articles
പ്രതിമകള്‍ സ്ഥാപിക്കാനുള്ളതല്ല പൊതുപണം
രാഷ്ട്രീയത്തിലോ സാമൂഹിക, സാംസ്‌കാരിക രംഗത്തോ തിളങ്ങിയ വ്യക്തികളെ അനുസ്മരിക്കാനെന്ന പേരിലാണ് പ്രതിമകള്‍ സ്ഥാപിക്കുന്നത്. എന്നാല്‍ ഇത്തരം മേഖലകളില്‍ തിളങ്ങിയ വ്യക്തികളെ സ്മരിക്കാന്‍ എന്തിനാണ് പ്രതിമകള്‍? മാതൃകാപരമായ അവരുടെ ജീവിതവും പ്രവര്‍ത്തനങ്ങളും ആദര്‍ശങ്ങളും മതി ലോകം അവരെ അനുസ്മരിക്കാന്‍.

പൊതുപണം ഉപയോഗിച്ച് മുന്‍ നേതാക്കളുടെ പ്രതിമ സ്ഥാപിക്കുന്നതിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നു സുപ്രീം കോടതി. മുന്‍കാല നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിക്കാന്‍ എന്തിനാണ് പൊതുപണം ഉപയോഗിക്കുന്നതെന്നു ചോദിച്ച ജസ്റ്റിസുമാരായ വിക്രംനാഥ്, പ്രശാന്ത് മിശ്ര എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് പൊതുപണം ഇതിനായി ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കി. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായിരുന്ന കെ കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കുന്നതിന് അനുമതി തേടി എം കെ സ്റ്റാലിന്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം.
തിരുനല്‍വേലി ജില്ലയിലെ വള്ളിയൂര്‍ മാര്‍ക്കറ്റിനു മുന്നിലായി വെങ്കല പ്രതിമ സ്ഥാപിക്കാനാണ് ഡി എം കെ സര്‍ക്കാറിന്റെ തീരുമാനം. മദ്രാസ് ഹൈക്കോടതി ഇതിന് അനുമതി നിഷേധിച്ചു. ഗതാഗത തടസ്സവും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രയാസവും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ വിലക്ക്. സുപ്രീം കോടതി, ഇത്തരം ആവശ്യങ്ങള്‍ക്ക് പൊതുഫണ്ടില്‍ നിന്നുള്ള പണം ഉപയോഗിക്കുന്നതിന്റെ അസാംഗത്യം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരിക്കെ ബി എസ് പി നേതാവ് മായാവതി പൊതുഖജനാവിലെ പണം ഉപയോഗിച്ച് പ്രതിമകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ 2019ല്‍ ജസ്റ്റിസ് ദീപക്ഗുപ്ത, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട സുപ്രീം കോടതി ബഞ്ചും ഇതേ നിരീക്ഷണം നടത്തിയിരുന്നു.
പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കൈയിട്ടാണ് സര്‍ക്കാറുകള്‍ പൊതുഖജനാവിലേക്ക് പണം സ്വരൂപിക്കുന്നത്. അത് പ്രതിമകള്‍ക്കായി ധൂര്‍ത്തടിക്കാനുള്ളതല്ല. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും നാടിന്റെ വികസന പദ്ധതികള്‍ക്കും ചെലവിടാനുള്ളതാണ്. ഈ പണമുപയോഗിച്ച് പ്രതിമകള്‍ സ്ഥാപിക്കുന്നത്- അത് രാഷ്ട്രീയ നേതാക്കളുടേതായാലും സാംസ്‌കാരിക നായകന്മാരുടേതായാലും- ജനദ്രോഹവും അധാര്‍മികവുമാണ്. എങ്കിലും ഈ പ്രവണത വ്യാപകമാണ്. രാജ്യമെമ്പാടും പ്രതിമകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. കിടമത്സരമാണ് പ്രതിമകള്‍ സ്ഥാപിക്കുന്നതില്‍ വിവിധ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും നടത്തി വരുന്നത്. സഹസ്ര കോടികളാണ് പൊതുഖജനാവില്‍ നിന്ന് പ്രതിമ നിര്‍മാണത്തിനായി വാരിയെറിയുന്നത്. 3,000 കോടി രൂപ ചെലവിലാണ് ഗുജറാത്തിലെ നര്‍മദ നദിക്കരയില്‍ ബി ജെ പി സര്‍ക്കാര്‍ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചത്. ഗുജറാത്തില്‍ മൂന്നിലൊന്ന് പേര്‍ ദരിദ്രരാണെന്നാണ് കഴിഞ്ഞ വര്‍ഷം മന്ത്രി ബച്ചുഭായ് മഗന്‍ഭായ് നിയമസഭയില്‍ വെളിപ്പെടുത്തിയത്. പട്ടേല്‍ പ്രതിമക്കായി ചെലവിട്ട 3,000 കോടി ഈ പാവങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ വിനിയോഗിച്ചിരുന്നെങ്കില്‍ എത്ര ഉപകാരപ്രദമായിരുന്നു.
മായാവതിയുടെ നേതൃത്വത്തിലുള്ള ബി എസ് പി സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ കന്‍ഷിറാമിന്റെയും മായാവതിയുടെയും ബി എസ് പിയുടെ ചിഹ്നമായ ആനയുടെയും പ്രതിമ സ്ഥാപിക്കാന്‍ അയ്യായിരത്തില്‍ പരം കോടികളാണ് ചെലവിട്ടത്. ലക്‌നോവിലെയും നോയിഡയിലെയും പാര്‍ക്കുകളില്‍ മായാവതിയുടെ ആറ് പ്രതിമകളുള്‍പ്പെടെ 40 പ്രതിമകളാണ് അവരുടെ ഭരണകാലത്ത് സ്ഥാപിച്ചത്. അവസാനം പാര്‍ട്ടി ചിഹ്നമായ ആനയുടെ പ്രതിമ സ്ഥാപിക്കാന്‍ ചെലവിട്ട 52.2 കോടി സുപ്രീം കോടതി വിധിപ്രകാരം മായാവതിക്ക് തിരിച്ചടക്കേണ്ടി വന്നു.
പലപ്പോഴും നഗരങ്ങളിലെ തിരക്കു പിടിച്ച തെരുവുകളില്‍ റോഡ് കൈയേറിയാണ് പ്രതിമകള്‍ സ്ഥാപിക്കുന്നത്. ഇത് പലപ്പോഴും ഗതാഗത തടസ്സത്തിനും ജനങ്ങളുടെ സുഗമ സഞ്ചാരത്തിനും തടസ്സം സൃഷ്ടിക്കുന്നു. പലപ്പോഴും കോടതികള്‍ക്ക് ഇടപെടേണ്ടി വന്നിട്ടുണ്ട് പൊതുസ്ഥലം കൈയേറിയുള്ള പ്രതിമാ നിര്‍മാണത്തില്‍. 2021 ഒക്ടോബറില്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് പുറപ്പെടുവിച്ച ഒരു ഉത്തരവില്‍, സംസ്ഥാനത്തെ റോഡുകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ച രാഷ്ട്രീയ നേതാക്കളുടെയും പ്രമുഖ വ്യക്തികളുടെയും പ്രതിമകളെല്ലാം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. പൊതുസ്ഥലങ്ങളില്‍ പ്രതിമകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിക്കുകയും ചെയ്തു ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതി ബഞ്ച്.
രാഷ്ട്രീയത്തിലോ സാമൂഹിക, സാംസ്‌കാരിക രംഗത്തോ തിളങ്ങിയ വ്യക്തികളെ അനുസ്മരിക്കാനെന്ന പേരിലാണ് പ്രതിമകള്‍ സ്ഥാപിക്കുന്നത്. എന്നാല്‍ ഇത്തരം മേഖലകളില്‍ തിളങ്ങിയ വ്യക്തികളെ സ്മരിക്കാന്‍ എന്തിനാണ് പ്രതിമകള്‍? മാതൃകാപരമായ അവരുടെ ജീവിതവും പ്രവര്‍ത്തനങ്ങളും ആദര്‍ശങ്ങളും മതി ലോകം അവരെ അനുസ്മരിക്കാന്‍. പ്രതിമയോ ഒരു സാങ്കല്‍പ്പിക ചിത്രം പോലുമോ ഇല്ല പ്രവാചകന്‍ മുഹമ്മദ് നബിക്ക്. എന്നിട്ടും ആഗോളസമൂഹം ഇന്നും പ്രവാചകരെ ആദരവോടെ അനുസ്മരിക്കുന്നു. ആദര്‍ശങ്ങളെ ഏറ്റുവാങ്ങുന്നു. ഇതാണ് ഏറ്റവും വലിയ അംഗീകാരവും അനുസ്മരണവും. മഹാത്മാ ഗാന്ധി, എബ്രഹാം ലിങ്കണ്‍, നെല്‍സണ്‍ മണ്ടേല തുടങ്ങിയ നേതാക്കളെ ലോകം ആദരവോടെ കാണുകയും അനുസ്മരിക്കുകയും ചെയ്യുന്നത് അവരുടെ പ്രതിമകള്‍ കണ്ടല്ല. രാജ്യത്തിനും സമൂഹത്തിനും ചെയ്ത സേവനങ്ങളെയും സഹിച്ച ത്യാഗങ്ങളെയും ചൊല്ലിയാണ്. പ്രതിമകള്‍ ഇക്കാര്യത്തില്‍ ഒരു നിമിത്തമേ അല്ല. മാത്രമല്ല, അനുസ്മരിക്കാനും ആദരിക്കാനുമെന്ന പേരില്‍ സ്ഥാപിക്കപ്പെട്ട പല പ്രതിമകളും അവര്‍ക്ക് അവഹേളനമായി മാറുന്നതാണ് അനുഭവം.
ക്യൂബന്‍ ഭരണാധികാരിയായിരുന്ന ഫിദല്‍ കാസ്‌ട്രോ മരണപ്പെട്ടപ്പോള്‍, അദ്ദേഹത്തിന്റെ സഹോദരനും ക്യൂബന്‍ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോ കൈക്കൊണ്ട നിലപാടായിരിക്കണം പ്രതിമകളുടെ കാര്യത്തില്‍ രാഷ്ട്ര നേതാക്കളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സ്വീകരിക്കേണ്ടത്. ഫിദല്‍ കാസ്‌ട്രോയുടെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ പ്രതിമകള്‍ സ്ഥാപിക്കുകയോ പൊതുസ്ഥലങ്ങള്‍, സ്മാരകങ്ങള്‍ തുടങ്ങിയവക്ക് അദ്ദേഹത്തിന്റെ പേര് നല്‍കുകയോ ചെയ്യില്ലെന്നായിരുന്നു റൗള്‍ കാസ്‌ട്രോയുടെ പ്രഖ്യാപനം. പ്രതിമ സ്ഥാപിക്കുന്നത് വ്യക്തിപൂജയാണ്. വ്യക്തിപൂജ ഫിദല്‍ കാസ്‌ട്രോ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും റൗള്‍ കാസ്‌ട്രോ കൂട്ടിച്ചേര്‍ത്തു. ക്യൂബയില്‍ ഫിദല്‍ കാസ്‌ട്രോയുടെ പ്രതിമ ഉയരുകയോ സ്മാരകങ്ങള്‍ പണിയുകയോ ചെയ്തിട്ടില്ല.