Ongoing News
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ഫൈനലില്‍ നീരജിന് നിരാശ
നീരജ് എട്ടാം സ്ഥാനത്ത്. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ കെഷോണ്‍ വാല്‍കോട്ടിനാണ് സ്വര്‍ണം. ഇന്ത്യയുടെ സച്ചിന്‍ യാദവിന് നാലാം സ്ഥാനം.

ടോക്കിയോ | ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജാവലിന്‍ താരവും നിലവിലെ ചാമ്പ്യനുമായ നീരജ് ചോപ്രക്ക് നിരാശ. ഫൈനലില്‍ നീരജ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. താരത്തിന്റെ മൂന്നാമത്തെ ത്രോ ഫൗള്‍ ആയി. ആദ്യ ത്രോയില്‍ 84.03 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജിന് രണ്ടാമത്തേതില്‍ 83.65 മീറ്റര്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നാലാമത്തേതില്‍ 82.86ലേക്കു വീണു. ഇന്നലെ നടന്ന യോഗ്യതാ മത്സരത്തില്‍ ആദ്യ ത്രോയില്‍ തന്നെ 84.85 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഫൈനല്‍ പ്രവേശം നേടിയിരുന്നത്.
ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ കെഷോണ്‍ വാല്‍കോട്ടിനാണ് സ്വര്‍ണം. 88.16 മീറ്റര്‍ എറിഞ്ഞാണ് വാല്‍കോട്ട് ഒന്നാമതെത്തിയത്. ഗ്രനേഡയുടെ അന്‍ഡേഴ്‌സണ്‍ പീറ്റര്‍ വെള്ളിയും അമേരിക്കയുടെ കര്‍ട്ടിസ് തോംപ്‌സണ്‍ വെങ്കലവും നേടി.
ആദ്യ ശ്രമത്തില്‍ 86.27 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച ഇന്ത്യയുടെ തന്നെ സച്ചിന്‍ യാദവ് നാലാം സ്ഥാനം കരസ്ഥമാക്കി. ആദ്യ ശ്രമത്തില്‍ 86.27 മീറ്ററും മൂന്നാമത്തേതില്‍ 85.71ഉം നാലാമത്തേതില്‍ 84.90ഉം കണ്ടെത്താന്‍ സച്ചിന് കഴിഞ്ഞു. താരത്തിന്റെ രണ്ടാം ശ്രമം പാഴായിരുന്നു.
പാകിസ്താന്റെ ഒളിംപിക് ചാമ്പ്യന്‍ അര്‍ഷദ് നദീം പത്താം സ്ഥാനത്തേക്കു പതിച്ചു. ആദ്യ ത്രോയില്‍ 82.75, രണ്ടാമത്തേതില്‍ 82.73 ദൂരം കണ്ടെത്തിയ നദീമിന്റെ മൂന്നാമത്തെ ത്രോ ഫൗളില്‍ കലാശിച്ചിരുന്നു.