Connect with us

From the print

ഇ കെ വിഭാഗം ബഹാഉദ്ദീൻ നദ്‌വിക്കെതിരായ നീക്കം സംഘടനയിലെ ഗൂഢാലോചന

സി പി എമ്മിന് വിമർശമില്ല • നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പൂർവവിദ്യാർഥി കൂട്ടായ്മ

Published

|

Last Updated

മലപ്പുറം | ചെമ്മാട് ദാറുൽഹുദക്കെതിരെയും ബഹാഉദ്ദീൻ നദ്‌വിക്കെതിരെയും ഇപ്പോൾ നടക്കുന്ന വിമർശവും ഇടപെടലും ഇ കെ വിഭാഗത്തിനകത്തെ ഗൂഢാലോനചനയെന്ന് ആരോപിച്ചും സംഘടനാ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചും അനുയായികളുടെ കൂട്ടായ്മ.
കഴിഞ്ഞ ദിവസങ്ങളിലായി ബഹാഉദ്ദീൻ നദ്‌വി നടത്തിയ പ്രസ്താവന വിവാദമായതും ദാറുൽ ഹുദക്കെതിരെ പ്രാദേശികമായി നടക്കുന്ന പ്രതിഷേധങ്ങളും ഇ കെ വിഭാഗത്തിനകത്തെ ലീഗ് വിരുദ്ധ പക്ഷത്തിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ചെമ്മാട് ദാറുൽ ഹുദാ പൂർവവിദ്യാർഥി കൂട്ടായ്മയായ ഹാദിയയുടെ ആരോപണം. “വൈഫ് ഇൻചാർജ്’ പരാമർശത്തിൽ നദ്‌വിയെ തള്ളിപ്പറഞ്ഞ നേതൃത്വത്തിനെതിരെ രൂക്ഷവിമർശമുയർന്നു. മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, “നിങ്ങൾ പറയുന്നതു പോലെ ആ മനുഷ്യൻ പറഞ്ഞിട്ടില്ലല്ലോ, പ്രസംഗം വിശദമായി കേട്ടിട്ടില്ല’ എന്നൊക്കെ പറയുന്നതിനു പകരം’ അത് സമസ്തയുടെ നയമമല്ല, ആരുടെയും സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കൽ ഞങ്ങളുടെ രീതിയല്ല’ എന്നൊക്കെ പറഞ്ഞത് ചില്ലറക്കാരല്ലെന്ന് ഹാദിയ സെക്രട്ടറി ഹാരിസ് ഹുദവി കുറ്റിപ്പുറം പറഞ്ഞു.
ശനിയാഴ്ച മലപ്പുറം ടൗൺഹാളിൽ “ഛിദ്രശക്തികൾക്കെതിരെ തിരുത്ത്’ എന്ന പേരിൽ ഹാദിയ നടത്തിയ പരിപാടിയാണ് ഇ കെ വിഭാഗം നേതാക്കളെയും പേരെടുത്തു പറയാതെ രൂക്ഷഭാഷയിൽ വിമർശിച്ചത്. ഇപ്പോൾ ഉയർന്ന ആരോപണങ്ങളിൽ സി പി എമ്മാണ് മറുപക്ഷത്ത് നിൽക്കുന്നത് എന്നിരിക്കെ അവരെ വിമർശിക്കാതെ ഇ കെ വിഭാഗത്തിനകത്തെ ലീഗ് വിരുദ്ധ ചേരിയെ വിമർശിക്കുകയാണ് പരിപാടിയിൽ പ്രാസംഗികർ ചെയ്തത്.

സി ഐ സി വിഷയത്തിൽ വാഫികൾക്കെതിരെ നീങ്ങിയത് പോലെ ഇപ്പോൾ ഹുദവികൾക്കിതിരെ നീക്കം നടക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. ഹാരിസ് ഹുദവി കുറ്റിപ്പുറമാണ് പ്രധാനമായും വിമർശമുന്നയിച്ച് പ്രസംഗിച്ചത്. “ഷജറകൾ’ എന്നു വിളിക്കുന്നവരാണ് ഗൂഢാലോചന നടത്തുന്നത്. ബോധപൂർവമായ നീക്കമാണിത്. പകയും വിദ്വേഷവും കൊണ്ടുനടക്കുകയാണ്, കേരളത്തിന് പുറത്ത് പെട്ടിക്കട നടത്തുന്നവരാണ് എന്നൊക്കെ പറഞ്ഞ് ഹാദിയ മറ്റ് സംസ്ഥാനങ്ങളിൽ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ പരിഹസിക്കുന്നവർ കേരളത്തിന് പുറത്ത് ഒരു സ്ഥാപനം നടത്താൻ തയ്യാറുണ്ടോയെന്നും ഹാരിസ് ഹുദവി ചോദിച്ചു.

സ്വാദിഖലി തങ്ങൾക്ക് പകരമായി ദാറുൽ ഹുദയുടെ പ്രസിഡന്റാകാൻ പറ്റിയ ആരും ഇന്ന് കേരളത്തിൽ ഇല്ലെന്നേ ചോറ് കഴിക്കുന്ന ആരും പറയൂ.
ഹാദിയയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് നടന്ന മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവെലിനെതിരെ നടന്ന വിമർശവും “ഷജറക’ളുടെ ഗൂഡാലോചനയാണ്. എം എൽ എഫിനെ തള്ളിപ്പറയില്ല, വിജയിപ്പിക്കുക തന്നെ ചെയ്യും. ഒരു അബദ്ധം പറ്റി- അദ്ദേഹം പറഞ്ഞു.
അതേസമയം, പരിപാടിയിലെ പ്രസംഗങ്ങൾക്കെതിരെ വ്യാപക വിമർശമാണ് ഉയരുന്നത്. “ആരെന്തൊക്കെ പറഞ്ഞാലും പഠിച്ച് മനസ്സിലാക്കിയ നമ്മൾ യുക്തി അനുസരിച്ച് ചിന്തിച്ചാൽ ശരിയെന്ന് തോന്നുന്ന പക്ഷം ഉണ്ടാകും അതിന്റെ കൂടെ നിൽക്കുമെന്ന പരാമർശത്തിനെതിരെ ദാറുൽ ഹുദ പൂർവവിദ്യാർഥിയും ഇ കെ വിഭാഗം നേതാവുമായ അഡ്വ. ത്വയ്യിബ് ഹുദവി തന്നെ രംഗത്തെത്തി.

നിങ്ങൾ ഒരുകാലത്ത് ആലുവ ത്വരീഖത്തിലേക്ക് പോയവരും പിന്നീട് തിരിച്ചുവന്നവരും അല്ലേ?, നിങ്ങളുടെ യുക്തിചിന്ത പ്രകാരം സ്വീകരിച്ച മാർഗം നിങ്ങൾക്ക് തന്നെ യുക്തിഭദ്രമല്ലെന്ന് തോന്നിയതിന് ഇതിലും വലിയ തെളിവ് വേറെ വേണോ? നിങ്ങൾ ഇപ്പോൾ ഉണ്ടെന്നു പറയുന്ന പഠിച്ചുമനസ്സിലാക്കലും യുക്തി അനുസരിച്ച് ചിന്തിക്കലും ശരിയെന്ന തോന്നലും അന്ന് നിങ്ങൾക്ക് ഉണ്ടായിരുന്നില്ലേ?, നിങ്ങളിൽ ചിലരാണ് ഇക്കാലത്ത് ചില വാഫികളെക്കാളും കൂടുതൽ സമസ്തയെ ഇകഴ്ത്താൻ ശ്രമിക്കുന്നത്.
എല്ലാം തികഞ്ഞവരാണെന്ന ധാരണയും അഹങ്കാരവും ഒഴിവാക്കുന്നതാണ് നിങ്ങൾക്ക് നല്ലത്- ത്വയ്യിബ് ഹുദവി ഫേസ്ബുക്കിൽ കുറിച്ചു.