Connect with us

National

ജി എസ് ടി സേവിങ്‌സ് ഉത്സവത്തിന് നാളെ തുടക്കം; സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും: പ്രധാനമന്ത്രി

99 ശതമാനം സാധനങ്ങളും അഞ്ചുശതമാനം ജി എസ് ടി നികുതി ഘടനയിലേക്കു വരികയാണ്. ഒരു രാജ്യം ഒരു ടാക്‌സ് എന്ന പുതിയ ജി എസ് ടി ഘടന നടപ്പിലാകുമ്പോള്‍ എല്ലാവര്‍ക്കും ഗുണമുണ്ടാകും.

Published

|

Last Updated

ന്യൂഡല്‍ഹി | ജി എസ് ടി സേവിങ്‌സ് ഉത്സവത്തിന് നാളെ തുടക്കം കുറിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. നവരാത്രിയുടെ ആദ്യ ദിനം സൂര്യോദയത്തോടെ തന്നെ ജി എസ് ടി പരിഷ്‌കാരം പ്രാബല്യത്തിലാകും. നാളെ മുതല്‍ സാധനങ്ങള്‍ കുറഞ്ഞ് വിലയ്ക്ക് വാങ്ങാന്‍ കഴിയുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേ പ്രധാന മന്ത്രി പറഞ്ഞു.

രാജ്യം മറ്റൊരു നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. 99 ശതമാനം സാധനങ്ങളും അഞ്ചുശതമാനം ജി എസ് ടി നികുതി ഘടനയിലേക്കു വരികയാണ്. ഒരു രാജ്യം ഒരു ടാക്‌സ് എന്ന പുതിയ ജി എസ് ടി ഘടന നടപ്പിലാകുമ്പോള്‍ എല്ലാവര്‍ക്കും ഗുണമുണ്ടാകും. പരിഷ്‌കാരം ഇന്ത്യയുടെ വളര്‍ച്ചക്ക് സഹായകമാകും. വികസനത്തെ ത്വരിതപ്പെടുത്തും. പല തരത്തിലുള്ള നികുതികള്‍ ഉണ്ടായിരുന്ന രാജ്യമാണിത്. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ വിവിധ തരത്തിലുള്ള നികുതികള്‍ നല്‍കേണ്ടി വന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ നികുതി ഘടന ലഘൂകരിക്കപ്പെട്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നികുതി ഘടനയിലെ മാറ്റം മധ്യവര്‍ഗത്തിനു ഗുണം ചെയ്യും. ജി എസ് ടി പരിഷ്‌കാരം കൂടിയാകുമ്പോള്‍ മധ്യവര്‍ഗത്തിന് ഡബിള്‍ ബോണസ് ലഭിക്കും. നാഗരിക് ദേവോ ഭവയാണ് നയം. പുതിയ മധ്യവര്‍ഗത്തിന് അവരുടേതായ സ്വപ്‌നങ്ങളുണ്ട്. ആത്മനിര്‍ഭര്‍ ഭാരതത്തിലേക്കുള്ള പ്രയാണത്തിന്റെ ഒരു ചുവടുവെപ്പാണ് ജി എസ് ടി പരിഷ്‌കാരം. രാജ്യത്തിന് ആവശ്യമായത് തദ്ദേശീയമായി ഉണ്ടാക്കണം. ജനാഭിലാഷം തിരിച്ചറിഞ്ഞാണ് സര്‍ക്കാരിന്റെ തീരുമാനം. ഈ പരിഷ്‌കരണത്തിന് തുടര്‍ച്ചയുണ്ടാകും. വികസനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് രക്ഷിച്ചുവെന്നും സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest