Connect with us

Kerala

എസ് എന്‍ സി ലാവലിന്‍ കേസ് ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും

2017-ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 35 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്

Published

|

Last Updated

കൊച്ചി  | എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുക. 2017-ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 35 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ഹരജി.

കഴിഞ്ഞ സെപതംബറിലും കേസ് പരിഗണനയ്ക്ക് എത്തിയെങ്കിലും സിബിഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു മറ്റൊരു കേസിന്റെ തിരക്കിലായതിനാല്‍ കേസ് മാറ്റുകയായിരുന്നു.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍ സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടിക്ക് എതിരെയുള്ള സിബിഐയുടെ അപ്പീലും, ഹൈക്കോടതി വിചാരണ നേരിടണമെന്ന് ഉത്തരവിട്ട മൂന്ന് പ്രതികളുടെ ഹരജിയുമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

Latest