Connect with us

articles

ഒറ്റപ്പെട്ട സംഭവങ്ങളല്ല പോലീസ് ഗുണ്ടായിസം

ജുഡീഷ്യൽ കമ്മീഷനുകൾ നടത്തിയ അന്വേഷണ റിപോർട്ടുകൾ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നിട്ടും കുറ്റവാളികളായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്നതും സർവീസിൽ തുടരുന്നതും പതിവ് കാഴ്ചയാണ്. ഏത് നിയമവിരുദ്ധ പ്രവൃത്തി ചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പാണ് പോലീസിന് വീണ്ടും വീണ്ടും ഗുണ്ടായിസം കാണിക്കാൻ ധൈര്യം നൽകുന്നത്.

Published

|

Last Updated

മുഹമ്മദ് ഹനീഫ് പള്ളപ്പാടി

നിയമം സംരക്ഷിക്കേണ്ടവർ തന്നെ നിയമം കൈയിലെടുക്കുമ്പോൾ സമൂഹത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ അടിത്തറയാണ് ഇളകുന്നത്. അടുത്തിടെ പുറത്തുവന്ന കുന്നംകുളം പോലീസ് സ്റ്റേഷനിലെ മർദന ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. യൂത്ത് കോൺഗ്രസ്സ് നേതാവ് സുജിത്തിനെ അതിക്രൂരമായി മർദിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് പുറത്തുകൊണ്ടുവരാനായത്. ഹെൽമെറ്റിന്റെ പേരിൽ തുടങ്ങിയ തർക്കം, പോലീസ് സ്റ്റേഷന്റെ നാല് ചുമരുകൾക്കുള്ളിൽ അരങ്ങേറിയ ക്രൂരമായ മർദനത്തിന് വഴിമാറിയത് ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. ഇത് കേരള പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ മനോഭാവത്തിലും പ്രവർത്തന രീതിയിലും കടന്നുകൂടിയ ജീർണതയുടെ പ്രതിഫലനമാണ്. അധികാരം മറയാക്കി നിയമം ലംഘിക്കുന്ന പോലീസ് ഗുണ്ടായിസത്തിന്റെ കൂടുതൽ വിവരങ്ങൾ ദിനേന പുറത്തുവന്ന് കൊണ്ടിരിക്കുകയാണ്. നിയമം നടപ്പാക്കേണ്ടവർക്ക് അതിന്റെ യഥാർഥ ലക്ഷ്യം നഷ്ടപ്പെടുമ്പോൾ സമൂഹം നേരിടേണ്ടിവരുന്ന വെല്ലുവിളികളുടെ ഭീകരമായ ചിത്രമാണിത്.

സാധാരണ ട്രാഫിക് നിയമലംഘനത്തിന്റെ പേരിൽ തുടങ്ങിയ വാക്കുതർക്കം, പോലീസിന്റെ അധികാര മനോഭാവം കാരണം ക്രൂരമായ അതിക്രമമായി പരിണമിക്കുകയായിരുന്നു. ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടും അനാവശ്യമായ ധാർഷ്ട്യം കാണിച്ചുകൊണ്ടാണ് പോലീസ് ഈ വിഷയത്തെ വഷളാക്കിയത്. യുവാക്കളോട് റോഡിൽ വെച്ച് വാക്കേറ്റം നടത്തിയ പോലീസ്, സുജിത്തിനെ ബലമായി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. പോലീസ് സ്റ്റേഷൻ നീതിന്യായ സ്ഥാപനമെന്നത് മാറി അധികാരം ഉപയോഗിച്ച് അടിച്ചമർത്താനുള്ള ഗുണ്ടാ കേന്ദ്രമായി അധഃപതിച്ചെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് പിന്നീട് നടന്നത്. ശരീരത്തിൽ ആഴത്തിലുള്ള മർദനമേറ്റതിന്റെ പാടുകൾ പോലീസിന്റെ ക്രൂരതയുടെ വ്യക്തമായ രേഖകളാണ്. ഒരു വ്യക്തിയെ കസ്റ്റഡിയിലെടുത്താൽ പാലിക്കേണ്ട നിയമപരമായ യാതൊരു നടപടിക്രമങ്ങളും ഇവിടെ പാലിക്കപ്പെട്ടില്ല. കേസ് പോലും രജിസ്റ്റർ ചെയ്യാതെ സ്വന്തം താത്പര്യങ്ങൾക്കായി അതിക്രമം കാണിക്കുകയായിരുന്നു. ഇത് പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും യോജിച്ചതല്ല. ലോക്കപ്പ് മർദനം എന്ന പഴയകാല പ്രയോഗം വീണ്ടും ഓർമിപ്പിക്കുന്നതാണ് ഈ സംഭവം.

കേരള പോലീസ് സ്വയം വിശേഷിപ്പിക്കുന്നത് “ജനമൈത്രി’ പോലീസ് എന്നാണ്. എന്നാൽ, യാഥാർഥ്യം പലപ്പോഴും ഇതിന് വിപരീതമാണ്. ജനങ്ങളോടുള്ള സൗഹൃദം എന്നതിനേക്കാൾ അധികാരത്തിന്റെ ദുരുപയോഗം ആണ് പല സംഭവങ്ങളിലും കാണുന്നത്. ഇതിന് മുമ്പും കേരള പോലീസിന്റെ ഭാഗത്ത് നിന്ന് ഇത്തരം ക്രൂരമായ പ്രവൃത്തികൾ ഉണ്ടായിട്ടുണ്ട്. സ്റ്റേഷനുകളിൽ വെച്ച് പ്രതികൾ മരിക്കുന്ന സംഭവങ്ങൾ ഇന്നും തുടരുന്നു. സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുക്കുന്ന ഒരാളുടെ ജീവന് സംരക്ഷണം നൽകേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണ്. എന്നാൽ, മിക്കപ്പോഴും ലോക്കപ്പ് മർദനങ്ങളാണ് ഇത്തരം മരണങ്ങളിലേക്ക് നയിക്കുന്നത്. ശ്രീജിത്ത്, വിനായകൻ, കസ്റ്റംസ് ഉദ്യോഗസ്ഥൻ ഷാജഹാൻ എന്നിങ്ങനെ നിരവധിയായ യുവാക്കൾ കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് കേരള പോലീസിന്റെ ക്രൂരതയുടെ പ്രത്യക്ഷ രേഖകളാണ്.

ഈ സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യൽ കമ്മീഷനുകൾ നടത്തിയ അന്വേഷണ റിപോർട്ടുകൾ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നിട്ടും കുറ്റവാളികളായ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്നതും സർവീസിൽ തുടരുന്നതും പതിവ് കാഴ്ചയാണ്. ഏത് നിയമവിരുദ്ധ പ്രവൃത്തി ചെയ്താലും ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പാണ് പോലീസിന് വീണ്ടും വീണ്ടും ഗുണ്ടായിസം കാണിക്കാൻ ധൈര്യം നൽകുന്നത്.

ചെറിയ നിയമലംഘനങ്ങളോട് പോലും അമിതമായി പ്രതികരിക്കുന്ന പോലീസുകാർ ജനങ്ങളുമായി ഏറ്റുമുട്ടലിലേക്ക് പോകുന്നത് പതിവാണ്. പ്രത്യേകിച്ച് യുവാക്കളോടും സ്ത്രീകളോടും മോശമായി സംസാരിക്കുന്നതും വ്യക്തിപരമായ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതും പോലീസിന്റെ വിശ്വാസ്യത തകർക്കുന്നു. രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്നതും ഭീഷണിപ്പെടുത്തുന്നതും സാധാരണമാണ്. ഇത് ജനങ്ങൾക്ക് സഞ്ചരിക്കാനുള്ള അവകാശത്തെയാണ് ചോദ്യം ചെയ്യുന്നത്. കൂടാതെ, പലപ്പോഴും ഉന്നത രാഷ്ട്രീയ നേതാക്കളുടെ താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന സേനയായി കേരള പോലീസ് മാറുന്നു എന്ന ആരോപണം ശക്തമാണ്. സാധാരണക്കാർക്ക് നീതി നിഷേധിക്കപ്പെടുകയും രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ഉപകരണമായി പോലീസ് മാറുകയും ചെയ്യുമ്പോൾ അത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാകുന്നു.

പോലീസ് സേനയിൽ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് “അടിക്കാൻ അധികാരമുള്ളവർ’ എന്ന മനോഭാവം രൂഢമൂലമായിട്ടുണ്ട്. ഇത് അവരുടെ പരിശീലനത്തിലെ പാളിച്ചകളെയും മാനസികമായ അവസ്ഥകളെയും സൂചിപ്പിക്കുന്നു. ജോലിഭാരം, സമ്മർദം, സമൂഹത്തിൽ നിന്ന് നേരിടുന്ന വെല്ലുവിളികൾ എന്നിവ പോലീസുകാരന്റെ മാനസികാവസ്ഥയെ ബാധിക്കാം. എന്നാൽ, ഇതിന്റെയെല്ലാം ഫലം നിരപരാധികളായ പൊതുജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. പൗരനെ സംരക്ഷിക്കേണ്ടവർ തന്നെ അവരെ ഭയപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുമ്പോൾ അത് നിയമവാഴ്ചയുടെ അടിസ്ഥാന തത്ത്വങ്ങളെയാണ് ലംഘിക്കുന്നത്. പോലീസ് സേനയുടെ തലപ്പത്തുള്ളവർ താഴെത്തട്ടിലുള്ളവർക്ക് കൃത്യമായ മാനസികാരോഗ്യ കൗൺസലിംഗും പരിശീലനവും നൽകേണ്ടതുണ്ട്. അതുപോലെ, കുറ്റക്കാരായ പോലീസുകാർക്കെതിരെ കർശന ശിക്ഷാ നടപടികൾ വേഗത്തിൽ സ്വീകരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാ ശക്തി ഭരിക്കുന്നവർക്ക് ഉണ്ടാകുകയും വേണം.

പോലീസ് സേനയിൽ സമൂലമായ മാറ്റം അനിവാര്യമാണ്. നിയമം നടപ്പാക്കുക എന്നതിനൊപ്പം ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ചുമതലയും അവർക്കുണ്ട്. പോലീസുകാർക്ക് നിയമത്തെക്കുറിച്ചും പൗരാവകാശങ്ങളെക്കുറിച്ചും കൂടുതൽ പരിശീലനം നൽകണം. ഒരു വ്യക്തിയെ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട നിയമപരമായ നടപടികളെക്കുറിച്ച് അവർക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം. പോലീസ് ഉദ്യോഗസ്ഥർക്ക് മനുഷ്യത്വപരമായ സമീപനത്തെക്കുറിച്ച് ക്ലാസ്സുകൾ നൽകണം. അധികാരം വിവേകത്തോടെ ഉപയോഗിക്കേണ്ട ഒന്നാണെന്ന് അവരെ ബോധ്യപ്പെടുത്തണം. കുറ്റം ചെയ്യുന്ന പോലീസുകാർക്കെതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണം. ഇത് സേനയിൽ അച്ചടക്കം കൊണ്ടുവരുമെന്നതിൽ സംശയമില്ല. പോലീസ് സ്റ്റേഷനുകളിലും വാഹനങ്ങളിലും സി സി ടി വി ക്യാമറകൾ സ്ഥാപിക്കുന്നത് ഇത്തരം അതിക്രമങ്ങൾ തടയാൻ സഹായിക്കും. ഇത് പോലീസുകാരുടെ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കും. പോലീസ് ജനങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള വേദികൾ സൃഷ്ടിക്കണം. പോലീസിനോടുള്ള ജനങ്ങളുടെ കാഴ്ചപ്പാട് മാറ്റാനും വിശ്വാസം വളർത്താനും ഇത് സഹായിക്കും.

നിയമപാലകരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഓരോ അരുതാത്ത പ്രവൃത്തിയും ജനങ്ങളും സർക്കാറും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കുന്നു. ജനമൈത്രി എന്ന പേരിൽ മാത്രം കാര്യമില്ല, ആ പേരിനെ സാർഥകമാക്കുന്ന പ്രവൃത്തികളിലൂടെ മാത്രമേ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ കഴിയുകയുള്ളൂ. നിയമസംരക്ഷണം എന്നത് ആരുടെയും വ്യക്തിപരമായ താത്പര്യങ്ങളോ പ്രതികാരമോ അല്ല, അത് സമൂഹത്തിന്റെ മുഴുവൻ ഭദ്രതക്കുള്ള ഉത്തരവാദിത്വമാണെന്ന് ഓരോ പോലീസുകാരനും മനസ്സിലാക്കണം. നമ്മുടെ പോലീസ് സേനയെ കൂടുതൽ മാനുഷികവും നീതിപൂർവകവുമാക്കാൻ സർക്കാറും സമൂഹവും ഒന്നിച്ചുനിൽക്കണം.

Latest