Uae
ദുബൈ എയർ ഷോ ഇന്ന് തുടങ്ങും
യു എ ഇ ഒരു അന്താരാഷ്ട്ര കേന്ദ്രമാണെന്നതിൽ അഭിമാനമെന്ന് ശൈഖ് മുഹമ്മദ്
ദുബൈ | ദുബൈ എയർ ഷോ ഇന്ന് ആരംഭിക്കും. വിമാനത്താവളങ്ങളുടെയും വ്യോമയാനത്തിന്റെയും ലോകത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്ന ഏറ്റവും വലിയ പ്രദർശനമാണ് ഇപ്രാവശ്യത്തേത്. ബഹിരാകാശ സാങ്കേതിക പ്രദർശനവും സമ്മേളനവും ഇതോടൊപ്പം നടക്കും. നവംബർ 21 വരെ ദുബൈ വേൾഡ് സെൻട്രലിലെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിലാണ് പരിപാടി. “ഭാവി ഇവിടെ തുടങ്ങുന്നു’ എന്ന പ്രമേയത്തിലാണ് പരിപാടികൾ. ഏകദേശം 148,000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ എയർ ഷോകളിൽ ഒന്നിന് യു എ ഇ ആതിഥേയത്വം വഹിക്കുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പറഞ്ഞു. 115 രാജ്യങ്ങളും 490 സിവിലിയൻ, സൈനിക പ്രതിനിധികളും ഏകദേശം 150,000 സന്ദർശകരും പങ്കെടുക്കും. വിമാനത്താവളങ്ങളുടെയും വ്യോമയാനത്തിന്റെയും ലോകത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുക എന്നതാണ് ദുബൈ എയർ ഷോയുടെ ലക്ഷ്യം. കൂടാതെ എല്ലാ സിവിലിയൻ, സൈനിക ആപ്ലിക്കേഷനുകളിലുമായി 200ലധികം ആധുനിക വിമാനങ്ങൾ പ്രദർശിപ്പിക്കും.’ അദ്ദേഹം കൂട്ടിച്ചേർത്തു.
പൂർണ സജ്ജമെന്ന് ഇവന്റ് സെക്യൂരിറ്റി
ദുബൈ എയർ ഷോയുടെ 19-ാമത് പതിപ്പിന് ആതിഥേയത്വം വഹിക്കാൻ ദുബൈ പൂർണ സജ്ജമാണെന്ന് ദുബൈ പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫും ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി ചെയർമാനുമായ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്‌റൂഇ പറഞ്ഞു.
ഇവന്റ്സുരക്ഷിതമാക്കുന്നതിനായി പ്രദർശന സംഘാടക സമിതിയുമായും പങ്കാളികളുമായും ഏകോപിപ്പിച്ച് സുരക്ഷാ നടപടികളും നിയന്ത്രണങ്ങളും നിശ്ചയിച്ചിട്ടുണ്ട്. 1200-ൽ അധികം സുരക്ഷാ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി, ഒരു സംയോജിത സുരക്ഷാ പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ട്.



