Ongoing News
ബി സി സി ഐ അധ്യക്ഷന്‍: മിഥുന്‍ മന്‍ഹാസ് പത്രിക സമര്‍പ്പിച്ചു
സെപ്തംബര്‍ 28ന് മുംബൈയില്‍ നടക്കുന്ന ബി സി സി ഐ വാര്‍ഷിക പൊതുയോഗത്തിലാണ് ഭാരവാഹി തിരഞ്ഞെടുപ്പ്.

മുംബൈ | ബി സി സി ഐ അധ്യക്ഷ സ്ഥാനത്തേക്ക് ഇന്ത്യയുടെ മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം മിഥുന്‍ മന്‍ഹാസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മിന്‍ഹാസ് പ്രസിഡന്റാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു. സെപ്തംബര്‍ 28ന് മുംബൈയില്‍ നടക്കുന്ന ബി സി സി ഐ വാര്‍ഷിക പൊതുയോഗത്തിലാണ് ഭാരവാഹി തിരഞ്ഞെടുപ്പ്.
ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് 45കാരനായ മിഥുന്‍ മന്‍ഹാസിന്റെ പേര് ബി സി സി ഐ അധ്യക്ഷ പദവിയിലേക്ക് ശിപാര്‍ശ ചെയ്യപ്പെട്ടത്. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ (ജെ കെ സി എ) ആണ് മിഥുനിന്റെ പേരു നിര്‍ദേശിച്ചത്. തിരഞ്ഞെടുപ്പിലേക്കു നീങ്ങാതെ പ്രസിഡന്റിനെ കണ്ടെത്താനാണ് ബി സി സി ഐയുടെ ശ്രമം.
ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കായി കളിച്ച താരമാണ് മിഥുന്‍ മന്‍ഹാസ്. പ്രസിഡന്റ് സ്ഥാനത്തേയ്ക്കു പരിഗണനയിലുണ്ടായിരുന്ന ബി സി സി ഐ മുന്‍ അധ്യക്ഷന്‍ സൗരവ് ഗാംഗുലി, മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് എന്നിവരെ മറികടന്നാണ് അപ്രതീക്ഷിതമായി മിഥുന്‍ മന്‍ഹാസിന്റെ പേര് ഉയര്‍ന്നുവന്നത്.
1998 മുതല്‍ 2016 വരെയുള്ള 18 വര്‍ഷത്തെ ആഭ്യന്തര കരിയറില്‍ 157 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ മിഥുന്‍ കളിച്ചിട്ടുണ്ട്. 2007-2008 സീസണില്‍ മിഥുനിന്റെ നായകത്വത്തിലാണ് ഡല്‍ഹി ടീം രഞ്ജി ട്രോഫി കിരീടം നേടിയത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, പുണെ വാരിയേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ഐ പി എല്‍ ടീമുകളുടെയും ഭാഗമായിരുന്നു. എന്നാല്‍ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.