National
അസം മുഖ്യമന്ത്രി മുസ്‍ലിംകളെ വെടിവെക്കുന്ന വീഡിയോ; ബിജെപി സോഷ്യൽ മീഡിയ കോ-കൺവീനറെ പുറത്താക്കി
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മുസ്ലിം വേഷധാരികളായ രണ്ട് പേർക്ക് നേരെ തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുന്ന രീതിയിലുള്ള എ ഐ നിർമ്മിത വീഡിയോ പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി.
ഗുവാഹത്തി | അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മുസ്ലിം വേഷധാരികളായ രണ്ട് പേർക്ക് നേരെ തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുന്ന രീതിയിലുള്ള എ ഐ നിർമ്മിത വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ അസം ബി ജെ പി സോഷ്യൽ മീഡിയ കോ-കൺവീനർ റോൺ വികാസ് ഗൗരവിനെ പാർട്ടി പുറത്താക്കി. വിവാദ വീഡിയോ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചതോടെയാണ് ഭാരതീയ ജനതാ പാർട്ടി ഔദ്യോഗിക നടപടി സ്വീകരിച്ചത്. സംഭവം വിവാദമായതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്തിരുന്നു.
അസം ബിജെപിയുടെ എക്സിലെ ഔദ്യോഗിക ഹാൻഡിലിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പോയിന്റ് ബ്ലാങ്ക് ഷോട്ട് എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ റൈഫിൾ ഉപയോഗിച്ച് താടിയുള്ള, തൊപ്പി ധരിച്ച രണ്ട് വ്യക്തികളെ വെടിവെക്കുന്നതായാണ് കാണിക്കുന്നത്.
നിർമ്മിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോ വർഗീയ സംഘർഷത്തിന് പ്രേരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ രാജ്യവ്യാപകമായി പോലീസിലും സിവിൽ കോടതികളിലും പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധയിടങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ശക്തമായ നടപടി വേണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലും മറ്റും എ ഐ. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നത് തടയാൻ കർശന നടപടികൾ വേണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.
സമാനമായ രീതിയിൽ മുസ്ലീം വിരുദ്ധ ഉള്ളടക്കമുള്ള വീഡിയോകൾ പ്രചരിപ്പിച്ചതിന് ബിജെപിക്ക് സുപ്രിം കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.




