Connect with us

Kerala

ശബരിമലയിലെ ഭയാനകാവസ്ഥ; കാരണം സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെന്ന് കെ സി വേണുഗോപാല്‍

സര്‍ക്കാരും ദേവസ്വം ബോര്‍ഡും സ്വര്‍ണക്കടത്തുകാരെ രക്ഷിക്കാനും കൊള്ള മറയ്ക്കാനുമുള്ള തിരക്കിലായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | ശബരിമലയിലെ ഭയാനകമായ സ്ഥിതിവിശേഷത്തിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ നിരുത്തരവാദിത്ത സമീപനമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. കെടുകാര്യസ്ഥതയും പിടിപ്പുകേടും സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതികളായവരെ രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ വ്യഗ്രതയുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കിടയാക്കിയത്. ആരെയെങ്കിലും പഴിചാരി രക്ഷപ്പെടാതെ യുദ്ധകാലാടിസ്ഥാനത്തില്‍ ഭക്തര്‍ക്ക് സുഗമമായ അയ്യപ്പ ദര്‍ശനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

ശബരിമലയിലെ തിരക്കിന് കാരണം മുന്നൊരുക്കങ്ങളുടെ അപര്യാപ്തയാണെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ പ്രതികരണം സംസ്ഥാന സര്‍ക്കാരിന്റെ പരാജയം സമ്മതിച്ചുകൊണ്ടുള്ള കുറ്റസമ്മതമാണ്. ഭക്തര്‍ക്ക് സുരക്ഷിത ദര്‍ശന സൗകര്യം ഒരുക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിന്റേതാണ്. എല്ലാ വകുപ്പുകളേയും ഏകോപിപ്പിക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ സ്വര്‍ണക്കടത്തുകാരെ രക്ഷിക്കാനും കൊള്ള മറയ്ക്കാനുമുള്ള തിരക്കിലായിരുന്നു സര്‍ക്കാരും ദേവസ്വം ബോര്‍ഡും. അതിനിടയില്‍ ഭക്തര്‍ക്ക് സൗകര്യമൊരുക്കാന്‍ മറന്നു.

തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ പേര് പറഞ്ഞ് ശബരിമലയില്‍ സംഭവിച്ച വീഴ്ചയില്‍ നിന്ന് രക്ഷപ്പെടാനാവില്ല. സര്‍ക്കാരിന്റെ അത്തരം വാദം വിചിത്രമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂ. മാസങ്ങള്‍ക്ക് മുമ്പ് നടത്തേണ്ടതാണ് ശബരിമല മണ്ഡലകാല മുന്നൊരുക്കം. എന്നാല്‍, ഇത്തവണ അതൊന്നും സര്‍ക്കാര്‍ ചെയ്തില്ലെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

 

---- facebook comment plugin here -----

Latest