Kerala
നിരീശ്വരവാദം പറയും; മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷം കമ്യൂണിസ്റ്റുകാരും ഭക്തര്‍: വെള്ളാപ്പള്ളി നടേശന്‍
മുഖ്യമന്ത്രിയാകാന്‍ യോഗ്യന്മാരുണ്ടായിരിക്കാം. പക്ഷേ, മുഖ്യമന്ത്രിയാകാനുള്ള യോഗ്യത ഇടതുപക്ഷത്ത് പിണറായി വിജയനു മാത്രമേയുള്ളൂ

പമ്പ \ നിരീശ്വരവാദം പറയുമെങ്കിലും മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷം കമ്യൂണിസ്റ്റുകാരും ഭക്തരാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. അയ്യപ്പനെ കാണാന്‍ വരുന്നവരില്‍ 90 ശതമാനവും കമ്യൂണിസ്റ്റുകാരാണ്. പിണറായി തന്നെ രണ്ട് തവണ ശബരിമലയില്‍ വന്നിട്ടുണ്ടെന്നും ഭക്തനല്ലെങ്കില്‍ അദ്ദേഹത്തിന് ഇവിടെ വരാന്‍ സാധിക്കുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
അയ്യപ്പനെ ഇന്ന് അദ്ദേഹം ഹൃദയംകൊണ്ട് സ്വീകരിച്ചില്ലേയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ‘മുഖ്യമന്ത്രി പിണറായി വിജയനെ എനിക്ക് അത്രയേറെ ഇഷ്ടമാണ്. അദ്ദേഹത്തെ ഞാനും എന്നെ അദ്ദേഹവും മുന്‍പു പൊക്കിക്കൊണ്ട് നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയാകാന്‍ യോഗ്യന്മാരുണ്ടായിരിക്കാം. പക്ഷേ, മുഖ്യമന്ത്രിയാകാനുള്ള യോഗ്യത ഇടതുപക്ഷത്ത് പിണറായി വിജയനു മാത്രമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫില്‍ തമ്മിലടിയാണെന്നും അവര്‍ അപ്രസക്തമായി കൊണ്ടിരിക്കുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമാണ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അയ്യപ്പ സംഗമത്തിനെത്തിയത്.