Connect with us

National

രാജ്യത്ത് ജീവിക്കുന്നത് 13,212 സ്വാതന്ത്ര്യ സമര സേനാനികള്‍

ഏറ്റവും കൂടുതല്‍ തെലങ്കാനയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | സ്വാതന്ത്ര്യ സമര സേനാനികളായ 13,212 ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍. നിലവില്‍ ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യസമര സേനാനികള്‍ ജീവിച്ചിരിക്കുന്നത് തെലങ്കാനയിലാണ്- 3,017. പശ്ചിമബംഗാളില്‍ 1799, മഹാരാഷ്ട്രയില്‍ 1543, പേരും ജീവിച്ചിരിപ്പുണ്ട്. സ്വാതന്ത്ര്യസമര സേനാനികളുടെ ആശ്രിതരായ 2,165പേരാണ് തെലങ്കാനയില്‍ പെന്‍ഷന്‍ വാങ്ങുന്നത്. മഹാരാഷ്ട്രയില്‍ 1,274 പേരും പശ്ചിമബംഗാളില്‍ 1,095 പേരും ഇത്തരത്തില്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. ഇതില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ വിധവമാര്‍, പങ്കാളികള്‍, പെണ്‍മക്കള്‍ എന്നിവരാണ് ഉള്‍പ്പെടുന്നത്.

മരിച്ചുപോയ 9,778 സ്വാതന്ത്ര്യസമര സേനാനികളുടെ പങ്കാളികള്‍ അല്ലെങ്കില്‍ ആശ്രിതര്‍ രാജ്യത്താകെ സ്വാതന്ത്ര സൈനിക് സമ്മാന്‍ യോജന പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം ലോക്സഭയെ അറിയിച്ചു. 1.7ലക്ഷത്തിലധികം സ്വാതന്ത്ര്യസമര സേനാനികള്‍ക്കാണ് ഇതുവരെ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. അവിഭക്ത ബിഹാറില്‍ 24,905, പശ്ചിമബംഗാള്‍ 22, 523, ഇന്ത്യന്‍ നാഷണല്‍ ആര്‍മി 22, 472 പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ടെന്ന് ആഭ്യന്തരസഹമന്ത്രി ബണ്ടി സഞ്ജയ് കുമാര്‍ ഒരു ചോദ്യത്തിന് മറുപടി നല്‍കി.

സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ആറ് മാസത്തോളം ജയില്‍വാസം അനുഭവിക്കേണ്ടി വന്നവര്‍, സ്വത്തുക്കള്‍ കണ്ടുകെട്ടപ്പെട്ടവര്‍, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ടവര്‍, ലാത്തിച്ചാര്‍ജിലും വെടിവെപ്പിലും പരുക്കേറ്റ് അംഗഭംഗം സംഭവിച്ചവര്‍, വീട്ടുതടങ്കലില്‍ കഴിഞ്ഞവര്‍, നാടുകടത്തപ്പെട്ടവര്‍, തലക്ക് വിലയിട്ടവര്‍ തുടങ്ങിയവരാണ് പെന്‍ഷന് അര്‍ഹതയുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷമായ എസ് എസ് എസ് വൈക്ക് വേണ്ടി മാത്രം 3,115 കോടി രൂപയുടെ ഫണ്ടാണ് വിതരണം ചെയ്തത്. 2023- 24ല്‍ 540 കോടി ആയിരുന്നെങ്കില്‍ 2024- 25ല്‍ അത് 599 കോടിയാണ്. ഇതിന് മുമ്പ് 2020-21ല്‍ 660 കോടിയും 2021- 22ല്‍ 717 കോടി രൂപയുമാണ് ഈ പെന്‍ഷന്‍ ഇനത്തില്‍ വിതരണം ചെയ്തത്.