Connect with us

International

ഷെയ്ഖ് ഹസീനക്കെതിരായ കേസില്‍ വിധിപ്രസ്താവം ഇന്ന് ; ബംഗ്ലാദേശില്‍ കനത്ത ജാഗ്രത

ഹസീനയ്ക്ക് ജയില്‍ ശിക്ഷയോ വധശിക്ഷയോ വിധിച്ചാല്‍ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ അവാമി ലീഗ് ആഹ്വാനം ചെയ്തിട്ടുണ്ട്

Published

|

Last Updated

ധാക്ക |  കലാപത്തിന് പിറകെ ഇന്ത്യയിലേക്ക് പലായനം ചെയ്ത ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് എതിരായ കേസുകളില്‍ ധാക്കയിലെ പ്രത്യേക ട്രിബ്യുണല്‍ ഇന്ന് വിധി പറയും.
കഴിഞ്ഞ വര്‍ഷം നടന്ന ജൂലൈ പ്രക്ഷോഭവുമായി ബന്ധപ്പെട്ട മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കുള്ള കേസിലാണ് ട്രൈബ്യൂണല്‍ ഇന്ന് വിധി പ്രസ്താവിക്കുന്നത്. നിലവില്‍ ഇന്ത്യയിലുള്ള ഹസീനയ്ക്ക് പ്രോസിക്യൂട്ടര്‍മാര്‍ വധശിക്ഷയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹസീനയെയും മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമലിനെയും അസാന്നിധ്യത്തിലാണ് വിചാരണ ചെയ്തത്.

കേസില്‍ വിധി പറയുന്ന സാഹചര്യത്തില്‍ ബംഗ്ലദേശില്‍ ഉടനീളം അതീവ ജാഗ്രത പ്രഖ്യാപിച്ചു. ഹസീനയ്ക്ക് ജയില്‍ ശിക്ഷയോ വധശിക്ഷയോ വിധിച്ചാല്‍ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ അവരുടെ പാര്‍ട്ടി ആയ അവാമി ലീഗ് ആഹ്വനം ചെയ്തിട്ടുണ്ട്. തെരുവില്‍ ഇറങ്ങുന്നവരെ കര്‍ശനമായി നേരിടുമെന്ന് ബംഗ്ലദേശിലെ ഇടക്കാല സര്‍ക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യം പ്രക്ഷുബ്ധമാകാനുള്ള സാധ്യത കണക്കിലെടുത്താണ് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്.അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കും

മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഹസീനയുടെ ആഭ്യന്തര മന്ത്രിയായിരുന്ന അസദുസ്സമാന്‍ ഖാന്‍ കമല്‍, അന്നത്തെ പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ചൗധരി അബ്ദുല്ല അല്‍ മാമുന്‍ എന്നിവര്‍ക്കെതിരെയാണ് ബംഗ്ലദേശ് ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ വിധി പറയുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയില്‍ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ഹസീനയുടെ സര്‍ക്കാര്‍ അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തി എന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം. കൊലപാതകം, വധശ്രമം, പീഡനം, മനുഷ്യത്വരഹിതമായ പ്രവൃത്തികള്‍ എന്നിവ ചുമത്തിയതിനാല്‍ ഹസീനയ്ക്ക് വധശിക്ഷ കിട്ടുമെന്ന് പലരും കരുതുന്നു.

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ധാക്കയിലും മറ്റ് നഗരങ്ങളിലും ബോംബ് സ്‌ഫോടനങ്ങളും വാഹനങ്ങള്‍ക്ക് തീയിട്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് രാജ്യത്ത് രാഷ്ട്രീയ അരാജകത്വം തുടരുമെന്നതിന്റെ സൂചനയാണ്.ഞായറാഴ്ച രാത്രി വൈകി 9 മണിയോടെ ഇടക്കാല സര്‍ക്കാര്‍ ഉപദേഷ്ടാവ് സയിദ റിസ്വാന ഹസന്റെ വസതിക്ക് പുറത്ത് രണ്ട് ക്രൂഡ് ബോംബുകള്‍ പൊട്ടിത്തെറിച്ചു. കര്‍വാന്‍ ബസാര്‍ പ്രദേശത്തും ഒരു സ്‌ഫോടനമുണ്ടായി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.പാര്‍ക്ക് ചെയ്ത ബസുകള്‍ക്കും പോലീസ് സ്റ്റേഷന്‍ കോംപ്ലക്സിലെ മാലിന്യം തള്ളുന്ന സ്ഥലത്തിനും തീയിട്ടതായും പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അക്രമാസക്തരായ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ധാക്ക മെട്രോപൊളിറ്റന്‍ പോലീസ് കമ്മീഷണര്‍ എസ് എം സജ്ജാത് അലി ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി.

 

---- facebook comment plugin here -----

Latest