Connect with us

Articles

ജി എസ് ടി പരിഷ്‌കാരം; ഫലം കാണാന്‍ കാത്തിരിക്കണം

ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിട്ട് കൊണ്ടുള്ള പുതിയ ജി എസ് ടി പരിഷ്‌കാരങ്ങള്‍ സര്‍ക്കാറിന് മുന്നില്‍ ഒരു വലിയ ഹ്രസ്വകാല വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്, സര്‍ക്കാറിന്റെ ഖജനാവിലുണ്ടാക്കുന്ന വരുമാന നഷ്ടം. മാത്രമല്ല നിലവിലെ സാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രസക്തമാണ്. കാരണം പ്രതീക്ഷിച്ചതിലും കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയും പ്രത്യക്ഷ നികുതി വരുമാനത്തില്‍ ഇതിനകം രേഖപ്പെടുത്തിയ ഇടിവും ഈ പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നുണ്ട്.

Published

|

Last Updated

രാജ്യത്തെ പരോക്ഷ നികുതിയുടെ ഘടനയില്‍ സമഗ്രമായ മാറ്റങ്ങളാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നത്. സങ്കീര്‍ണമായ നികുതി സ്ലാബുകള്‍ ലഘൂകരിക്കുന്നതിലൂടെ ഉപഭോഗം വര്‍ധിപ്പിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടുകയുമാണ് ഈ പുതിയ പരിഷ്‌കാരത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കേന്ദ്രം വാദിക്കുന്നു. 2025 സെപ്തംബര്‍ മൂന്നിന് ചേര്‍ന്ന അമ്പത്തിയാറാമത് ജി എസ് ടി കൗണ്‍സില്‍ യോഗമാണ് ഈ ത്രിതല നികുതി ഘടനക്ക് അംഗീകാരം നല്‍കിയത്. ഇത് സാധാരണക്കാരന്റെ കുടുംബ ബജറ്റിന് വലിയ ആശ്വാസം നല്‍കുന്നതും വിപണിക്ക് പുതിയ ഉണര്‍വ് പകരുന്നതുമായ ഒരു നീക്കമായാണ് വിലയിരുത്തപ്പെടുന്നതും.
നിലവിലുണ്ടായിരുന്ന അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നീ നാല് സ്ലാബുകള്‍ക്ക് പകരമായി അഞ്ച് ശതമാനം, 18 ശതമാനം, 40 ശതമാനം എന്നിങ്ങനെ മൂന്ന് പുതിയ സ്ലാബുകളാണ് ജി എസ് ടി 2.0യുടെ ഭാഗമായി വരുന്നത്. രാജ്യത്തെ സാധാരണക്കാര്‍ വ്യാപകമായി ഉപയോഗിക്കുന്ന മിക്ക ഉത്പന്നങ്ങളും ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ച് ശതമാനത്തിന് കീഴിലാണ് വരുന്നത്. നേരത്തേ 12 ശതമാനം നികുതിയുണ്ടായിരുന്ന 99 ശതമാനം ഉത്പന്നങ്ങളെയും ഈ വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് ഹെയര്‍ ഓയില്‍, സോപ്പ്, ടൂത്ത്‌പേസ്റ്റ്, ബിസ്‌ക്കറ്റ്, പാക്ക് ചെയ്ത ജ്യൂസുകള്‍ തുടങ്ങിയവയുടെ വില ഗണ്യമായി കുറക്കും. രാജ്യത്തെ ഭൂരിഭാഗം ചരക്കുകളും സേവനങ്ങളും ഇനി 18 ശതമാനം എന്ന ഒറ്റ സ്ലാബിന് കീഴിലാകും. നിലവിലെ 18 ശതമാനം, 28 ശതമാനം സ്ലാബുകളിലെ മിക്ക ഉത്പന്നങ്ങളെയും ഇതില്‍ ലയിപ്പിച്ചു. ഇതുവഴി ചെറിയ കാറുകള്‍, 350 സി സിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍, എയര്‍ കണ്ടീഷണര്‍, ടെലിവിഷന്‍, സിമന്റ് തുടങ്ങിയ ഇടത്തരക്കാരുടെ പ്രധാന ഉപഭോഗ വസ്തുക്കളുടെയെല്ലാം വില കുറയാന്‍ സാധ്യതയുണ്ട്.

അതേസമയം, ആരോഗ്യത്തിന് ഹാനികരമായ ഉത്പന്നങ്ങള്‍ക്കും ആഡംബര കാറുകള്‍, സ്വകാര്യ വിമാനങ്ങള്‍ തുടങ്ങിയവക്കും 40 ശതമാനം എന്ന ഉയര്‍ന്ന നികുതി ചുമത്തും. മറ്റ് നികുതികള്‍ കുറക്കുന്നതിലൂടെ സര്‍ക്കാറിനുണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നതിനോടൊപ്പം, ഇത്തരം ഉത്പന്നങ്ങളുടെ ഉപഭോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യവും ഈ ഉയര്‍ന്ന നിരക്കിന് പിന്നിലുണ്ട്. പാല്‍, പനീര്‍, ബ്രെഡ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളെ പൂര്‍ണമായും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടൊപ്പം, ലൈഫ്, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പ്രീമിയങ്ങളെ ജി എസ് ടിയില്‍ നിന്ന് ഒഴിവാക്കിയതും സുപ്രധാനമായ ഒരു തീരുമാനമാണ്.

ജി എസ് ടിയിലെ പുതിയ പരിഷ്‌കാരങ്ങള്‍ സര്‍ക്കാറിന്റെ വരുമാനത്തില്‍ ഉടനടി കുറവുണ്ടാക്കുമെങ്കിലും അതിന്റെ യഥാര്‍ഥ പ്രയോജനം ലഭിക്കുന്നത് നികുതിദായകര്‍ക്കാണ്. അവശ്യ സാധനങ്ങളുടെ നികുതി കുറയുന്നത് ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുന്നു. ഇങ്ങനെ മിച്ചം പിടിക്കുന്ന തുക, 18 ശതമാനം, 28 ശതമാനം തുടങ്ങിയ ഉയര്‍ന്ന സ്ലാബുകളിലുള്ള ആഡംബര, സുഖഭോഗ വസ്തുക്കളിലേക്ക് സ്വാഭാവികമായും എത്തുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സര്‍ക്കാറിന്റെ വരുമാനം ഉയര്‍ത്താന്‍ സഹായിക്കുമെങ്കിലും, നിലവിലെ വരുമാന നഷ്ടം ഒരു വലിയ വെല്ലുവിളിയായി തുടരുകയാണ്.

ജി എസ് ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായ ‘നികുതിക്ക് മേല്‍ നികുതി’ ഒഴിവാക്കുക എന്ന പ്രശ്‌നം ഇപ്പോഴും പൂര്‍ണമായി ഒഴിവാക്കാന്‍ സാധിച്ചിട്ടില്ല എന്ന് വേണം പറയാന്‍. നിലവിലെ നികുതി ഘടനയിലെ പല പഴുതുകളും ഇതിന് കാരണമാണ്. നികുതി ഒഴിവാക്കപ്പെട്ട ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ക്ക് നല്‍കുന്ന നികുതിക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐ ടി സി) ലഭിക്കാത്തത് ഇതില്‍ പ്രധാനമാണ്. ഈ അധികഭാരം നിര്‍മാതാക്കള്‍ക്ക് ഒടുവില്‍ ഉപഭോക്താക്കളുടെ മേല്‍ ചുമത്തേണ്ടി വരുന്നു. കുറഞ്ഞ നികുതിയുള്ള ഉത്പന്നങ്ങള്‍ക്കായി ഉയര്‍ന്ന നികുതിയുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ഐ ടി സി ലഭിക്കുന്നതിലെ കാലതാമസവും നടപടിക്രമങ്ങളിലെ സങ്കീര്‍ണതകളും വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിട്ട് കൊണ്ടുള്ള പുതിയ ജി എസ് ടി പരിഷ്‌കാരങ്ങള്‍ സര്‍ക്കാറിന് മുന്നില്‍ ഒരു വലിയ ഹ്രസ്വകാല വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്, സര്‍ക്കാറിന്റെ ഖജനാവിലുണ്ടാക്കുന്ന വരുമാന നഷ്ടം. മാത്രമല്ല നിലവിലെ സാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രസക്തമാണ്. കാരണം പ്രതീക്ഷിച്ചതിലും കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയും പ്രത്യക്ഷ നികുതി വരുമാനത്തില്‍ ഇതിനകം രേഖപ്പെടുത്തിയ ഇടിവും ഈ പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നുണ്ട്. ഈ വരുമാനക്കുറവ് നികത്താന്‍ സര്‍ക്കാറിന് മുന്നില്‍ വഴികള്‍ പരിമിതമാണ്. ഒന്നുകില്‍ ചെലവുകള്‍ വെട്ടിക്കുറക്കുക, അല്ലെങ്കില്‍ കൂടുതല്‍ കടമെടുത്ത് രാജ്യത്തിന്റെ സാമ്പത്തിക ഭാരം വര്‍ധിപ്പിക്കുക. ഈ രണ്ട് വഴികളും രാജ്യത്തിന്റെ യഥാര്‍ഥ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കാം. പുതിയ ജി എസ് ടിയിലൂടെ നികുതിയിളവുകള്‍ നല്‍കി ഉപഭോഗം വര്‍ധിപ്പിക്കാനുള്ള ശ്രമം ഒരു തന്ത്രമാണെങ്കിലും, ഇതിന്റെ ഗുണഫലങ്ങള്‍ സമ്പദ് വ്യവസ്ഥയില്‍ പ്രതിഫലിച്ചു തുടങ്ങുന്നതു വരെയുള്ള ഈ ഇടവേള, സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് ഏറെ നിര്‍ണായകമാണ്.

Latest