Connect with us

ദർശനം

നിങ്ങള്‍ക്ക് ഒരു ദിവസം എത്ര ഡാറ്റ വേണം?

സ്‌ക്രീന്‍ അഡിക് ഷന്‍ ശാരീരകവും മാനസികവുമായ നിരവധി പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നു എന്ന് എല്ലാ പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. ഉത്കണഠയും വിഷാദവും ഉറക്കക്കുറവും ഒറ്റപ്പെടലും ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത സ്ഥിതിയുമെല്ലാം സ്‌ക്രീന്‍ അഡിക് ഷന്റെ പ്രത്യാഘാതങ്ങളാണ്. ഈ നഷ്ടങ്ങളെല്ലാം വരവുവെച്ച് എങ്ങനെയാണ് നാം ഈ പുരോഗതിയുടെ "ലാഭം' അനുഭവിക്കുക?

Published

|

Last Updated

നിങ്ങളുടെ സ്‌ക്രീന്‍ ടൈം എത്ര സമയമാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ് മലയാളിയുടെ ശരാശരി സ്‌ക്രീന്‍ ടൈം എന്നാണ് പഠനങ്ങള്‍ പറയുന്നത്. ടെലിവിഷന്‍ പതുക്കെ പടിയിറങ്ങിയ നമ്മുടെ ജീവിതത്തിന്റെ മൂന്നിലൊരു ഭാഗം ഇപ്പോള്‍ ഇലക്ട്രോണിക് ഡിവൈസുകള്‍ അധീനപ്പെടുത്തിയിരിക്കുകയാണ്. ഭൂരിഭാഗം ആളുകളെയും മൊബൈല്‍ ഫോണുകള്‍ തന്നെയാണ് അടിപ്പെടുത്തിയിരിക്കുന്നത്. പരസ്പരം വിളിക്കാന്‍ മാത്രം ഉപയോഗിച്ചിരുന്ന ഒരു ഉപകരണം ഇന്ന് നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ബേങ്കും വൈദ്യുതി കാര്യാലയവും റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറും തുടങ്ങി ചിലര്‍ക്ക് മൊബൈല്‍ ഫോണ്‍ ആശുപത്രി വരെയാണ്. കലാലയങ്ങള്‍ നിഷ്‌ക്രമിക്കുകയും ഇലക്ട്രോണിക് ഡിവൈസുകള്‍ സര്‍വകലാശാലയാകുകയും ചെയ്യുന്ന ഒരു കാലത്തേക്ക് അധിക ദൂരമില്ല എന്ന് ആര്‍ക്കും മനസ്സിലാകും. എ ഐയും ഇലക്ട്രോണിക് ഡിവൈസും കൈ കോര്‍ക്കുന്ന കാലത്ത് മനുഷ്യന് സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത വിതാനത്തിലേക്ക് ഈ സംവിധാനം അപ്ഡേറ്റ് ചെയ്യപ്പെടും എന്നതിലും സംശയമില്ല.

ആയാസരഹിതമായ ജീവിതത്തിന് ഡിവൈസുകള്‍ വളരെയധികം ഉപകാരപ്രദമായിട്ടുണ്ട് എന്നതില്‍ സംശയമില്ല. ധാരാളം സമയം ലാഭിക്കാനും സങ്കീര്‍ണമായ നടപടി ക്രമങ്ങളെ ലഘൂകരിക്കാനും ഡിവൈസുകള്‍ സഹായിക്കുന്നുണ്ട്. പലയിടത്തായി ചിതറിക്കിടന്നിരുന്ന അനേകം ഉപകരണങ്ങള്‍ നമ്മുടെ കൈവെള്ളയില്‍ ഒതുങ്ങിയിരിക്കുന്നു. ഓരോ കമ്പനിയും വര്‍ഷാവര്‍ഷം പുതിയ ഫീച്ചറുകള്‍ ചേര്‍ത്ത് ഉപകരണങ്ങള്‍ പുറത്തിറക്കി അമ്പരപ്പിക്കുന്നു. പുതിയ ആപ്ലിക്കേഷനുകള്‍ നിര്‍മിച്ച് സോഫ്റ്റ്്വെയർ ഡെവലപ്പേഴ്സും ഇതിന്റെ കൂടെ സഞ്ചരിക്കുന്നു.

എന്നാല്‍ ഈ വിപ്ലവത്തിന്റെ മറുവായന നല്‍കുന്ന വിവരങ്ങളും അമ്പരപ്പുളവാക്കുന്നതാണ്. അഞ്ച് മിനുട്ട് കൊണ്ട് പൂര്‍ത്തിയാക്കാനാകുന്ന ഉപകാരപ്രദമായ ഒരു കാര്യത്തിന് ഡിവൈസില്‍ പൂഴ്ത്തിയ നമ്മുടെ കണ്ണുകള്‍ ഒരു മണിക്കൂറിന് ശേഷവും തിരിച്ചെടുക്കാനാകുന്നില്ല എന്നതാണ് അനുഭവം. ഈ അടിമത്തത്തെ അളക്കാന്‍ നാം തയ്യാറാക്കിയ മാപിനിയാണ് സ്‌ക്രീന്‍ ടൈം.

സ്‌ക്രീന്‍ അഡിക് ഷന്‍ ശാരീരകവും മാനസികവുമായ നിരവധി പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നു എന്ന് എല്ലാ പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. ഉത്കണഠയും വിഷാദവും ഉറക്കക്കുറവും ഒറ്റപ്പെടലും ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത സ്ഥിതിയുമെല്ലാം സ്‌ക്രീന്‍ അഡിക് ഷന്റെ പ്രത്യാഘാതങ്ങളാണ്. ഈ നഷ്ടങ്ങളെല്ലാം വരവുവെച്ച് എങ്ങനെയാണ് നാം ഈ പുരോഗതിയുടെ “ലാഭം’ അനുഭവിക്കുക? “അധികമാളുകളും വഞ്ചിതരാകുന്ന രണ്ട് അനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവ് സമയവും’ എന്ന ഹദീസ് എത്ര കൃത്യമായാണ് ഈ വിഷയത്തില്‍ നിലപാട് എടുത്തിരിക്കുന്നത്.

സ്‌ക്രീന്‍ ഉപയോഗപ്പെടുത്തണം. എന്നാല്‍ നല്ല ആസൂത്രണവും മാനസിക നിയന്ത്രണവും ഉണ്ടാകണം. ഗെയ്മുകളും അനാവശ്യമായ മറ്റ് ആപ്ലിക്കേഷനുകളും ഒഴിവാക്കണം. എല്ലാ സംവിധാനങ്ങളും ഞാന്‍ ഉപയോഗിക്കണം എന്ന ചിന്ത ഉപേക്ഷിക്കണം. വില കൊടുത്ത് വിന വാങ്ങുന്നവരാകാതിരിക്കണം. സൂറത്ത് ലുഖ്മാനിലെ ആറാം സൂക്തത്തിന്റെ ആശയം ഇങ്ങനെ സംഗ്രഹിക്കാം, “അല്ലാഹുവിന്റെ വഴിയില്‍ നിന്ന് അകന്നുപോകാന്‍, അറിവില്ലാതെ വിനോദ ഉപകരണങ്ങളെ വിലക്കു വാങ്ങുന്ന ഒരു പറ്റമാളുകളുണ്ട്. അവര്‍ക്ക് അപമാനകരമായ ശിക്ഷയുണ്ട്’.

അമൂല്യമായ സമയമാണ് നാം ഡിവൈസുകള്‍ക്ക് കൊടുക്കുന്നത്. നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷത്തെ കുറിച്ചും നാഥന്റെ മുമ്പില്‍ കണക്ക് പറയേണ്ടി വരും എന്ന് ഓര്‍ക്കുക. നബി(സ) പറയുന്നു: “അന്ത്യനാളില്‍, തന്റെ ആയുസ്സ് എന്തിനു വേണ്ടി ചെലവഴിച്ചു എന്ന കാര്യത്തില്‍ ചോദ്യം ചെയ്യപ്പെടാതെ കാലനക്കാന്‍ ഒരു അടിമക്കും കഴിയില്ല’. അതിനാല്‍ ഇക്കാര്യത്തില്‍ നല്ല സമയ നിയന്ത്രണം വ്യക്തിപരമായും കുടുംബത്തിലും ശീലിക്കണം. അനാവശ്യ സംസാരങ്ങള്‍ വന്നുചേരാതിരിക്കാന്‍ മഹാന്‍മാര്‍ വാതിലടച്ച് തനിച്ചിരുന്ന ഇശാ-മഗ്്രിബിനിടക്കും സുബ്ഹിക്ക് ശേഷം സൂര്യോദയം വരെയുള്ളതുമായ സമയം ഡിജിറ്റല്‍ സൈലന്‍സിന്റെ സമയമായി ക്ലിപ്തപ്പെടുത്തണം. വില കുറഞ്ഞ തമാശ പറയാനും ഫോര്‍വേഡ് മെസേജുകള്‍ കൊണ്ടുവന്ന് തള്ളാനും മാത്രം ഉപയോഗിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് പുറത്തിറങ്ങണം. സോഷ്യല്‍ മീഡിയയില്‍, താത്പര്യമില്ല എന്ന് ഫീഡ് ബാക്ക് നല്‍കി ശല്യക്കാരും സമയം കൊല്ലികളുമായ പ്രൊഫൈലുകളെ പടിക്ക് പുറത്ത് നിര്‍ത്തണം. കുട്ടികളുടെ ഡിവൈസ് ഉപയോഗം എത്ര അകലെ നിന്നും നിയന്ത്രിക്കാനാകുന്ന സാങ്കേതിക വിദ്യകള്‍ പഠിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യണം. അണ്‍ലിമിറ്റഡ് ഡാറ്റ എന്നാല്‍ അണ്‍ലിമിറ്റഡ് ആലസ്യം എന്നാണ്. അതിനാല്‍ ആവശ്യമായതിന് മാത്രം മതിയാകുന്ന പ്ലാനിലേക്ക് മാറണം. ചെയ്യാനൊരുക്കമെങ്കില്‍ ഫലവുമുണ്ടാകും. ഓര്‍ക്കുക, ഇതൊന്നും വെറുതെ സംഭവിക്കില്ല. ചങ്കുറപ്പുണ്ടാകണം, ചെയ്തു കാണിക്കണം.

Latest