Ongoing News
ആഗോളതലത്തില്‍ ഏറ്റവും വലിയ സംഭാവന നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് യു എ ഇ
അതോറിറ്റി വിവിധ മേഖലകളിലായി 264,788 പദ്ധതികള്‍ നടപ്പാക്കി

അബൂദബി| ജൂലൈ 17 വരെ ന്യൂയോര്‍ക്കില്‍ യുണൈറ്റഡ് നേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ് സംഘടിപ്പിക്കുന്ന ഫോറത്തില്‍ എമിറേറ്റ്‌സ് റെഡ് ക്രസന്റ് (ഇ ആര്‍ സി) ടീം യു എ ഇയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു. ആഗോളതലത്തില്‍ മാനുഷികവും വികസനപരവുമായ പ്രതികരണം വര്‍ധിപ്പിക്കുന്നതില്‍ ഏറ്റവും വലിയ സംഭാവന നല്‍കുന്ന രാജ്യങ്ങളിലൊന്നായി യു എ ഇ ചരിത്രപരമായി അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് സെഷനില്‍ സംസാരിക്കവെ ഇ ആര്‍ സി സെക്രട്ടറി ജനറല്‍ റാശിദ് മുബാറക് അല്‍ മന്‍സൂരി പറഞ്ഞു.
ആഗോളതലത്തില്‍ ദാരിദ്ര്യത്തിനെതിരെയും അടിസ്ഥാന സൗകര്യവികസനത്തിനും പുനരുപയോഗിക്കാവുന്നതും ശുദ്ധമായ ഊര്‍ജ പദ്ധതികള്‍ക്കും പിന്തുണ നല്‍കുന്നതിനൊപ്പം ദാരിദ്ര്യത്തെ നേരിടാന്‍ തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണ അവസരങ്ങള്‍ എന്നിവയിലും യു എ ഇ അതീവ ശ്രദ്ധ നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൃഷി, മത്സ്യബന്ധനം, അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹിക പരിചരണം, ജലം, ശുദ്ധ ഊര്‍ജം തുടങ്ങി വിവിധ മേഖലകളിലായി 264,788 പദ്ധതികള്‍ അതോറിറ്റി നടപ്പാക്കി.
ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ 53 രാജ്യങ്ങള്‍ക്ക് ഇവ പ്രയോജനം ചെയ്യുന്നു. 94 ദശലക്ഷം ഗുണഭോക്താക്കളില്‍ എത്തിച്ചേര്‍ന്നു. മൊത്തം പദ്ധതിച്ചെലവ് 1.3 ബില്യണ്‍ ഡോളറാണ്. യു എന്‍ അഭയാര്‍ഥി ഏജന്‍സി, യുനിസെഫ്, വേള്‍ഡ് ഫുഡ് പ്രോഗ്രാം, റെഡ് ക്രോസ്, ഡബ്ല്യു എച്ച് ഒ എന്നിവയുള്‍പ്പെടെ നിരവധി അന്താരാഷ്ട്ര സംഘടനകളുമായി ഇആര്‍സി ശക്തമായ പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാട്ടര്‍ എയ്ഡ് ഇനിഷ്യേറ്റീവ് ആരംഭിച്ചു
വേനല്‍ച്ചൂടിന്റെ ആഘാതം ലഘൂകരിക്കുന്നതിനായി എമിറേറ്റ്സ് റെഡ് ക്രസന്റ് വാട്ടര്‍ എയ്ഡ് ഇനിഷ്യേറ്റീവ് ആരംഭിച്ചു. ഉയര്‍ന്ന താപനിലയില്‍ അധ്വാനിക്കുന്ന തൊഴിലാളികള്‍, കഠിനമായ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ എന്നിവരെയാണ് ലക്ഷ്യമിടുന്നത്. ഇവര്‍ക്ക് ചുട്ടുപൊള്ളുന്ന വെയിലില്‍ നിന്നും സംരക്ഷിക്കാനുള്ള ഉപകരണങ്ങള്‍, കുടകള്‍, വെള്ളം തണുപ്പിക്കുന്നതിനുള്ള പാത്രങ്ങള്‍, ആരോഗ്യ പാക്കേജുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കും. അന്താരാഷ്ട്രതലത്തില്‍, കിണര്‍ കുഴിക്കല്‍, വാട്ടര്‍ ടാങ്കുകളും ജനറേറ്ററുകളും നല്‍കല്‍ എന്നിവയും ഈ സംരംഭത്തില്‍ ഉള്‍പ്പെടുന്നു.