Kerala
സര്‍ക്കാറിന് താല്‍ക്കാലിക ആശ്വാസം; ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസ് ഫുള്‍ ബെഞ്ചിന് വിട്ടു
ലോകായുക്തയിൽ വ്യത്യസ്ത അഭിപ്രായം ഉടലെടുത്തതിനെ തുടർന്നാണ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത്

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസ് ലോകായുക്ത മൂന്നംഗ ബെഞ്ചിന് വിട്ടു. ലോകായുക്തയും രണ്ട് ഉപ ലോകായുക്തയുമാണ് കേസ് വീണ്ടും വിശദമായി പരിഗണിക്കുക.ഭിന്നാഭിപ്രായം ഉണ്ടായ സാഹചര്യത്തിലാണ് ഈ നടപടി.ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും, ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.ഇവര്‍ക്ക് പുറമെ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് കൂടി ഉള്‍പ്പെട്ട ബെഞ്ചാണ് ഇനി കേസ് പരിഗണിക്കുക.
ഹരജി ലോകായുക്തയുടെ അന്വേഷണ പരിധിയില്‍ വരുമോ എന്നത് സംബന്ധിച്ച് ലോകായുക്തയ്ക്കും ഉപ ലോകായുക്തയ്ക്കും ഇടയില്‍ അഭിപ്രായവ്യത്യാസമുണ്ടായി. ഹരജിയിലെ ആരോപണങ്ങളുടെ നിജസ്ഥിതിയെക്കുറിച്ചും അഭിപ്രായഭിന്നതകള്‍ വന്നു. ഈ സാഹചര്യത്തിലാണ് ഹരജി ഫുള്‍ബെഞ്ചിന് വിട്ടത്.
മുഖ്യമന്ത്രി പിണറായി വിജയനു പുറമെ 18 മന്ത്രിമാരും കേസില്‍ പ്രതികളാണ്. കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷത്തിന് ശേഷമാണു വിധി പ്രസ്താവിക്കൊനൊരുങ്ങുന്നത്. . വിധി വൈകുന്നതിനെതിരെ ഹരജിക്കാരന്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹരജി ഏപ്രില്‍ മൂന്നിന് ഹൈക്കോടതി വീണ്ടം പരിഗണിക്കാനിരിക്കെയാണ് ലോകായുക്ത നടപടി
അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എം എല്‍ എ . കെ കെ രാമചന്ദ്രന്റെയും അന്തരിച്ച എന്‍ സി പി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബത്തിനും പണം നല്‍കിയതിന് എതിരെ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗംആര്‍ എസ് ശശികുമാറാണ് പരാതി നല്‍കിയിത്.കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ ഭാര്യക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റു ആനുകൂല്യങ്ങള്‍ക്കുംപുറമേ 20 ലക്ഷം രൂപ അനുവദിച്ചതും ഹരജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.
ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്ത സാഹചര്യത്തില്‍ തുക മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്നു തിരികെ പിടിക്കണമെന്നും അവരെ അയോഗ്യരായി പ്രഖ്യാപിക്കണം എന്നുമാണു ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിന്റെ വാദം നടക്കുന്നതിനിടെ ലോകായുക്തനിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത് വിവാദമായിരുന്നു. മുഖ്യമന്ത്രിക്കെതിരെയുള്ള വിധി മുന്നില്‍ കണ്ടാണ് ഭേദഗതി എന്നായിരുന്നു ആരോപണം
ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച ബില്ലില്‍ ഗവര്‍ണര്‍ ഒപ്പു വയ്ക്കാത്ത സാഹചര്യത്തില്‍ വിധി വന്നാല്‍ അത് നിശ്ചിത കാലാവധിക്കകം നടപ്പാക്കേണ്ടി വന്നേനെ