Kerala
പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡ്, സ്പോര്‍ട് കോംപ്ലക്സുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ തെരുവു നായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നാണ് ഉത്തരവ്.
ന്യൂഡല്‍ഹി | പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡ്, സ്പോര്‍ട് കോംപ്ലക്സുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ തെരുവു നായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നുമാണ് ഉത്തരവ്.
പിടികൂടുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെല്‍ട്ടറിലേക്ക് മാറ്റണമെന്നും എവിടെ നിന്നാണോ തെരുവ് നായകളെ പിടികൂടുന്നത് അവിടെ തുറന്നു വിടരുതെന്നും ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേഹ്ത, എന്‍ വി അന്‍ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
ദേശീയപാതകള്‍, മറ്റ് റോഡുകള്‍, എക്പ്രസ് വേകള്‍ എന്നിവിടങ്ങളില്‍ നിന്ന് അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ ഉള്‍പ്പടെയുള്ള മൃഗങ്ങളെ നീക്കണമെന്ന് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും നോഡല്‍ അതോറിറ്റികളോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
കന്നുകാലികളെയും മറ്റ് മൃഗങ്ങളെയും ഉള്‍പ്പെടുത്തി സംയുക്തവും ഏകോപിതവുമായ ഒരു ഡ്രൈവ് ഉടനടി ആരംഭിക്കണം. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിമാരോട് ബെഞ്ച് നിര്‍ദ്ദേശിച്ചു.
വീഴ്ചകള്‍ക്ക് ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ ഉത്തരവാദിത്തം വഹിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി വികസിപ്പിച്ചെടുത്ത സംവിധാനം വിശദീകരിച്ച് എട്ടാഴ്ചയ്ക്കുള്ളില്‍ ഒരു സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു. തെരുവ്നായ്ക്കള്‍ കടക്കുന്നത് തടയാന്‍ ജില്ലാ ആശുപത്രികളും റെയില്‍വേ സ്റ്റേഷനുകളുമുള്‍പ്പടെയുള്ള ഇടങ്ങളില്‍ സംരക്ഷണ വേലികള്‍ നിര്‍മിക്കണമെന്നും നിര്‍ദേശമുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് സ്ഥാപിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.


