Kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്; ഡി മണിക്ക് ക്‌ളീന്‍ചിറ്റ് നല്‍കി എസ്‌ഐടി
എസ് ഐ ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോട്ടിലാണ് ഇക്കാര്യം പറയുന്നത്
തിരുവനന്തപുരം|ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഡി മണിക്ക് ക്‌ളീന്‍ചിറ്റ് നല്‍കി എസ്‌ഐടി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോട്ടിലാണ് എസ്‌ഐടി ഇക്കാര്യം പറയുന്നത്. ഡി മണിക്കെതിരെ പ്രത്യേക തെളിവുകളൊന്നും ലഭിച്ചിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലുമാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ഡി മണിയെ ദിണ്ടിഗലിലെത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
തനിക്കെതിരെയുള്ള ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളുകയാണ് ഡി മണി ചെയ്തത്. വിഗ്രഹക്കടത്തില്‍ പങ്കില്ലെന്നാണ് മണി മൊഴി നല്‍കിയിരുന്നത്. ഡി മണിയുടെ വീട്ടിലും ഓഫീസുകളിലും എസ്‌ഐടി പരിശോധന നടത്തിയിരുന്നു. ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയോ എന്നതിലും പരിശോധന നടത്തി. ഫോണ്‍ രേഖകളും പരിശോധിച്ചു. ദിണ്ടിഗലിലെ മണിയുടെ വീട്ടിലും വിവിധ ഇടങ്ങളിലുള്ള സ്ഥാപനങ്ങളിലുമാണ് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ എസ്‌ഐടി പരിശോധന നടത്തിയത്. ഇവിടെ നിന്ന് ചില രേഖകള്‍ അടക്കം പിടിച്ചെടുത്തിരുന്നു.
ഒരു ഉന്നതന്റെ സഹായത്തോടെ ഉണ്ണികൃഷ്ണന്‍ പോറ്റി ഇടപെട്ട് ശബരിമലയില്‍ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തി എന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണത്തെ തുടര്‍ന്നായിരുന്നു അന്വേഷണം.



