Connect with us

അതിഥി വായന

അനിർവചനീയ സ്നേഹത്തിന്റെ അക്ഷരക്കൂട്ട്

"തിരുവെഴുത്തുകൾ' പ്രണയത്തിന്റെ പുസ്തകമാകുന്നതോടൊപ്പം പാരിസ്ഥിതിക വിനാശത്തിന്റെ ജീവിക്കുന്ന ഇരകളായ കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തബാധിതരുടെ ദൈന്യതയിലേക്കു കൂടി വെളിച്ചം വീശുന്ന ഒന്നാണ്. ഒടുവിൽ അശോകൻ മാഷും സേവ്യറും എൻഡോസൾഫാൻ ദുരിതഭൂമിയിൽ വെച്ച് കുഞ്ഞുഫാത്തിമയെ കണ്ടുമുട്ടുമ്പോൾ അവളുടെ രണ്ട് പെൺമക്കളുടെ പേടിപ്പെടുത്തുന്ന വൈകൃതം നിറഞ്ഞ പേക്കോലങ്ങളെ അഭിമുഖീകരിക്കാനാകാതെ ഹൃദയവേദനയോടെ സ്തംഭിച്ചു നിൽക്കുന്നിടത്ത് മനസ്സാക്ഷിയെപ്പോലും മരവിപ്പിക്കുന്ന പാരിസ്ഥിതിക വിനാശത്തിന്റെ ക്രൂരത നിസ്സഹായരായ പാവം മനുഷ്യർക്കുമേൽ അശനിപാതംപോലെ വന്നുഭവിക്കുന്ന മാരകപ്രവൃത്തിയെ തുറന്നു കാണിക്കുന്നുമുണ്ട്.

Published

|

Last Updated

പ്രണയം എന്നത് ഏത് ഫിക്ഷൻ എഴുത്തിനും എന്നും വലിയ പ്രചോദനവും മികച്ച അസംസ്കൃതവുമാണ്. കവിതയും കഥയും എഴുതിത്തുടങ്ങുന്നവരിൽ ഒട്ടുമിക്ക പേരും ഏതെങ്കിലും തരത്തിലുള്ള പ്രണയത്തെ ആവിഷ്കരിക്കാനാണ് ശ്രമിക്കാറുള്ളതും. അതുകൊണ്ട് മലയാളത്തിന്റെ എഴുത്തിലെ സുകൃതമായ എം ടി വാസുദേവൻ നായർ പറഞ്ഞ ഒരു കാര്യം എന്നത്തേക്കും പ്രസക്തവുമാണ്.

“ആയിരം വട്ടം എഴുതിയ പ്രണയത്തെ കുറിച്ച് ആയിരത്തി ഒന്നാമത്തെ പ്രാവശ്യവും എഴുതാവുന്നതേയുള്ളു. പക്ഷേ, അത് മുമ്പ് പറഞ്ഞതിൽ നിന്ന് വ്യത്യസ്തത പുലർത്തണമെന്നു മാത്രം ‘ (എം ടി)
ഈ പ്രസ്താവത്തോട് നൂറ് ശതമാനവും നീതി പുലർത്തുന്ന ഒരസാധാരണ പ്രണയത്തിന്റെ ആവിഷ്കാരമാണ് കെ ആർ വിശ്വനാഥന്റെ “തിരുവെഴുത്തുകൾ’ എന്ന നോവൽ.

1921 നവംബറിൽ പ്രസിദ്ധീകൃതമായ ഈ നോവൽ ഇതിനോടകം നന്നായി വായിക്കപ്പെട്ട ഒരു നോവലാണ്. 210 പേജുകളുള്ള നോവലിന്റെ ഇതിവൃത്തം എന്നുള്ളത് കുഞ്ഞുമുഹമ്മദെന്ന പാവപ്പെട്ട ഒരു വിദ്യാർഥി തന്റെ സഹപാഠിയും പ്രണയിനിയുമായിരുന്ന ഫാത്തിമയെന്ന ധനികയായ പെൺകുട്ടിക്കെഴുതിയിരുന്ന കത്തുകൾ കണ്ടെടുക്കാൻ അവരുടെ ക്ലാസ് മാഷായിരുന്ന അശോകൻ മാഷ് വർഷങ്ങൾക്ക് ശേഷം നടത്തുന്ന യാത്രയും അവസാനം ഫാത്തിമയെ സേവ്യർമാഷിന്റെ സഹായത്തോടെ കണ്ടുമുട്ടുന്നതും അപ്പോൾ ആ കൂടിക്കാഴ്ചയുടെ പ്രതിഫലനമായി വായനക്കാരിലേക്ക് കൂടി പകർന്നു നൽകുന്ന അമ്പരപ്പിന്റെയും അവിശ്വസനീയതയുടേതുമായ ജീവിതത്തിന്റെ ഗതിവിഗതികളുടെ ദുരന്ത പരിസമാപനവുമാണ്.
നാട്ടിലെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിന് അധ്യക്ഷനാകാൻ ചെറിയാനാജിയെയാണ് അശോകൻ മാഷ് കണ്ടെത്തുന്നത്. അതിനായി ബാല്യകാലസഖിയുടെ രത്നച്ചുരുക്കം, മജീദിന്റെയും സുഹ്റയുടെയും പ്രണയത്തെ കുറിച്ചാണ് മാഷ് ഹാജിക്ക് പറഞ്ഞു കൊടുക്കുന്നത്. ആ പ്രണയം പറഞ്ഞ് പറഞ്ഞ് ഒരു ക്ലീഷേ രൂപമായതിനാൽ വായനയുടെ അനുഭൂതി തലത്തിന് മങ്ങലേൽക്കുന്ന തുടക്കംപോലെ തോന്നിച്ചുവെങ്കിൽ പിന്നീടുള്ള സംഭവങ്ങൾ എളുപ്പത്തിൽ അതിനെ മറികടക്കുന്നതും വായനാനുഭൂതിയുടെ ഗ്രാഫ് പെട്ടെന്നുയരുന്നതും കാണാം.
ചെറ്യാനാജി പ്രസംഗത്തിന്റെ സാമ്പിൾ അശോകൻ മാഷിന് അയച്ചപ്പോൾ അതിൽ പ്രണയ കഥാപാത്രങ്ങൾ കുഞ്ഞുമുഹമ്മദും കുഞ്ഞുഫാത്തിമയും ആയി മാറുകയും ബാല്യകാലസഖിയിൽ എങ്ങനെയാണ് മജീദിനും സുഹ്റക്കും പകരം കുഞ്ഞുമുഹമ്മദും ഫാത്തിമയുമായി മാറുന്നത് എന്ന ചിന്തയിൽ അന്തിച്ചു നിൽക്കുന്ന മാഷിന്റെ മനോനിലയാണ് പിന്നീട് കഥയെ തീർത്തും വ്യതിരിക്തമായ പ്രണയാവിഷ്കാരത്തിലേക്കെത്തിക്കുന്നത്.
ആ ആശയക്കുഴപ്പത്തിൽ നിന്നാണ് മാഷിന്റെ മനസ്സിൽനിന്നും പറിച്ചെറിയാനാകാത്ത തന്റെ രണ്ട് വിദ്യാർഥികളായിരുന്ന കുഞ്ഞുമുഹമ്മദിന്റെയും ഫാത്തിമയുടെയും ബാല്യകാല പ്രണയത്തെ കുറിച്ചുള്ള ആകാംക്ഷയും തന്റെയും ആരതിയുടെയും പ്രണയവും അതിന്റെ അന്ത്യവുമൊക്കെ മാഷിന്റെ ചിന്തകളെ മദിക്കുന്നത്.

പിന്നീട് കാലങ്ങളോളം പിന്നോട്ടു സഞ്ചരിക്കുന്ന മാഷിന്റെ ഓർമയിൽ നെട്ടിഗെ സ്കൂളിൽ ജോലി ചെയ്യും കാലം കത്തുകൾ കൊണ്ടുവരാറുള്ള കുഞ്ഞുമുഹമ്മദ് എത്താത്ത ദിവസങ്ങളിൽ കത്തുമായി വരാറുള്ള കൊറഗയും കൊറഗ കാത്തിരിക്കുന്ന മംഗളയുടെ ഒന്നും എഴുതാത്ത കത്തും ഒക്കെയാണ് പ്രണയത്തിന്റെ വൈചിത്ര്യത്തിലേക്കും സങ്കൽപ്പങ്ങൾക്കതീതമായ പ്രണയത്തിന്റെ മാസ്മരിക ലോകത്തേക്കും കടന്നുകയറുന്ന കഥയായി ആകാംക്ഷാഭരിതമായ അനുഭൂതിയിലേക്ക് പടർന്നു കയറുന്നത്.

കൊറഗയും മംഗളയും ഇൻലന്റിൽ ശൂന്യമായ പേജുകളിൽ നിന്നും പ്രണയം വായിച്ചെടുക്കുന്ന രീതി, മൗനത്തിന്റെ അപാരസാധ്യത ലിപിയേയും ഭാഷയേയും അതിജീവിച്ചുകൊണ്ട് പോലും പ്രണയം പുതിയ ഭാവം പകരുന്നതും എഴുത്തിന്റെ നവീനതയെ അടയാളപ്പെടുത്തുന്നു. സേവ്യർ മാഷ് കൊറഗയോട് പറയുന്നത് വലിയൊരു ജീവിത തത്ത്വമാണ്.
“സാരമില്ല കൊറഗാ, ഭ്രാന്ത് അത്ര വലിയ മോശം അസുഖമൊന്നുമല്ല. അത് പിടിച്ചവർക്ക് അതൊട്ടും ദോഷം ചെയ്യുന്നില്ല. അയാൾക്ക് പിന്നെ ജീവിതമാകെ ലഹരിപിടിച്ചതു പോലെയാണ്’. ഭ്രാന്ത് എന്ന പ്രതിഭാസത്തിന് ഇത്രയും ഇണങ്ങിയ ഒരു നിർവചനം മുമ്പെവിടെയും രേഖപ്പെടുത്തിയതായി കണ്ടിട്ടില്ല.

“തിരുവെഴുത്തുകൾ’ പ്രണയത്തിന്റെ പുസ്തകമാകുന്നതോടൊപ്പം പാരിസ്ഥിതിക വിനാശത്തിന്റെ ജീവിക്കുന്ന ഇരകളായ കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തബാധിതരുടെ ദൈന്യതയിലേക്കു കൂടി വെളിച്ചം വീശുന്ന ഒന്നാണ്. ഒടുവിൽ അശോകൻ മാഷും സേവ്യറും എൻഡോസൾഫാൻ ദുരിതഭൂമിയിൽ വെച്ച് കുഞ്ഞുഫാത്തിമയെ കണ്ടുമുട്ടുമ്പോൾ അവളുടെ രണ്ട് പെൺമക്കളുടെ പേടിപ്പെടുത്തുന്ന വൈകൃതം നിറഞ്ഞ പേക്കോലങ്ങളെ അഭിമുഖീകരിക്കാനാകാതെ ഹൃദയവേദനയോടെ സ്തംഭിച്ചു നിൽക്കുന്നിടത്ത് മനസ്സാക്ഷിയെപ്പോലും മരവിപ്പിക്കുന്ന പാരിസ്ഥിതിക വിനാശത്തിന്റെ ക്രൂരത നിസ്സഹായരായ പാവം മനുഷ്യർക്കുമേൽ അശനിപാതംപോലെ വന്നുഭവിക്കുന്ന മാരകപ്രവൃത്തിയെ തുറന്നു കാണിക്കുന്നുമുണ്ട്. ആ അർഥത്തിൽ ഈ നോവൽ ഇക്കോ പൊളിറ്റിക്സ് നന്നായി ഉപയോഗപ്പെടുത്തിയ രാഷ്ട്രീയ നോവലായും ഉയർത്തിക്കാണിക്കാവുന്നതാണ്.

“ദൈവം ഒരിക്കലും തിരിഞ്ഞുനോക്കാതെപോയ കളിപ്പാട്ടങ്ങളായിരുന്നു ആ കുഞ്ഞുങ്ങൾ’ എന്ന പ്രയോഗമൊക്കെ അതിന്റെ ഭാഗം കൂടിയാണ്. പ്രണയത്തിന്റെ യഥാർഥ പ്രതിഫലനം കത്തെഴുത്തിലും ചിലപ്പോൾ ഭ്രാന്തിൽ പോലും പ്രതിഫലിക്കുന്ന അപ്രതീക്ഷിത പരിസമാപനങ്ങളിലേക്ക് എത്തിപ്പെടുന്ന ജീവിതാനുഭവങ്ങളെ സത്യസന്ധമായി ആവിഷ്കരിക്കുന്നു ഈ നോവൽ. പ്രണയം പ്രകടമായ ചേഷ്ടകളേക്കാൾ മൗനത്തോട് ഏറെ അടുത്തുനിൽക്കുന്ന വിശുദ്ധ വികാരമായി മാറുന്ന പ്രതീകങ്ങളാണ് ഒന്നും എഴുതാത്ത മംഗള അയക്കുന്ന വെള്ളപ്പേപ്പറിൽ നിന്നും കൊറഗക്ക് മാത്രം തിരിച്ചറിയാനാകുന്ന സ്നേഹത്തിന്റെ ഭാഷാപ്രയോഗങ്ങൾ.

മനസ്സിനെ അഗാധമായി സ്വാധീനിക്കാൻ കഴിയുന്ന മൗനത്തിന്റെ മാന്ത്രികത പ്രണയം എന്ന വികാരത്തിന്റെ നൈസർഗികമായ മൗലികതയെ മികച്ച വായനാനുഭൂതിയോടെ അടയാളപ്പെടുത്തുന്നു എന്നതു തന്നെയാണ് കെ ആർ വിശ്വനാഥന്റെ “തിരുവെഴുത്തുകൾ’ എന്ന നോവലിന്റെ പ്രസക്തി.

Latest