ചടങ്ങില്‍ “ഫ്രീ ഫലസ്തീന്‍’ എന്ന് മുദ്രാവാക്യം വിളിച്ചതും വെനീസ് ഫിലിം ഫെസ്റ്റിവല്‍ ചടങ്ങില്‍ ഗസ്സയിലെ കുഞ്ഞുങ്ങളെ രക്ഷിക്കണമെന്ന ആഹ്വാനം ഉയര്‍ന്നതും ഇസ്‌റാഈലിനെതിരെയുള്ള രോഷപ്രകടനം കൂടിയാണ്.
ഗസ്സയില്‍ അവര്‍ നടത്തുന്ന വംശഹത്യ, വെസ്റ്റ് ബാങ്കിലെ അക്രമാസക്തമായ അധിനിവേശം, അയല്‍ രാജ്യങ്ങളില്‍ നടത്തുന്ന അക്രമങ്ങള്‍, ആ രാജ്യങ്ങളിലെ നേതാക്കളെ ഇല്ലായ്മ ചെയ്യല്‍ തുടങ്ങി അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെ പ്രത്യക്ഷമായി വെല്ലുവിളിക്കുന്ന ഇസ്‌റാഈലിനെ അന്താരാഷ്ട്ര സമൂഹം തെമ്മാടി രാഷ്ട്രമായി നേരത്തേ പ്രഖ്യാപിക്കേണ്ടതായിരുന്നു. ലോകത്തിന്റെ വികാരം ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ബോധ്യമായിട്ടുണ്ട്.
അന്താരാഷ്ട്ര കോടതി വിധി പ്രകാരം നെതന്യാഹുവും അദ്ദേഹത്തിന്റെ മന്ത്രിമാരും കൂടുതല്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഇവര്‍ അത്തരം രാജ്യങ്ങളില്‍ കാലുകുത്തിയാല്‍ അറസ്റ്റ് ചെയ്യപ്പെടും. അമേരിക്കയുടെ മാത്രം പിന്തുണ കൊണ്ട് നിലനില്‍ക്കാനാകില്ല എന്ന സത്യം നെതന്യാഹുവിനെ ആശങ്കപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ സമീപകാല അഭിമുഖങ്ങളിലും പ്രസംഗങ്ങളിലും ഇത് വായിച്ചെടുക്കാം. അന്താരാഷ്ട്ര മാധ്യമങ്ങൾക്കെതിരെ, യൂറോപ്യന്‍ സര്‍ക്കാറുകൾക്കെതിരെ, അക്കാദമിക് മേഖലയിലുള്ളവർക്കെതിരെ അദ്ദേഹം ആക്ഷേപങ്ങള്‍ ചൊരിയുകയാണ്. ഇസ്‌റാഈലിനെ വിമര്‍ശിക്കുന്നവര്‍ അറബ്, ഇസ്‌ലാമിക് ലോബിയുടെയും ഖത്വറി പണത്തിന്റെയും സ്വാധീനത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് നെതന്യാഹു ആരോപിക്കുന്നത്. നെതന്യാഹു ഇസ്‌റാഈലിനെ ക്രിമിനല്‍ രാജ്യമായി മാറ്റുകയാണെന്ന് ഇസ്‌റാഈല്‍ മുന്‍ പ്രധാനമന്ത്രിമാരായ യഹൂദ് ബരാക്കും യഹൂദ് ഒല്‍മെര്‍ട്ടും ആരോപിച്ചിട്ടുണ്ട്.