National
ഓപ്പറേഷന്‍ കിയ’: കശ്മീരിൽ രണ്ട് ജെയ്‌ഷെ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന
ഓപ്പറേഷനിടെ ഭീകരര്‍ ഒളിച്ചിരുന്ന താവളവും സുരക്ഷാസേന തകര്‍ത്തു.
ശ്രീനഗര്‍ | ജമ്മു കശ്മീരിലെ ഉധംപുരില്‍ രണ്ട് ജെയ്‌ഷെ ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരില്‍ ജെയ്ഷെയുടെ മുതിര്‍ന്ന കമാന്‍ഡറായ മാവിയും ഉള്‍പ്പെടുന്നു.
ഉധംപുര്‍ ജില്ലയിലെ ബസന്ത്ഘട്ട് മേഖലയിലാണ് ചൊവ്വാഴ്ച ഏറ്റുമുട്ടല്‍ നടന്നത്. ‘ഓപ്പറേഷന്‍ കിയ (KIYA)’ എന്ന പേരിലാണ് സുരക്ഷാസേന സൈനിക നീക്കം നടത്തിയത്. ഓപ്പറേഷനിടെ ഭീകരര്‍ ഒളിച്ചിരുന്ന താവളവും സുരക്ഷാസേന തകര്‍ത്തു.
മേഖലയില്‍ ജെയ്ഷെ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ജമ്മു കശ്മീര്‍ പോലീസില്‍ നിന്ന് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ജമ്മു കശ്മീര്‍ പോലീസ്, സിഐഎഫ് ഡെല്‍റ്റ ഫോഴ്‌സ്, സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍പ്സ്, സിആര്‍പിഎഫ് എന്നിവ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.
ഭീകരരുടെ സാന്നിധ്യം കണ്ടെത്തുന്നതിനായി ക്യാമറ ഘടിപ്പിച്ച സ്നിഫര്‍ നായകളെയും സുരക്ഷാസേന ഉപയോഗിച്ചു. ഭീകരര്‍ ഒളിത്താവളമാക്കിയ ഗുഹ കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് രാത്രിമുഴുവന്‍ ശക്തമായ വെടിവെപ്പുണ്ടായി. ഗുഹ ലക്ഷ്യമാക്കി സൈന്യം ഗ്രനേഡുകളും പ്രയോഗിച്ചു.
തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു. ഭീകരരുടെ ഒളിത്താവളത്തില്‍ നിന്ന് എം4 റൈഫിളുകള്‍, എകെ-47 തോക്കുകള്‍, വന്‍തോതിലുള്ള സ്ഫോടക വസ്തുക്കള്‍ എന്നിവയും സുരക്ഷാസേന കണ്ടെടുത്തു.
പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായും കൂടുതല്‍ പരിശോധനകള്‍ തുടരുന്നതായും അധികൃതര്‍ അറിയിച്ചു.





