Connect with us

Ongoing News

ഫിഫ റാങ്കിംഗ്: അര്‍ജന്റീനക്ക് തിരിച്ചടി; സ്‌പെയിന്‍ ഒന്നാമത്

ഫ്രാന്‍സിനും പിന്നിലായി അര്‍ജന്റീന മൂന്നാം സ്ഥാനത്ത്.

Published

|

Last Updated

സൂറിച്ച് | അര്‍ജന്റീനക്ക് ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നഷ്ടമായി. സ്‌പെയിനാണ് ഒന്നാം നമ്പര്‍ പദവിയിലേക്ക് കയറിവന്ന പുതിയ ടീം. ഫ്രാന്‍സിനും പിന്നിലായി അര്‍ജന്റീന മൂന്നാം സ്ഥാനത്തേക്ക് മാറും. രണ്ട് വര്‍ഷവും അഞ്ച് മാസവും ആദ്യ റാങ്കില്‍ തുടര്‍ന്ന ശേഷമാണ് ടീമിന് ഒന്നാം സ്ഥാനം ഇല്ലാതാവുന്നത്. ഇതോടെ ഫിഫ റാങ്കിംഗില്‍ ഒരു ടീം ദീര്‍ഘകാലം ഒന്നാമത് തുടര്‍ന്നതിന്റെ റെക്കോര്‍ഡിന് അന്ത്യമായി.

ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇക്വഡോറിനോട് തോറ്റതോടെയാണ് ലയണല്‍ മെസ്സിയുടെ ടീം താഴേക്കിറങ്ങേണ്ടി വന്നത്. യൂറോപ്യന്‍ യോഗ്യതയില്‍ പോയിന്റ് നിലയില്‍ മുമ്പില്‍ നില്‍ക്കുന്ന ടീമുകളുടെ വിജയവും അര്‍ജന്റീനക്ക് തിരിച്ചടിയായി.

കോപ അമേരിക്കയും 2022ലെ ലോകകപ്പും സ്വന്തമാക്കിയതോടെയാണ് 2023ലെ ഫിഫ റാങ്കിംഗില്‍ അര്‍ജന്റീന ഒന്നാമതെത്തിയത്. എന്നാല്‍, ലോകകപ്പ് യോഗ്യതയിലെ അടുത്തിടെ ഇക്വഡോറുമായി നടന്ന മത്സരത്തില്‍ ഒരു ഗോളിന് തോറ്റതോടെ ടീമിന് നിര്‍ണായക പോയിന്റുകള്‍ നഷ്ടമായി. മെസിയില്ലാതെയാണ് ഈ മത്സരത്തില്‍ അര്‍ജന്റീന കളത്തിലിറങ്ങിയിരുന്നത്.

ബള്‍ഗേറിയയെ 3-0ത്തിനും തുര്‍ക്കിയെ 6-0ത്തിനും പരാജയപ്പെടുത്തിയ സ്‌പെയിനും യുക്രൈനിനെയും (2-0), ഐസ്‌ലന്‍ഡിനെയും (2-1) തോല്‍പ്പിച്ച ഫ്രാന്‍സും യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങളിലേക്ക് കയറി.

പുതിയ ഫിഫ റാങ്കിംഗില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ വരുന്ന ടീമുകള്‍:
1. സ്‌പെയിന്‍
2. ഫ്രാന്‍സ്
3. അര്‍ജന്റീന
4. ഇംഗ്ലണ്ട്
5. പോര്‍ച്ചുഗല്‍
6. ബ്രസീല്‍
7. നെതര്‍ലന്‍ഡ്‌സ്
8. ബെല്‍ജിയം
9. ക്രൊയേഷ്യ
10. ഇറ്റലി

 

Latest