local body election 2025
സി പി എമ്മിന്റെ മുതിർന്ന നേതാവ് മത്സര രംഗത്ത് നിന്ന് പിൻവാങ്ങി
സി പി എം കരവൂർ ബ്രാഞ്ച് സെക്രട്ടറിയും മുതിർന്ന പാർട്ടി അംഗവുമായ ടി ലക്ഷ്മണൻ ആണ് സി പി എം നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് ഇന്നലെ തന്റെ നാമനിർദ്ദേശ പത്രിക പിൻവലിച്ചത്.
ഇരിട്ടി | പടിയൂർ പഞ്ചായത്തിൽ പുലിക്കാട് വാർഡിൽ സി പി എം ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ റിബലായി നാമനിർദ്ദേശപത്രിക നൽകിയ സി പിഎമ്മിന്റെ മുതിർന്ന നേതാവ് മത്സരരംഗത്ത് നിന്നും പിൻവാങ്ങി. സി പി എം കരവൂർ ബ്രാഞ്ച് സെക്രട്ടറിയും മുതിർന്ന പാർട്ടി അംഗവുമായ ടി ലക്ഷ്മണൻ ആണ് സി പി എം നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് ഇന്നലെ തന്റെ നാമനിർദ്ദേശ പത്രിക പിൻവലിച്ചത്. സി പി എം പടിയൂർ ലോക്കൽ കമ്മിറ്റിയംഗം വി വി രാജീവനായിരുന്നു ഇവിടെ സി പി എമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥിയായി പത്രിക നൽകിയിരുന്നത്.സ്ഥാനാർത്ഥി നിർണയത്തിൽതന്നെ പരിഗണിക്കാതെ അവഗണിച്ചെന്നാരോപിച്ചാണ് ടി ലക്ഷ്മണൻ റിബലായി ഇതേ വാർഡിൽ പത്രിക നൽകിയിരുന്നത്.
നേരത്തെ പടിയൂർ ആര്യങ്കോട് വാർഡിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്ന വി വി രാജീവൻ അവസാന നിമിഷമാണ് പുലിക്കാട് വാർഡിൽ സ്ഥാനാർഥിയായി എത്തിയത്. സ്ഥാനാർകളെ പ്രഖ്യാപിക്കുന്ന പാർട്ടി യോഗത്തിൽ പങ്കെടുത്ത ടി ലക്ഷ്മണൻ തന്റെ പേര് പരിഗണിച്ചില്ലെന്ന് കണ്ടതോടെ യോഗത്തിൽ നിന്നും ഇറങ്ങി വരികയും പിന്നീട് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ നാമനിർദ്ദേശ പത്രിക നൽകുകയുമായിരുന്നു.
സി പി എം ലോക്കൽ കമ്മിറ്റിയംഗത്തിനെതിരെ അതേ ലോക്കൽ പരിധിയിലെ ബ്രാഞ്ച് സെക്രട്ടറി തന്നെ റിബലായി രംഗത്ത് വന്നത് സി പി എം നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഒടുവിൽ ലക്ഷ്മണനെ അനുനയിപ്പിക്കാനും സ്ഥാനാർത്ഥിത്വം പിൻവലിപ്പിക്കാനും സി പി എം ജില്ലാ സെക്രട്ടറി തന്നെ മുൻകൈയ്യെടുത്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി വി ഗോപിനാഥ്, ടി കെ ഗോവിന്ദൻ ,സി പി എം പടിയൂർ ലോക്കൽ സെക്രട്ടറി പി ഷിനോജ് എന്നിവരുടെ നേതൃത്വത്തിൽ ടി ലക്ഷ്മണനുമായി സംസാരിച്ച ശേഷമാണ് സ്ഥാനാർഥിത്വം പിൻവലിപ്പിക്കാൻ തീരുമാനമായത്.
ഇതേ തുടർന്ന് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ ടി ലക്ഷ്ണൻ പ്രാദേശിക പാർട്ടി നേതൃത്വത്തോടൊപ്പം വരണാധികാരിയുടെ മുന്നിലെത്തി പത്രിക പിൻവലിക്കുകയായിരുന്നു. താൻ സ്ഥാനാർഥിത്വം പിൻവലിച്ചതായും പാർട്ടി നിശ്ചയിച്ച സ്ഥാനാർഥിയെ വിജയിപ്പിക്കാൻ രംഗത്തിറങ്ങുമെന്നും ലക്ഷ്മണൻ പറഞ്ഞു.



