International
കോംഗോയില്‍ ഖനിയിലെ പാലം തകര്‍ന്ന് 32 ഓളം പേര്‍ മരിച്ചു
അപകടത്തിന് തൊട്ടുമുമ്പ് ഖനിത്തൊഴിലാളികളും സൈനികരും തമ്മില്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുകള്‍
കിന്‍സ്ഹസ | തെക്ക് കിഴക്കന്‍ കോംഗോയിലെ ഒരു അര്‍ദ്ധ-വ്യാവസായിക ചെമ്പ് ഖനിയില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ 32 ഓളം പേര്‍ മരിച്ചു. ഈ വര്‍ഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ ഖനന അപകടങ്ങളില്‍ ഒന്നാണിത്.വന്‍തോതില്‍ ഖനിത്തൊഴിലാളികള്‍ ദിവസവും പ്രവര്‍ത്തിക്കുന്ന ലുവാലബ പ്രവിശ്യയിലെ കലാന്‍ഡോ സൈറ്റിലാണ് പാലം തകര്‍ന്നത്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
ഖനന സൈറ്റിന് സുരക്ഷ നല്‍കിയിരുന്ന സൈനിക ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് പരിഭ്രാന്തി പരന്നപ്പോഴാണ് ദുരന്തം ഉണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇടുങ്ങിയ പാലത്തിലൂടെ ഓടി രക്ഷപ്പെടാന്‍ ഖനിത്തൊഴിലാളികള്‍ ശ്രമിച്ചതാണ് പാലം തകരാന്‍ കാരണമായത്. അപകടത്തിന് തൊട്ടുമുമ്പ് ഖനിത്തൊഴിലാളികളും സൈനികരും തമ്മില്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുകള്‍ വന്നതിനെ തുടര്‍ന്ന്, സൈനികരുടെ പങ്ക് സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇനിഷ്യേറ്റീവ് ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് രംഗത്തെത്തി.



