Connect with us

Kerala

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടികളെ സ്വാഗതം ചെയ്ത് കെ സി വേണുഗോപാല്‍

ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റുകയും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

Published

|

Last Updated

ന്യൂഡല്‍ഹി | ലൈംഗികാരോപണത്തില്‍ കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നിയമനടപടികളെ സ്വാഗതം ചെയ്ത് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേസിലെ നടപടികളെ പൂര്‍ണമായി സ്വാഗതം ചെയ്യുന്നതായും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

പാര്‍ട്ടിയിലെ ഒരു വിഭാഗം രാഹുലിനെ സംരക്ഷിക്കുന്നുണ്ടല്ലോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതൊക്കെ തെറ്റിദ്ധാരണയുണ്ടാക്കുന്ന കാര്യങ്ങളാണെന്നായിരുന്നു വേണുഗോപാലിന്റെ പ്രതികരണം. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാഹുലിനെതിരെ കോണ്‍ഗ്രസ്സ് നടപടിയെടുത്തിരുന്നു. യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റുകയും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

പാര്‍ട്ടിയില്‍ നിന്നുള്ള സസ്പെന്‍ഷന്‍ കടുത്ത നടപടിയാണ്. ആരോപണ വിധേയനായ ഒരാള്‍ക്കെതിരെ എടുക്കാനാകുന്നതിന്റെ പരമാവധിയാണ് ഇത്. നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ രാഹുല്‍ ഉണ്ടായിരുന്നില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. സസ്‌പെന്‍ഷനില്‍ കഴിയുന്നൊരാള്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സമാനമായ ആരോപണം മറ്റു പാര്‍ട്ടികളിലെ നേതാക്കള്‍ക്കെതിരെ വന്നപ്പോള്‍ എന്താണുണ്ടായതെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോയെന്ന് കെ സി വേണുഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട് തിരിച്ചു ചോദിച്ചു.

Latest