Connect with us

Siraj Article

സംഘ്പരിവാറിന്റെ കുടില ശ്രമം

അനുവദനീയമായ ഭക്ഷണത്തെ കുറിച്ചുള്ള ഇസ്്ലാമിന്റെ അനുശാസനങ്ങളെ തുപ്പൽ ഭക്ഷണമെന്നൊക്കെ ആക്ഷേപിച്ച് സാമൂഹിക മൈത്രിയിൽ വിള്ളലും സംസ്‌കാര സംഘർഷങ്ങളും പടർത്താനുള്ള സംഘ്പരിവാർ അജൻഡയെ തിരിച്ചറിയുകയും ഒറ്റപ്പെത്തുകയും ചെയ്യുക എന്നത് മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയത്തിനായി നിലകൊള്ളുന്ന എല്ലാവരുടെയും കടമയാണ്. അസഹിഷ്ണുതയും അപര മതവിദ്വേഷവും പടർത്തുന്ന ഫാസിസ്റ്റ് രാഷ്ട്രീയ അജൻഡക്കെതിരെ വിശാലമായ ജനാധിപത്യ മത നിരപേക്ഷ സാംസ്‌കാരിക മുന്നണികൾ വളർത്തിയെടുത്തു കൊണ്ടേ ഇത്തരം വർഗീയക്രിമിനൽ രാഷ്ടീയത്തെ പ്രതിരോധിക്കാനാവൂ

Published

|

Last Updated

ലാൽ നോൺഹലാൽ വിവാദമുയർത്തി കേരളത്തെ വർഗീയവത്കരിക്കാനുള്ള സംഘ്പരിവാർ കേന്ദ്രങ്ങളുടെ ആസൂത്രിതമായ നീക്കങ്ങൾ കേരളീയ സമൂഹത്തെ വർഗീയവത്കരിക്കാനും തങ്ങളുടെ ഹിന്ദു രാഷ്ട്ര നിർമിതിക്കാവശ്യമായ പ്രത്യയശാസ്ത്ര പരിസരം ഒരുക്കിയെടുക്കലുമാണ്. വർഗീയ വിദ്വേഷത്തിന്റെ വിഷവിത്തുകൾ മുളപ്പിച്ച് മലയാളിയുടെ സാമൂഹിക മനസ്സിന്റെ അകത്തളങ്ങളിൽ വർഗീയ വിഭജനം സൃഷ്ടിക്കാനുള്ള സംഘ്പരിവാറിന്റെ കുടില ശ്രമമാണ് ഹലാൽ വിവാദത്തിന് പിറകിലെന്ന് ജനാധിപത്യ ശക്തികൾ തിരിച്ചറിയണം. വർഗീയ ധ്രൂവീകരണവും മുസ്്ലിം വിരുദ്ധതയും പടർത്താനുള്ള സംഘികളുടെ ഒടുവിലത്തെ അടവാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഹലാൽ വിവാദമെന്നതിന് കൂടുതൽ വിശദീകരണമൊന്നുമാവശ്യമില്ല. അത് സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ശശികല ടീച്ചർ തൊട്ടുള്ള സംഘ്പരിവാറിന്റെ വിദ്വേഷപ്രചാരകർ കഴിഞ്ഞ കുറെക്കാലമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങളിൽ പ്രധാനമായിരുന്നു ഹലാൽ ഹോട്ടലുകൾക്കും ഹലാൽ ഭക്ഷണത്തിനുമെതിരായ നുണകൾ.
ഇപ്പോഴത് ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷൻ തന്നെ ഏറ്റെടുക്കുകയും ഹലാൽ എന്നത് തുപ്പൽ ഭക്ഷണമെന്നാണെന്നൊക്കെയുള്ള നെറികെട്ട പ്രചാരണമഴിച്ചുവിടുകയാണ്. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കേരളത്തിൽ പിടിച്ചു നിൽക്കാനാകാത്ത ബി ജെ പിക്കാർ നികൃഷ്ടമായ നുണപ്രചാരണങ്ങളിലൂടെ സാമുദായിക ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമത്തിലാണെന്ന് വേണം കരുതാൻ. സമൂഹ്യ മാധ്യമങ്ങളെ ഉപയോഗിച്ച് വസ്തുതാ ബന്ധമില്ലാത്ത ആരോപണങ്ങളും നുണകളും പ്രചരിപ്പിച്ച് മനുഷ്യ മനസ്സുകളിൽ വിദ്വേഷവും വിഭജനവും സൃഷ്ടിക്കുക എന്നതാണല്ലോ ഫാസിസ്റ്റുകളുടെ എക്കാലത്തെയും തന്ത്രം.

ഇപ്പോൾ, ഹലാൽ വിവാദം സൃഷ്ടിക്കുന്നവരുടെ അജൻഡ കേരളം പോലൊരു സമൂഹത്തിൽ നിലനിൽക്കുന്ന ബഹുസ്വര സംസ്‌കാരത്തെയും മതനിരപേക്ഷ ജനാധിപത്യ ജീവിതത്തെയും തകർക്കുക എന്നതാണ്. ഇത്തരം സംഘി അജൻഡകൾക്ക് എരിവും പുളിയും പകർന്നു നൽകുന്ന ചില ക്രിസംഘി ഗ്രൂപ്പുകളും സാമൂഹ്യ മാധ്യമങ്ങളിൽ വിഷം ചീറ്റി വിഭജനമുണ്ടാക്കാൻ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. അവരാണ് ഹലാൽ നോൺ ഹോട്ടലുകളുടെ പട്ടിക സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്.

വിദ്വേഷത്തെയും അപരമത വിരോധത്തെയും ജീവിതമൂല്യമാക്കിയ വർഗീയ വിഭജനവാദികൾ മനുഷ്യരാശിയുടെ വളർച്ചയുടെയും വികാസത്തിന്റെയും ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച് അജ്ഞരായ പ്രാചീന ഗോത്രബോധത്തിൽ അഭിരമിക്കുന്നവരാണ്. രാഷ്ട്രീയമായി അവർ ഇപ്പോൾ മാംസവ്യാപാരത്തെ ഹൈന്ദവവത്കരിക്കുന്ന ഹിന്ദു ഇക്കോണമിക് ഫോറത്തിന്റെ പിറകിലുള്ള മീറ്റ്‌ കോർപറേറ്റുകളുടെ വിപണി താത്പര്യങ്ങൾക്ക് സാമൂഹ്യ പരിസരമൊരുക്കുകയാകാം.

വ്യത്യസ്ത മതവിശ്വാസികൾക്കിടയിൽ നിലനിൽക്കുന്ന വിശ്വാസപരമായ പ്രശ്‌നങ്ങളെ ഉപയോഗിച്ച് വിപണി പിടിക്കാനാണ് ഇറച്ചി വ്യവസായ രംഗത്തെ വൻകിട കമ്പനികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുസ്്ലിം വിശ്വാസികൾ അനുവദനീയമായി കരുതുന്ന ഭക്ഷണം ചിലപ്പോൾ സിഖ് വിശ്വാസികൾക്കോ, ഹിന്ദു മത വിശ്വാസികൾക്കോ അനുവദനീയമായെന്ന് വരില്ല. ഓരോരുത്തർക്കും അവരുടെ വിശ്വാസവും ആരോഗ്യ സംരക്ഷണവും മുൻനിർത്തി ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന കാര്യമാണ് ആർ എസ് എസ്, ബി ജെ പി നേതാക്കൾ ഓർക്കാത്തത്.

മനുഷ്യ ജീവന്റെ അടിസ്ഥാനമായ ഭക്ഷണ കാര്യത്തിൽ കേന്ദ്ര സർക്കാറിനോ ഏതെങ്കിലും സംഘടനകൾക്കോ ഇടപെടാനോ പ്രത്യേക കൽപ്പനകൾ പുറപ്പെടുവിക്കാനോ ഒരു അവകാശവുമില്ലെന്നാണ് കന്നുകാലികളെ ഇറച്ചിക്കായി വിൽക്കുന്നത് തടഞ്ഞു കൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി സ്വീകരിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി പറഞ്ഞത്.

ഹിന്ദു രാഷ്ട്ര നിർമിതിക്കായി ഗോവധ നിരോധനത്തെ രാഷ്ട്രീയ അജൻഡയായി സ്വീകരിച്ച സംഘ്പരിവാർ തുടർച്ചയായി ഇന്ത്യയിൽ ഭക്ഷണത്തിന്റെ പേരിൽ നരഹത്യകൾ നടത്തുന്നതാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖ് തൊട്ട് എത്ര നിരപരാധികളെയാണവർ തല്ലി കൊന്നിട്ടുള്ളത്.

മനുഷ്യരാശിയുടെ ഇന്നത്തെ രീതിയിലുള്ള വളർച്ചയിലും വികാസത്തിലും മാംസഭക്ഷണത്തിന് വളരെ പ്രധാനമായൊരു പങ്കുണ്ട്. തീയുടെ കണ്ടുപിടിത്തവും വേവിച്ച മാംസഭക്ഷണവുമെല്ലാം ചേർന്നാണ് മനുഷ്യ മസ്തിഷ്‌കത്തെ വികസിപ്പിച്ചത്. വേട്ടയാടി പിടിച്ചതായാലും മെരുക്കി വളർത്തിയതാലും നല്ല മാംസമായിരിക്കണം ആഹാരമായിരിക്കേണ്ടതെന്നും അത് വേവിച്ചു കഴിക്കണമെന്നും ശീലിച്ച മനുഷ്യരാണ് മൃഗപരിപാലനത്തോടൊപ്പം കൃഷിയും വികസിപ്പിച്ചത്.

കൃഷി ആരംഭിച്ചതോടെ പഴയ “പെറുക്കിതീനി ‘കളുടെ അവസ്ഥയിൽ നിന്നും മാറി, മനുഷ്യർ സാമൂഹിക ഉത്പാദന ബന്ധങ്ങളിലും അതിനാവശ്യമായ രീതികളും പെരുമാറ്റ ചട്ടങ്ങളുമെല്ലാം രൂപപ്പെടുത്തിയിട്ടുണ്ടാകാം. കൃഷിക്കാവശ്യമായ ഭൂസംസ്കരണത്തോടൊപ്പം മനുഷ്യർ സംസ്‌കാരത്തെ സൃഷ്ടിക്കുകയും വികസിപ്പിക്കുകയും ചെയ്തു. ചരിത്രത്തിന്റെ സവിശേഷ ഘട്ടങ്ങളിൽ ഉദയം ചെയ്ത മതങ്ങളും അതിന്റെ സ്ഥാപകരുമെല്ലാം സ്വർഗത്തെ കുറിച്ചും സ്വർഗപ്രാപ്തിക്കായി അനുഷ്ഠിക്കേണ്ട ധർമങ്ങളെ കുറിച്ചും മാത്രമല്ല ഉത്ബോധിപ്പിച്ചത്. ഇഹലോകത്തിലെ ജീവിതം ദുഃഖകരവും അസഹനീയവുമാക്കുന്ന എല്ലാറ്റിനെയും ഉപേക്ഷിക്കാനും അനുവദനീയമായ വഴികളിലൂടെ മാത്രം ജീവിക്കാനുമാണ് പഠിപ്പിച്ചത്.

അനുവദനീയമായ ഭക്ഷണത്തെ കുറിച്ചുള്ള ഇസ്്ലാമിന്റെ അനുശാസനങ്ങളെ തുപ്പൽ ഭക്ഷണമെന്നൊക്കെ ആക്ഷേപിച്ച് സാമൂഹിക മൈത്രിയിൽ വിള്ളലും സംസ്‌കാര സംഘർഷങ്ങളും പടർത്താനുള്ള സംഘ്പരിവാർ അജൻഡയെ തിരിച്ചറിയുകയും ഒറ്റപ്പെത്തുകയും ചെയ്യുക എന്നത് മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയത്തിനായി നിലകൊള്ളുന്ന എല്ലാവരുടെയും കടമയാണ്. അസഹിഷ്ണുതയും അപര മതവിദ്വേഷവും പടർത്തുന്ന ഫാസിസ്റ്റ് രാഷ്ട്രീയ അജൻഡക്കെതിരെ വിശാലമായ ജനാധിപത്യ മത നിരപേക്ഷ സാംസ്‌കാരിക മുന്നണികൾ വളർത്തിയെടുത്തു കൊണ്ടേ ഇത്തരം വർഗീയക്രിമിനൽ രാഷ്ടീയത്തെ പ്രതിരോധിക്കാനാവൂ.

കേരളമിന്ന് ഇന്ത്യക്കാകെ മാതൃകയാണ്. നിതി ആയോഗിന്റെ ദാരിദ്ര്യ സൂചിക അനുസരിച്ച് ഇന്ത്യയിൽ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ് നമ്മുടെ കേരളം. നവോത്ഥാനവും ജനാധിപത്യ സമരങ്ങളും സൃഷ്ടിച്ച മതനിരപേക്ഷ സംസ്‌കാരവും മത രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ പ്രവർത്തനഫലവുമാണ് ഈ അഭിമാനകരമായ നേട്ടത്തിന് കാരണം. കേരളത്തിന്റെ മത സൗഹാർദത്തെയും സമൂഹ മൈത്രിയെയും സംരക്ഷിച്ചു കൊണ്ടേ വികസന രംഗത്ത് നമുക്ക് മുന്നേറാനാവൂ. വർഗീയ വാദികൾ ഉയർത്തുന്ന നാനാവിധമായ വിഭജന ചിന്തകളെ എല്ലാ തലങ്ങളിലും തിരിച്ചറിയാനും ഒറ്റപ്പെടുത്താനും നാം ജാഗ്രത്തായിരിക്കണമെന്നാണ് ഇപ്പോഴത്തെ ഹലാൽ വിവാദവും ഓർമിപ്പിക്കുന്നത്.

അതോടൊപ്പം ദക്ഷിണേന്ത്യയിലെ മാംസ വിപണിയെ ലക്ഷ്യം വെക്കുന്ന ചില മീറ്റ് കമ്പനികളുടെ നീക്കങ്ങളും ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾക്ക് പിറകിലുണ്ടാവാം. ജഡ്കാ രീതിയിൽ മാംസം സംസ്‌കരിക്കുന്ന സിഖ് രീതിയാണ് ഹിന്ദുക്കൾക്കും അഭികാമ്യവും സ്വീകാര്യവുമായ രീതിയെന്ന പ്രചാരണം മീമോ മീറ്റ് പോലുള്ള ഇറച്ചി കുത്തകകൾ നടത്തി ക്കൊണ്ടിരിക്കുന്നതായി ചില നിരീക്ഷണങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അവർ ദക്ഷിണേന്ത്യയിലെ, (കർണാടക, തമിഴ്‌നാട്, കേരളം) വിപണി ലക്ഷ്യമിട്ട് നീങ്ങുന്നുണ്ട്. മീമോ മീറ്റ് ചില കമ്പനികളെ ഏറ്റെടുക്കുകയും ലയിക്കുകയും ചെയ്തതോടെ ബെംഗളൂരുവിൽ അവർക്ക് വിപണി തുറക്കാൻ കഴിഞ്ഞിട്ടുണ്ട്. ഡെലിവറി രംഗത്തെ ഒരു ന്യൂജെൻ കമ്പനിയായ ചോപ് സെർവ് ഏറ്റെടുത്തതോടെ ബെംഗളൂരുവിൽ 90,000 റെഗുലർ കസ്റ്റമേഴ്‌സിനെ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട് പോലും. ഇറച്ചി വ്യവസായ രംഗത്തെ കോർപറേറ്റ്‌വത്കരണവും ഈ മേഖലയിൽ തൊഴിൽ ചെയ്യുന്ന മുസ്്ലിം ദളിത് വിഭാഗങ്ങളുടെ പുറന്തള്ളലും ഹിന്ദു ഇക്കോണമിക് ഫോറത്തിന്റെ ലക്ഷ്യമാണ്. ഈയൊരു പശ്ചാത്തലത്തിൽ കൂടി ഹലാൽ വിവാദത്തെ കാണുകയും ഭക്ഷണത്തെയും വ്യവസായത്തെയും തൊഴിലിനെയും മതവത്കരിക്കുന്ന രാഷ്ട്രീയത്തെ തിരിച്ചറിയുകയും വേണം.

Latest