Connect with us

Prathivaram

ആണിവേരിന്റെ ആഴമളക്കാനാകാത്ത ആൽമരങ്ങളാകുന്ന വിത്തുകൾ

കടലിന്റെ ദാഹം - പി കെ പാറക്കടവ്

Published

|

Last Updated

ആഴമേറിയ മൗനങ്ങൾ പേറുന്ന വാക്കുകളുടെ അഗാധതലങ്ങളിൽ ചെന്നൊന്ന് തൊടാനും പൊരുളറിയും നാൾ വരെ അലഞ്ഞു തീരാനും വായനക്കാരനെ വല്ലാതെ പ്രേരിപ്പിക്കുന്ന, ഒരുവേള മനസ്സ് കൊണ്ട് പിന്തിരിയാൻ ഒരുങ്ങുമ്പോൾ പൂർവാധികം ശക്തിയോടെ മുന്നോട്ട് കൈപിടിച്ചാനയിക്കാനും സാധ്യമാകുന്ന രചനാതന്ത്രങ്ങൾ വരസിദ്ധിയായി സ്വായത്തമാക്കിയിട്ടുള്ള പി കെ പാറക്കടവ് തന്റെയാ കേളീ വിസ്മയം ‘കടലിന്റെ ദാഹം’ എന്ന പുതിയ സമാഹാരത്തിലും അനുസ്യൂതം തുടരുകയാണ്.

ആണിവേരിന്റെ ആഴമളക്കാനാകാത്ത ആൽമരങ്ങളായേക്കാവുന്ന വിത്തുകൾ വായനക്കാരന് മുന്നിൽ യഥേഷ്ടം വിതറിയ എൺപത്തിയേഴ് പേജുകളിലായി എൺപത്തിമൂന്ന് കഥകളടങ്ങിയ സമാഹാരം കണ്ണ് തുറന്നൊന്ന് വായിച്ചു തീർക്കാൻ എത്രമാത്രം സമയമാണ് ആവശ്യമായി വരിക എന്നത് വായനക്കാരന്റെ ജീവൽദർശനങ്ങളെയും കാഴ്ചപ്പാടുകളെയും ആശ്രയിച്ചാണിരിക്കുന്നത്.
ആറ്റിക്കുറുക്കിയ വരികളാൽ അവതരിക്കപ്പെട്ടിട്ടുള്ള സമാഹാരത്തിലെ ഓരോ കഥയും വായനക്കാരന്റെ ബോധമണ്ഡലങ്ങളിൽ പുത്തൻ ചിന്താധാരകളെ തൊട്ടുണർത്താൻ പ്രാപ്തമാണ്. സത്യം, മൗനം, നീണ്ട കരച്ചിൽ എന്ന കഥകളെല്ലാം തന്നെയും യഥാക്രമം സത്യത്തെയും മൗനത്തെയും ജീവിതത്തെയുമെല്ലാം കേവലം ഒന്നോ രണ്ടോ വരികൾ കൊണ്ട് കഥയുടെ കാൽപ്പനിക ഭാവങ്ങൾ ഒട്ടും ചോർന്നു പോകാതെ പാറക്കടവ് നിർവചിക്കുന്നത് വായിക്കുമ്പോൾ മനുഷ്യന്റെ ജീവിതാവസ്ഥകളെ സ്ഥൂലവും സൂക്ഷ്മവുമായ ഒരർഥത്തിൽ വ്യാഖ്യാനിക്കാൻ ഖണ്ഡകാവ്യങ്ങൾ വേണമെന്നില്ല എന്ന് നമ്മൾ അതിശയിക്കുന്നു. “ലോകം പൂട്ടിയ താക്കോലുമായി ഒരു രോഗാണു നടന്നു പോകുന്നു’എന്ന് കാഴ്ചയിൽ വായിക്കുമ്പോൾ മഹാമാരിയുടെ വിപത്തിനെ വിശദീകരിക്കാൻ എഴുത്തുക്കാരന് ഒരൊറ്റ വരി ധാരാളമാണെന്ന ചിന്ത നമ്മെയും രസിപ്പിക്കുന്നുണ്ട്.

‘കൊവിഡ് കാലത്തിനും മുമ്പ്’ എന്ന കഥയിൽ പിലാത്തോസിന് ഹിറ്റ്്ലർ നൽകിയ മറുപടി, ലോകമാകെയും ഭാരതം പ്രത്യേകമായും പരാമർശവിധേയമാക്കി ചേർത്ത് വെച്ച് വായിക്കാൻ ശ്രമിച്ചാൽ അഭിശപ്തമായ ഒരു വർത്തമാനകാലത്തിൽ അധികാര ത്വര മൂത്തവരാൽ നിർദാക്ഷിണ്യം നിഷ്കാസനം ചെയ്യപ്പെട്ട ജനാധിപത്യ വ്യവസ്ഥിതിയെ കുറിച്ചുള്ള ആകുലതയായും മനസ്സിലാക്കപ്പെടേണ്ടതാണ്. “തിരഞ്ഞെടുപ്പിന്റെ, ജനാധിപത്യത്തിന്റെ ഒരു മാസ്ക് ഞാനും അണിഞ്ഞിരുന്നു.’ എന്ന പ്രസ്താവന സമകാലീന രാഷ്ട്രീയാവസ്ഥയിൽ എളുപ്പം വായിച്ചെടുക്കാവുന്നതാണ്.

പൂക്കൾ പറയുന്നു എന്ന കഥയിൽ നിന്ന് കണ്ടെടുക്കാവുന്നത് ഏതു ലോകത്തെയും മനുഷ്യമനസ്സുകളുടെ സങ്കോചമായ അവസ്ഥാവിശേഷമാണ്. തന്റെ സഹജീവിക്ക് നേരെ സ്നേഹത്തിന്റെ, പ്രണയത്തിന്റെ, സാഹോദര്യത്തിന്റെ ഒരു പൂ വെച്ചു നീട്ടാൻ നേരവും മനസ്സുമില്ലാത്ത മനുഷ്യർ തന്നെയാണ് മരണപ്പെട്ടു എന്നറിയുമ്പോൾ ഒരായിരം പൂക്കൾ വരിഞ്ഞു കെട്ടിയ റീത്തുമായി ഊഴം കാത്തു നിൽക്കുന്നത് എന്നത് എക്കാലത്തെയും മികച്ച ആക്ഷേപവാക്യവുമാണത്.

നവമാധ്യമങ്ങളുടെ ‘വിപ്ലവാത്മകമായ’ മുന്നേറ്റം സുസാധ്യമാക്കിയ ഇന്റർനെറ്റ് യുഗത്തിൽ ഒരു സർഗസൃഷ്ടിക്ക് മാർക്കിടാൻ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളും മാറി വരുന്നുണ്ടെന്ന സത്യസന്ധമായ സങ്കുചിതാവസ്ഥയെ അവതരിപ്പിച്ച ” മൂല്യം’ എന്ന കഥ വരുംകാലങ്ങളിൽ കൂടുതൽ പ്രസക്തിയാർജിച്ചേക്കാം. ലൈക്കും കമന്റും ഷെയറുമെണ്ണി ഒരു കലാസൃഷ്‌ടിയുടെ മൂല്യം നിർണയിക്കുന്ന കാലത്തെ കുറിച്ച് അയത്നലളിതമായി ഒരു കഥയിൽ ആവിഷ്കരിച്ചിരിക്കുന്നത് കേവലം ആക്ഷേപഹാസ്യമായി വായിച്ചു അവസാനിപ്പിക്കേണ്ട വിഷയമല്ല. നവമാധ്യമങ്ങളിൽ ആത്മസായൂജ്യമടയുന്ന ഒരു തലമുറയുടെ ഭാവിയെ കുറിച്ചുള്ള പ്രവചനാത്മകമായ ആശങ്ക കൂടിയാണത്.

‘ആദ്യം സ്വയം ഉള്ളിലേക്കൊന്നടിച്ചു നോക്കൂ’ എന്ന ഞെക്കുവിളക്കിന്റെ ആവശ്യം അത്രമാത്രം വിദ്വേഷാണുക്കൾ ഉള്ളിൽ പേറുന്ന കുടിലമനസ്സുകൾ,പിന്നെയും അപരന്റെ ഇരുണ്ടവശങ്ങളിലേക്ക് വെളിച്ചം തെളിച്ചു ചൂഴ്ന്നു നോക്കുന്ന വൃത്തികെട്ട ചെയ്തിയോടുള്ള അസഹിഷ്ണുതയിൽ നിന്ന് ഉണ്ടായതാകണം.
ദൈവത്തെയും പഞ്ചഭൂതഗണങ്ങളെയും തന്റെ മികവാർന്ന ആഖ്വാനശൈലി കൊണ്ട് വിവിധ വീക്ഷണകോണുകളിലൂടെ വായനക്കാരന്റെ ഹൃദയം കവർന്നെടുക്കും വിധം ഗഹനമാർന്നതെങ്കിലും ലളിതമായി അവതരിപ്പിക്കുന്ന ഒട്ടേറെ കഥകൾ കടലിന്റെ ദാഹം എന്ന ഈ സമാഹാരത്തിലുണ്ട്.

സമാഹാരത്തിന്റെ അവസാനഭാഗങ്ങളിൽ ചേർത്ത, മൂന്നോ നാലോ പേജുകളിലായി മാത്രം നിറഞ്ഞു നിൽക്കുന്ന ‘പൂമ്പാറ്റകൾ നൃത്തം ചെയ്യുമ്പോൾ’, ‘ഓർമകളുടെ മുറി’എന്നീ കഥകളാണ് ഏറ്റവും ദൈർഘ്യമേറിയ കഥകൾ. ബാക്കി കഥകളിൽ ഏറിയ പങ്കും ഒന്നോ രണ്ടോ വരികളിൽ എഴുതപ്പെട്ടിട്ടുള്ളതാണ്. അവയോരോന്നും ഓരോ മിന്നൽ പിണറുകളായി നമുക്ക് മുന്നിൽ തെളിഞ്ഞു വരുമെന്ന് തീർച്ചയാണ്. പുസ്തകത്തിന്റെ പുറംചട്ടയിൽ കടലിന്റെ ദാഹം എന്ന ശീർഷകത്തിന് കീഴെ എഴുതിച്ചേർത്ത ‘പ്രപഞ്ചത്തെ വെട്ടി പിളർക്കുന്ന മിന്നൽ കഥകൾ’എന്ന ഒറ്റവരി വാചകം കേവലം വാചകമായി മാത്രം കാണേണ്ടതല്ല എന്ന് വായനക്കൊടുവിൽ നമുക്കും ബോധ്യമാകും. ഡി സി ബുക്സാണ് പ്രസാധകർ. വില 99 രൂപ.

മുജീബ് ആർ അഹ്‌മദ്
mujeebrahman444@gmail.com

Latest