Saudi Arabia
ഡിഫ ചാമ്പ്യൻസ് ലീഗിന് വെള്ളിയാഴ്ച തുടക്കം
ഡിഫയിൽ രജിസ്റ്റർ ചെയ്യപ്പെട്ട 24 ടീമുകൾ പങ്കെടുക്കുന്ന ലീഗ് ടൂർണമെന്റിന് ദമാം വിന്നേഴ്‌സ് സ്റ്റേഡിയമാണ് മത്സര വേദി.
ദമാം|സഊദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസി ഫുട്‍ബോൾ ക്ലബുകളുടെ കൂട്ടായ്മയായ ദമാം ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷൻ (ഡിഫ) സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ലീഗിന് ജനുവരി ഒൻപതിന് ന് തുടക്കമാവുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിഫയിൽ രജിസ്റ്റർ ചെയ്യപ്പെട്ട 24 ടീമുകൾ പങ്കെടുക്കുന്ന ലീഗ് ടൂർണമെന്റിന് ദമാം വിന്നേഴ്‌സ് സ്റ്റേഡിയമാണ് മത്സര വേദി. 45 മത്സരങ്ങളുള്ള ടൂർണമെന്റ് മെയ് അവസാന വാരം വരെ നീണ്ടുനിൽക്കും.
മേളയുടെ ഔദ്യോഗിക കിക്കോഫ് കായിക-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയോടെ ജനുവരി 16ന് നടക്കുക. വാണിജ്യ രംഗത്തെ പ്രമുഖരായ എച്.എം.ആർ കമ്പനി ലിമിറ്റഡാണ് മേളയുടെ മുഖ്യ പ്രായോജകർ. ഡിഫക്ക് കീഴിൽ രണ്ട് വർഷത്തോളമായി നടന്ന് വന്ന ടൂര്ണമെന്റുകളിലെ ടീമുകളുടെ പോയന്റിനെ അടിസ്ഥാനമാക്കി എ,ബി,സി എന്നീ മൂന്ന് ഗ്രൂപ്പുകളാക്കി തിരിച്ച് ലീഗ് അടിസ്ഥാനത്തിലാണ് ചാമ്പ്യൻസ് ലീഗ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വിശദീകരിച്ചു. മൂന്ന് ഗ്രുപ്പുകളിൽ നിന്നുമായി മൂന്ന് ചാമ്പ്യന്മാരെ ഫൈനൽ മത്സരത്തിലൂടെ നിശ്ചയിക്കും,വിജയികൾക്ക് ട്രോഫിയും കാശ് അവാർഡും സമ്മാനിക്കും. ടൂർണമെന്റിന്റെ ഭാഗമായി വിവിധ കലാ സാംസ്ക്കാരിക പരിപാടികളും നടക്കും.
ഡിഫയിൽ രജിസ്റ്റർ ചെയ്ത ഫുട്ബോൾ കളിക്കാർക്ക് മാത്രമാണ് ടൂർണമെന്റിൽ പങ്കെടുക്കുവാൻ സാധിക്കുക. ഇതാദ്യമായാണ് ഡിഫക്ക് കീഴിൽ ലീഗ് ഫുട്‍ബോൾ മേള സംഘടിപ്പിക്കപ്പെടുന്നത്. ദമാമിലെ കാൽപന്ത് സംഘാടനത്തിന് ഏകീക്യത വേദിയെന്ന രൂപത്തിൽ 2009 ജനുവരി 08ന് പിറവി കൊണ്ട ഡിഫ പ്രശംസനീയമായ പ്രവർത്തനങ്ങളിലൂടെയാണ് പതിനേഴാം വർഷത്തിലേക്ക് പ്രവേശിക്കുന്നതെന്ന് ഡിഫ സാരഥികൾ പറഞ്ഞു. 24 ക്ലബുകൾ രജിസ്റ്റർ ചെയ്യപ്പെട്ട ഡിഫയിൽ ആയിരത്തിൽ പരം പ്രൊഫഷണൽ കളിക്കാരുണ്ട്.
വാർത്താ സമ്മേളനത്തിൽ ഡിഫ പ്രസിഡന്റും ടൂർണമെന്റ് കമ്മറ്റി ചെയർമാനുമായ ഷമീർ കൊടിയത്തൂർ, ജനറൽ കൺവീനർ മുജീബ് കളത്തിൽ, ജനറൽ സെക്രട്ടറി റഷീദ് മാളിയേക്കൽ, ട്രഷറർ ജുനൈദ് നീലേശ്വരം, മീഡിയ കോഡിനേറ്റർ ആസിഫ് മേലങ്ങാടി എന്നിവർ പങ്കെടുത്തു.
---- facebook comment plugin here -----





