From the print
മിതത്വത്തിന്റെ സന്ദേശങ്ങൾ

ജീവിതത്തിന്റെ സകല മേഖലകളിലും മിതത്വം പാലിക്കേണ്ടവനാണ് മനുഷ്യൻ. തീവ്രതയും കാർക്കശ്യവുമുള്ള നിലപാടുകളും സമീപനങ്ങളും മറ്റുള്ളവർക്ക് മടുപ്പുളവാക്കുകയും വെറുപ്പിലേക്കും നാശത്തിലേക്കും നയിക്കുകയും ചെയ്യും. അത്തരം നിലപാടുകളെ തിരസ്‌കരിക്കാനുള്ള ധാരാളം നിർദേശങ്ങൾ തിരുവചനങ്ങളിലുണ്ട്. മിതത്വത്തിന്റെയും സമവായത്തിന്റെയും മാർഗങ്ങളിലേക്ക് വഴിനടത്താൻ തിരുനബി (സ്വ) സദാ ബദ്ധശ്രദ്ധനായിരുന്നു. അനുചരരിൽ അതിരുകവിഞ്ഞ പ്രവർത്തനങ്ങളുണ്ടായപ്പോൾ ഗൗരവം കാണിക്കുകയും തീവ്രത പ്രത്യക്ഷപ്പെട്ടപ്പോൾ താക്കീത് നൽകുകയും മിതത്വം ദർശിച്ചപ്പോൾ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
വിശ്വാസം, കർമം, ആചാരം, അനുഷ്ഠാനം, ആരാധന, ഭക്തി, സ്വഭാവം, പെരുമാറ്റം, ഇടപാടുകൾ, ഭക്ഷണപാനീയങ്ങൾ, പ്രകൃതിവിഭവങ്ങൾ, സ്നേഹം, വിവാഹം, സംസാരം, വേഷം, നടത്തം, ഭക്ഷണം, പ്രാർഥന, യുദ്ധം, വിനിമയം, ഉപദേശം തുടങ്ങി സകല ഇടങ്ങളിലും ഇസ്്ലാമിന്റെ സമീപനം മധ്യമമാണ്. തീവ്രതയുടെ ക്ഷീണവും ലാഘവത്വത്തിന്റെ വീഴ്ചയും മതം താത്പര്യപ്പെടുന്നില്ല. ഇബ്‌നു മസ്ഊദ് (റ) നിവേദനം: നബി (സ്വ) പറഞ്ഞു: “കാർക്കശ്യം പലർത്തുന്നവർ (തീവ്രത പുലർത്തുന്നവർ) നശിച്ചതു തന്നെ’- ഇത് മൂന്ന് പ്രാവശ്യം അവിടുന്ന് ആവർത്തിച്ചു. (മുസ്്ലിം)
അല്ലാഹു പറയുന്നു: വിട്ടുവീഴ്ചയുടെ മാർഗം സ്വീകരിക്കുക. നല്ലത് കൽപ്പിക്കുക. അവിവേകികളെ അവഗണിക്കുകയും ചെയ്യുക (ഖുർആൻ:7/195). മുത്ത് നബി തന്റെ അനുചരന്മാരായ മുആദ്ബ്നു ജബലി(റ)നെയും അബൂമൂസൽ അശ്അരി(റ)യെയും യമനിലേക്ക് പ്രബോധകരായി നിയോഗിച്ചപ്പോൾ അവർക്ക് നൽകിയ ഉപദേശം ഇങ്ങനെയായിരുന്നു; “നിങ്ങൾ കാര്യങ്ങൾ ലളിതമാക്കുക, പ്രയാസപ്പെടുത്തരുത്. ആളുകളെ സന്തോഷിപ്പിക്കുക, വെറുപ്പിക്കരുത്. പരസ്പരം അനുസരിക്കുക, ഭിന്നിപ്പിക്കരുത്’.
മതത്തിന്റെ സത്തയായ ആരാധനകളിൽ പോലും പക്വമാർന്ന മിതത്വ നിലപാടാണ് ഇസ്്ലാമിനുള്ളത്.നിസ്‌കാരത്തിന് നേതൃത്വം നൽകുന്നവർ പിന്നിലുള്ള ശേഷി കുറഞ്ഞവരെയും വൃദ്ധരെയും പരിഗണച്ച് ലഘൂകരിക്കണമെന്നും പകൽ വ്രതമനുഷ്ഠിക്കുകയും രാത്രിയിലുടനീളം നിസ്‌കരിക്കുകയും ചെയ്ത ഭൃത്യനോട് ഇടവേളയും വിശ്രമവും നൽകണമെന്നും മുഴുസമയവും ആരാധനയിൽ നിമഗ്‌നനാകാതെ സ്വന്തം ശരീരത്തോടും അവയവങ്ങളോടും സഹധർമിണിയോടും മക്കളോടും സന്ദർശകരോടുമെല്ലാമുള്ള കടപ്പാടുകൾ വീട്ടണമെന്നും അവിടുന്ന് ഉപദേശിച്ചത് കാണാം.
ഹജ്ജ് വേളയിൽ എറിയുന്ന കല്ലിന്റെ കാര്യത്തിൽപോലും അതിരുകവിയൽ അവിടുന്ന് അനുവദിച്ചിരുന്നില്ല. ചെലവ് ചെയ്യുമ്പോഴും ആഹരിക്കുമ്പോഴും പാനം ചെയ്യുമ്പോഴും അമിതത്വം കടന്നുവരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പ്രാർഥന നടത്തുമ്പോൾ പോലും മിതത്വം കാത്തുസൂക്ഷിക്കണമെന്നും അവിടുന്ന് പഠിപ്പിച്ചു. വേളികഴിക്കാതെ സ്ത്രീകളിൽ നിന്നകന്ന് ജീവിക്കുമെന്ന് പറഞ്ഞ അനുചരനെ ശാസിച്ചു. അനാവശ്യമായി കാർക്കശ്യം പുലർത്തുന്നവർക്ക് നാശമുണ്ടാകുമെന്നും മിതത്വം പാലിക്കുന്നവർക്ക് ലക്ഷ്യത്തിലെത്താൻ കഴിയുമെന്നും നബിവചനങ്ങളിലുണ്ട് (മുസ്്ലിം).