International
ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടുവെന്ന് അഭ്യൂഹം; കുടുംബാംഗങ്ങള്‍ക്ക് ജയില്‍ സന്ദര്‍ശിക്കാന്‍ അനുമതി
ഇതോടെ സഹോദരി അലീമ ഖാനും പി ടി ഐ അനുയായികളും അഡിയാല ജയിലിന് സമീപം നടത്തിവന്ന ധര്‍ണ അവസാനിപ്പിച്ചു
ഇസ്ലാമാബാദ് | പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രികെ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹത്തിനിടെ കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കി പാക് ജയില്‍ അധികൃതര്‍. ഇതോടെ സഹോദരി അലീമ ഖാനും പി ടി ഐ അനുയായികളും അഡിയാല ജയിലിന് സമീപം നടത്തിവന്ന ധര്‍ണ അവസാനിപ്പിച്ചു.
ഇന്നും ചൊവ്വാഴ്ചയും ഇമ്രാനെ സന്ദര്‍ശിക്കാനാണ് കുടുംബാംഗങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടതായ വാര്‍ത്തകള്‍ പ്രചരിച്ചതോടെ പാകിസ്താനില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തു.
അഭ്യൂഹങ്ങള്‍ ശക്തമായതോടെ ഇമ്രാന്‍ ഖാന്റെ ആയിരക്കണക്കിന് അനുയായികള്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലേയ്ക്ക് ഇരച്ചുകയറി. ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടുവെന്ന തരത്തിലുള്ള നിരവധി പോസ്റ്റുകള്‍ എക്‌സ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച യാതൊരു സ്ഥിരീകരണവും ജയില്‍ അധികൃതര്‍ പുറത്തുവിട്ടില്ല.
ഇമ്രാന്‍ ഖാനുനേരെ ജയിലില്‍ ക്രൂരമായ ആക്രമണം നടക്കുന്നതായി ആരോപിച്ച് അദ്ദേഹത്തിന്റെ മൂന്ന് സഹോദരിമാര്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സഹോദരനെ കാണണമെന്ന ഇവരുടെ ആവശ്യം അധികൃതര്‍ തള്ളിയതോടെയാണ് ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങള്‍ പരന്നത്. ജയില്‍ അധികൃതരുടെ മോശം പെരുമാറ്റവും പീഡനവും ഉയര്‍ത്തിക്കാണിച്ച് ഇമ്രാന്‍ഖാന്‍ പലപ്പോഴും പരാതികള്‍ ഉന്നയിച്ചിരുന്നു.


