Connect with us

Ongoing News

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ- പാകിസ്താൻ സൂപ്പർ 4 പോരാട്ടം ഇന്ന്

ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി എട്ട് മുതൽ നടക്കുന്ന മത്സരം സോണി സ്‌പോർട്‌സിലും സോണി ലിവിലും തത്സമയം കാണാം.

Published

|

Last Updated

ദുബൈ | ഏഷ്യാ കപ്പ് ക്രിക്കറ്റിൽ വീണ്ടും ഇന്ത്യ- പാകിസ്താൻ പോരാട്ടം. സൂപ്പർ 4 റൗണ്ടിലാണ് ഇരു ടീമുകളും കൊമ്പുകോർക്കുന്നത്. ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി എട്ട് മുതൽ നടക്കുന്ന മത്സരം സോണി സ്‌പോർട്‌സിലും സോണി ലിവിലും തത്സമയം കാണാം.

മൂന്ന് കളികളും ജയിച്ച് എ ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ സൂപ്പർ 4ലെത്തിയത്. ആദ്യ മത്സരത്തിൽ യു എ ഇയെ ഒമ്പത് വിക്കറ്റിനു തോൽപ്പിച്ച സൂര്യകുമാർ യാദവും സംഘവും പാകിസ്താനെതിരെ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം നേടി. അവസാന മത്സരത്തിൽ ഒമാനെ 21 റൺസിന് തോൽപ്പിച്ചു. ദുർബലരായ ഒമാനെ തോൽപ്പിക്കാൻ ഇന്ത്യക്ക് ഏറെ വിയർപ്പൊഴുക്കേണ്ടി വന്നു.

എ ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി പാകിസ്താനും സൂപ്പർ 4ലെത്തി. ഒമാനെ 93 റൺസിനും യു എ ഇയെ 41 റൺസിനുമാണ് ടീം തോൽപ്പിച്ചത്.

കളി, വിവാദം

വിവാദം കത്തിനിൽക്കുന്നതിനാൽ ചൂടേറിയ മത്സരത്തിനാകും ദുബൈ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിക്കുക. ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ സൂര്യകുമാർ യാദവ് പാക് ക്യാപ്റ്റൻ സൽമാൻ ആഗക്ക് ഹസ്തദാനം നൽകാതിരുന്നത് പാകിസ്താൻ വിവാദമാക്കിയിരുന്നു. ഇന്ത്യൻ ക്യാപ്റ്റന് ഹസ്തദാനം നൽകേണ്ടെന്ന് സൽമാൻ ആഗയോട് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് പറഞ്ഞെന്ന് പാകിസ്താനും ആരോപിച്ചു. പൈൻക്രോഫ്റ്റിനെതിരെ നടപടിയെടുത്തില്ലെങ്കിൽ ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന പാക് ഭീഷണി ഐ സി സി ചെവിക്കൊണ്ടില്ല. യു എ ഇക്കെതിരായ മത്സരത്തിനായി ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് പോകാതെ ഒരു മണിക്കൂറോളം പാകിസ്താൻ ടീം ഹോട്ടലിൽ തുടർന്നെങ്കിലും പിന്നീട് കളിക്കേണ്ടി വന്നു. ആൻഡി പൈക്രോഫ്റ്റാണ് ഇന്നത്തെ മത്സരത്തിലെയും മാച്ച് റഫറി. ഇന്നലെ സൂപ്പർ 4 മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനം പാകിസ്താൻ റദ്ദാക്കുകയും ചെയ്തു.

കമോൺ സഞ്ജു

ആദ്യ രണ്ട് മത്സരങ്ങളിലും ബാറ്റിംഗിന് അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസൺ ഒമാനെതിരെ വൺഡൗണായാണ് ഇറങ്ങിയത്. അവസരം മുതലാക്കിയ സഞ്ജു 45 പന്തിൽ 56 റൺസ് നേടി കളിയിലെ താരമായി. വേഗം കുറഞ്ഞ ട്രാക്കിൽ തന്റെ വെടിക്കെട്ട് ശൈലി മാറ്റിവെച്ചാണ് സഞ്ജു ഇന്നിംഗ്‌സ് മുന്നോട്ടു നീക്കിയത്. സൂര്യകുമാർ മൂന്നാം നമ്പറിൽ തിരിച്ചെത്തുന്നതോടെ സഞ്ജു വീണ്ടും മധ്യനിരയിലേക്ക് മാറേണ്ടിവരും. ഒമാനെതിരെ സൂര്യകുമാർ ബാറ്റിംഗിന് ഇറങ്ങിയിരുന്നില്ല. ഒമാനെതിരായ മത്സരം കളിക്കാതിരുന്ന പേസർ ജസ്പ്രീത് ബുംറ ടീമിൽ തിരിച്ചെത്തും.
അക്ഷർ കളിച്ചേക്കില്ല

ഒമാനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിനിടെ തലക്ക് പരുക്കേറ്റ ആൾറൗണ്ടർ അക്ഷർ പട്ടേൽ ഇന്ന് കളിക്കുന്ന കാര്യം സംശയത്തിലാണ്. 15ാം ഓവറിൽ ഹമ്മദ് മിർസയുടെ പന്തിൽ ക്യാച്ചിന് ശ്രമിക്കുന്നതിനിടെയാണ് അക്ഷറിന് പരുക്കേറ്റത്. മത്സരത്തിൽ ഒരു ഓവർ മാത്രമാണ് അക്ഷർ എറിഞ്ഞത്. ബാറ്റിംഗിൽ ഒരു സിക്‌സും മൂന്ന് ബൗണ്ടറികളും ഉൾപ്പെടെ 13 പന്തിൽ നിന്ന് അക്ഷർ 26 റൺസെടുത്തിരുന്നു. പാകിസ്താനെതിരായ മത്സരത്തിൽ നാല് ഓവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. അക്ഷർ കളിച്ചില്ലെങ്കിൽ ഇന്ത്യ ഒരു പേസറെ ഉൾപ്പെടുത്തേണ്ടി വരും. അതേസമയം, അക്ഷർ സുഖംപ്രാപിച്ചുവരുന്നതായി ഫീൽഡിംഗ് പരിശീലകൻ ടി ദിലീപ് പറഞ്ഞത് ഇന്ത്യക്ക് ആശ്വാസം നൽകുന്നുണ്ട്.

നേർക്കുനേർ

ടി20യിൽ ഇരു ടീമുകളും 14 തവണ ഏറ്റുമുട്ടിയപ്പോൾ പത്തിലും ഇന്ത്യ ജയിച്ചു. പാകിസ്താൻ മൂന്ന് ജയം നേടി. ഒരു കളി സമനിലയായി. ഏഷ്യാ കപ്പ് ചരിത്രത്തിൽ നാല് തവണ ഏറ്റുമുട്ടിയപ്പോൾ മൂന്നിലും ഇന്ത്യ ജയിച്ചു. ദുബൈയിൽ, ടി20 ഏഷ്യാ കപ്പിൽ മൂന്ന് തവണ നേർക്കുനേർ വന്നപ്പോൾ രണ്ടിൽ ഇന്ത്യയും ഒന്നിൽ പാകിസ്താനും ജയിച്ചു.

Latest