Editorial
ലോക ബേങ്കും കേരളത്തിന്റെ ആരോഗ്യവും
ചികിത്സാ മേഖല കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് കിട്ടാവുന്നിടങ്ങളില്‍ നിന്നെല്ലാം വായ്പയെടുത്ത് കേരളത്തിന്റെ പൊതുകടബാധ്യത അടിക്കടി ഉയര്‍ത്തുമ്പോള്‍, മദ്യപ്പുഴ ഒഴുക്കി കേരളീയ സമൂഹത്തെ രോഗികളാക്കി മാറ്റുന്നതും സര്‍ക്കാറാണെന്നത് വിരോധാഭാസമാണ്.
ആരോഗ്യ മേഖലയില്‍ കേരളത്തിന്റെ മുന്നേറ്റത്തിന് ഗതിവേഗം വര്‍ധിപ്പിക്കുന്നതിന് ലോക ബേങ്കിന്റെ പിന്തുണ. സംസ്ഥാനത്തെ ആരോഗ്യ മേഖലക്ക് 25 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുള്ള 28 കോടി ഡോളര്‍ (ഏകദേശം 2,455 കോടി രൂപ) വായ്പ അനുവദിച്ചിരിക്കുന്നു ലോക ബേങ്ക്. ആരോഗ്യ രംഗത്തെ പുതിയ വെല്ലുവിളികളെ അതിജീവിക്കാന്‍ ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്ത ‘കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ് പ്രോഗ്രാം’ നടപ്പാക്കുന്നതിനാണ് വായ്പ. കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ ചികിത്സാ സൗകര്യം ലഭ്യമാക്കുന്നത് ഉള്‍പ്പെടെ ദുര്‍ബലരായ വയോജനങ്ങള്‍ക്ക് സമഗ്ര ആരോഗ്യ സേവനങ്ങള്‍, കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാനാകുന്ന ആരോഗ്യ സംവിധാനം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ എല്ലാ തലങ്ങളിലും ചികിത്സയുടെ ഗുണനിലവാരം ഉയര്‍ത്തല്‍, പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം തുടങ്ങി ജീവിതശൈലീ രോഗങ്ങളെ നേരത്തേ കണ്ടെത്തി പ്രതിരോധിക്കുക, ഡിജിറ്റല്‍ ഹെല്‍ത്ത് സംവിധാനങ്ങള്‍ (ഇ-ഹെല്‍ത്ത്) കൂടുതല്‍ വ്യാപിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിക്ക് കീഴില്‍ വിഭാവനം ചെയ്യുന്നത്.
ആരോഗ്യ മേഖലയില്‍ ദേശീയതലത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നിലെങ്കിലും കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യയിലെ പ്രായവ്യവസ്ഥയില്‍ വന്ന മാറ്റങ്ങള്‍, പുതിയ രോഗങ്ങളുടെ കടന്നുവരവ്, ജീവിതശൈലീ രോഗങ്ങളുടെ വര്‍ധന തുടങ്ങിയ വെല്ലുവിളികള്‍ നിലനില്‍ക്കുന്നു. ജീവിതശൈലീ രോഗങ്ങള്‍ ഏറ്റവും ഉയര്‍ന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പ്രായം 40 പിന്നിട്ടാല്‍ മരുന്നിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണിന്ന് കേരളീയര്‍. അമ്പത് ശതമാനം വരും അമ്പത് വയസ്സിനു മുകളിലുള്ളവരില്‍ പ്രമേഹ രോഗികളുടെ ശതമാനം. 30 വയസ്സിന് മുകളിലുള്ളവരില്‍ പകുതിയോളം പേര്‍ക്ക് രക്തസമ്മര്‍ദ രോഗമുണ്ട്. അമിത വണ്ണവും കൊളസ്ട്രോളും നഗരവാസികളിലും ഗ്രാമവാസികളിലും ഒരു പോലെ വര്‍ധിച്ചു വരുന്നു. ക്യാന്‍സര്‍ രോഗവും ആശങ്കാജനകമാം വിധം വര്‍ധിക്കുന്നു. ദേശീയ ശരാശരി പുരുഷന്മാരില്‍ ഒരു ലക്ഷത്തില്‍ 105ഉം സ്ത്രീകളില്‍ 103ഉം ആണ് ക്യാന്‍സര്‍ രോഗികളുടെ എണ്ണമെങ്കില്‍ കേരളത്തില്‍ ഇത് 243-ഉം 219ഉം ആണ്. സംസ്ഥാനത്തെ ആകെ മരണങ്ങളില്‍ 70-75 ശതമാനം ജീവിതശൈലീ രോഗങ്ങള്‍ മൂലമാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.
കൊവിഡ് മഹാമാരിയും നിപ്പായും കേരളത്തിന് പാഠമായിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സംവിധാനങ്ങള്‍ മികച്ചതായിട്ടും വൈറസ് പകര്‍ച്ചയുടെ വേഗവും, അത് ഉയര്‍ത്തിവിട്ട സാമൂഹിക ഭീതിയും മാനസിക പ്രത്യാഘാതങ്ങളും കേരളീയരെ വല്ലാതെ ആശങ്കയിലാഴ്ത്തി. കാലാവസ്ഥാ വ്യതിയാനം മൂലവും മറ്റും ബാധിക്കുന്ന പകര്‍ച്ചവ്യാധികള്‍ക്കും വൈറസ് വകഭേദങ്ങള്‍ക്കും മുന്‍കരുതല്‍ സംവിധാനങ്ങള്‍ ആവശ്യമാണെന്ന ബോധ്യത്തിലേക്ക് അധികൃതരെ ഇതെത്തിച്ചു. ഈ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്ത പദ്ധതിയാണ് ‘കേരള ഹെല്‍ത്ത് സിസ്റ്റം ഇംപ്രൂവ്മെന്റ്‌പ്രോഗ്രാം’. കഴിഞ്ഞ ഫെബ്രുവരിയിലാണ് ലോക ബേങ്ക് സഹായത്തോടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
പ്രളയാനന്തര പുനര്‍നിര്‍മാണം, നഗരങ്ങളിലെ മാലിന്യ സംസ്‌കരണം, റോഡുകളുടെ നിലവാരം ഉയര്‍ത്തല്‍ തുടങ്ങി പല പദ്ധതികള്‍ക്കും നേരത്തേ കേരളം ലോക ബേങ്കിന്റെ വായ്പയും സാങ്കേതിക സഹായവും തേടിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക അടിത്തറക്ക് കടുത്ത വിള്ളല്‍ സൃഷ്ടിച്ച 2018ലെ മഹാപ്രളയാനന്തരം നടപ്പാക്കിയ പുനര്‍നിര്‍മാണ-പുനരുദ്ധാരണ പദ്ധതിക്ക് ലോക ബേങ്ക് നല്‍കിയ 250 മില്യണ്‍ ഡോളറിന്റെ വായ്പ വലിയ ആശ്വാസമായിരുന്നു. നഗരങ്ങളിലെ മാലിന്യ സംസ്‌കരണ സംവിധാനത്തിന്റെ ആധുനികവത്കരണവും പരിസ്ഥിതി സൗഹൃദ മാലിന്യ ശേഖരണവും പുനരുപയോഗ സംവിധാനവും ലക്ഷ്യമാക്കി ആവിഷ്‌കരിച്ച 2022ലെ ‘ഖരമാലിന്യ സംസ്‌കരണ പദ്ധതി’ക്ക് 105 മില്യണ്‍ ഡോളര്‍ ലോക ബേങ്ക് വായ്പ ലഭിക്കുകയുണ്ടായി. വായ്പയെന്ന നിലയില്‍ തിരിച്ചടവ് ബാധ്യതയുണ്ടെങ്കിലും കേന്ദ്ര സഹായം അടിക്കടി പരിമിതപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് ഇത് വലിയ ആശ്വാസം നല്‍കുകയും വികസന രംഗത്ത് മുതല്‍ക്കൂട്ടാകുകയും ചെയ്തു.
അതേസമയം, ചികിത്സാ മേഖല കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് കിട്ടാവുന്നിടങ്ങളില്‍ നിന്നെല്ലാം വായ്പയെടുത്ത് കേരളത്തിന്റെ പൊതുകടബാധ്യത അടിക്കടി ഉയര്‍ത്തുമ്പോള്‍, മദ്യപ്പുഴ ഒഴുക്കി കേരളീയ സമൂഹത്തെ രോഗികളാക്കി മാറ്റുന്നതും സര്‍ക്കാറാണെന്നത് വിരോധാഭാസമാണ്. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തില്‍ മദ്യപാനികള്‍. ബിവറേജസ് കോര്‍പറേഷനാണ് അഥവാ സര്‍ക്കാര്‍ തന്നെയാണ് മദ്യക്കച്ചവടം നടത്തുന്നത്. സംസ്ഥാനത്ത് ദിനംപ്രതി ശരാശരി ആറ് ലക്ഷം ലിറ്റര്‍ മദ്യം വിറ്റഴിയുന്നുണ്ടെന്നാണ് കണക്ക്. ഹൃദ്രോഗം, കരളുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ഓര്‍മക്ഷയം, വിഷാദം, ആത്മഹത്യാചിന്ത, ക്യാന്‍സര്‍ തുടങ്ങി മദ്യപാനം സൃഷ്ടിക്കുന്ന രോഗങ്ങള്‍ നിരവധിയാണ്.
മനുഷ്യശരീരത്തിലെ ഏതാണ്ടെല്ലാ അവയവങ്ങളെയും ദീര്‍ഘ കാലം ബാധിക്കുന്ന നിശബ്ദ വിഷമാണ് മദ്യമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കേരളത്തെ മദ്യമുക്തമാക്കുകയാണ് ആരോഗ്യമുള്ള കേരളീയ സമൂഹത്തെ സൃഷ്ടിക്കാന്‍ പ്രഥമമായി വേണ്ടത്. മദ്യലഭ്യത കുറച്ച് മദ്യനിര്‍മാര്‍ജനം സാധ്യമാക്കുമെന്ന അവകാശവാദത്തോടെ അധികാരത്തിലേറിയ ശേഷം കൂടുതല്‍ മദ്യഷാപ്പുകളും ബാറുകളും തുറക്കാന്‍ അനുമതി നല്‍കി കൂടുതല്‍ മദ്യപാനികളെ സൃഷ്ടിക്കുന്ന വഞ്ചനാപരമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന നികുതി വരുമാനത്തിലാണ് സര്‍ക്കാറിന്റെ കണ്ണ്. എന്നാല്‍ മദ്യപാനം സൃഷ്ടിക്കുന്ന രോഗങ്ങള്‍ക്കുള്ള ചികിത്സാ ചെലവ്, കുടുംബശൈഥില്യം, ആത്മഹത്യകള്‍ തുടങ്ങിയവ കൂട്ടിയാല്‍ മദ്യവില്‍പ്പനയില്‍ നിന്ന് നേടുന്ന വരുമാനത്തെ കവച്ചു വെക്കുന്ന നഷ്ടം സംസ്ഥാനത്തിന് സംഭവിക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.

