Kerala
കോഴിക്കോട്ട് ആഫ്രിക്കന്‍ പന്നിപ്പനി;കോടഞ്ചേരിയില്‍ പന്നിമാംസ വില്‍പ്പന നിരോധിച്ചു,വളര്‍ത്തു പന്നികളെ കൊന്നൊടുക്കുന്നു
ജില്ലയില്‍ ഇതാദ്യമായാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിക്കുന്നത്
കോഴിക്കോട് | കോടഞ്ചേരിയില്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ മേഖലയില്‍ പന്നി മാംസ വില്‍പ്പന നിരോധിച്ചു. ഈ പ്രദേശത്തെ പന്നികളെ കൊന്നൊടുക്കാനും തീരുമാനിച്ചു. കോഴിക്കോട് ജില്ലയില്‍ ഇതാദ്യമായാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിക്കുന്നത്. കേന്ദ്ര പ്രോട്ടോകോള്‍ അനുസരിച്ചാണ് നടപടി.
കോടഞ്ചേരിയില്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് ഏഴ് മുണ്ടൂരില്‍ ആണ് രോഗബാധ കണ്ടെത്തിയത്. ഭോപാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബില്‍ നടത്തിയ പന്നികളുടെ ആന്തരിക അവയവങ്ങളുടെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
സ്വകാര്യ പന്നി ഫാമില്‍ പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് കാരണം ആഫ്രിക്കന്‍ പന്നിപ്പനിയെന്ന് സ്ഥിരീകരിച്ചത്. രോഗ ബാധയുടെ പശ്ചാത്തത്തില്‍ കോടഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും മുന്‍കരുതല്‍ കര്‍ശനമാക്കി. രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് പന്നി മാംസം വില്‍പന നിരോധിച്ചത്. ഈ പ്രദേശത്തെ പന്നികളെ കൊന്നൊടുക്കാനുള്ള നടപടികള്‍ തുടങ്ങി. അസുഖം വന്ന പന്നി ഫാം അണുവിമുക്തമാക്കും.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയില്‍ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെ പങ്കെടുത്ത ചര്‍ച്ചയില്‍ ആണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. രോഗം സ്ഥിരീകരിച്ച ഫാമിന് ഒന്‍പതു കിലോമീറ്റര്‍ ചുറ്റളവ് വരുന്ന പ്രദേശത്തെ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
വളര്‍ത്തുപന്നികള്‍, കാട്ടുപന്നികള്‍ എന്നിവയില്‍ അതിവേഗം പടരുന്ന രോഗമാണെങ്കിലും ഇവ മനുഷ്യരിലേക്ക് പകരില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രോഗം ബാധിച്ചാല്‍ പന്നികളില്‍ നൂറു ശതമാനം വരെ മരണനിരക്കുളള രോഗമാണിത്. ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച മൃഗത്തിന്റെ രക്തം, മാംസം, അവശിഷ്ടങ്ങള്‍, നേരിട്ടുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് മറ്റു പന്നികളിലേക്ക് രോഗം വ്യാപിക്കുന്നത്.



